BONA FALLS; വേനല്‍ക്കുളിരിന്റെ ജലസ്തംഭം
വനഗന്ധമുള്ള ഓണക്കാല യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ് ബോണഫാള്‍സ്. ബോണക്കാട് തേയിലത്തോട്ടങ്ങള്‍ താണ്ടി, കാനന പാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ നീരരുവിയിലെത്താം. പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണ് ഇവിടം. കരമനയാറ്റില്‍ള്ള ഈ വെള്ളച്ചാട്ടം ഹൃദ്യമായ അനുഭവമാണ്.
തിരുവനന്തപുരം-പൊന്മുടി റോഡില്‍ വിതുര കഴിഞ്ഞ് ബോണക്കാട്ടേക്കുള്ള പാത തിരിയുന്നു.
തിരുവനന്തപുരത്തു നിന്ന്53 . കിലോ മീറ്റര്‍ അകലെയാണ് ബോണക്കാട് എസ്റ്റേ
ബോണക്കാട്ടേക്കുള്ള വഴിയില്‍ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റുണ്ട്. ഇവിടെ നിന്ന് യാത്രാപാസ്സ് എടുത്ത ശേഷമാണ് ബോണാഫാള്‍സിലേക്കു പോകേണ്ടത്.
വാഹനം ഹെയര്‍പിന്‍ വളവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ദൂരെ താഴത്തായി ഒരു സ്ഫടികത്തിളക്കം കാണാം. പേപ്പാറ അണക്കെട്ടാണ്. കരമനയാറ്റില്‍ രണ്ട് അണക്കെട്ടുകളുണ്ട്. പേപ്പാറയും അരുവിക്കരയും. തലസ്ഥാനനഗരിയുടെ ദാഹം തീര്‍ക്കുന്നത് കരമനയാറ്റിലെ ജലമാണ്.
കണ്ണിനിമ്പം നല്‍കുന്ന തേയിലത്തോട്ടങ്ങളും മലമടക്കുകളും. ഇളം നീരരുവികള്‍. ഉച്ചവെയിലിലും നേര്‍ത്ത, കുളിര്‍മയുള്ള വായു. അകലെ അഗസ്ത്യമലനിരകള്‍. കൂട്ടംതെറ്റിയലയുന്ന മേഘങ്ങള്‍. സില്‍വര്‍ പൈന്‍ മരങ്ങളെ തലോടിവരുന്ന കാറ്റ്, മൊസാര്‍ട്ടിന്റെ പിയാനോ കണ്‍സര്‍ട്ടിനെ ഓര്‍മിപ്പിക്കും. അകലെ കുന്നിന്‍മുകളില്‍ നില്‍ക്കുന്ന കോണിഫറസ് മരം
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട തേയിലത്തോട്ടങ്ങളിലൊന്നായിരുന്നു മഹാവീര്‍ പ്ലാന്റേഷന്‍സ്. ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ഈ തേയില ഫാക്ടറി അടഞ്ഞുകിടക്കുകയാണിപ്പോള്‍. മുമ്പ് നമ്മുടെ മാധ്യമങ്ങള്‍ 'പട്ടിണിമരണം' ആഘോഷിച്ച പ്രദേശമാണിവിടം...പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിടയില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ നാം ഓര്‍ക്കുക തന്നെ വേണം
സഞ്ചാരിമഴയെക്കുറിച്ച് ഒരു കേട്ടറിവുണ്ട്. വേനല്‍ക്കാലങ്ങളിലെ അത്യപൂര്‍വമായ ഒരു കാഴ്ചാനുഭവമാണത്രേ, അത്. ശുഭ്രമായ ആകാശത്തിനു കീഴില്‍ വെയിലില്‍ വെട്ടിത്തിളങ്ങി പെയ്തുകൊണ്ടോടുന്ന മേഘം. മലകള്‍ക്കപ്പുറം തമിഴ്‌നാട്ടില്‍ പെയ്യേണ്ട മേഘങ്ങളാണവ. സഞ്ചരിക്കുന്ന മേഘത്തില്‍ നിന്നു ചുരന്നു വീഴുന്ന ഈ അപൂര്‍വ മഴയെ ബോണക്കാട്ടുകാര്‍ 'പാണ്ടിത്തൂള്‍' എന്നാണത്രേ വിളിക്കാറ്.
വേനല്‍ക്കാലത്താണ് വരുന്നതെങ്കില്‍ ഫാക്ടറിക്കടുത്തും ജംഗ്ഷനിലും വേനലിന്റെ കൊടിപ്പടം പോലെ, സ്വാഗതവാക്യവുമായി നില്‍ക്കുന്ന മലവാകകള്‍ കാണാം. അഗസ്ത്യകൂട തീര്‍ഥാടനത്തിനു ശേഷമുള്ള ആലസ്യത്തിലായിരിക്കും അവിടം. ഫാക്ടറി കടന്ന് പത്തു മിനിട്ട് നടക്കുമ്പോള്‍ വനം വകുപ്പിന്റെ ഒരു കാവല്‍മാടമുണ്ട്. അതു കഴിഞ്ഞാല്‍ വനപാതയിലൂടെയാണ് യാത്ര. നല്ലൊരു ട്രെക്കിംഗിന്റെ സുഖം. ഔഷധഗന്ധിയായ കാറ്റ്. ജൈവവൈവിധ്യക്കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള യാത്ര. ട്രോപ്പിക്കല്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്റെ ഗവേഷണ സ്ഥാപനം (TBGRI) ഈ ഭാഗങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
ബോണാഫാള്‍സിലേക്കുള്ള യാത്ര, ഇറങ്ങിപ്പോകേണ്ടതാണ്. മടക്കത്തിലോ, ഒന്നാന്തരം കയറ്റവും! ധാരാളം പൂമ്പാറ്റകളെയും ചിലയിനം പക്ഷികളെയും നടത്തയ്ക്കിടയില്‍ കാണാം. വേനല്‍ക്കാല കനികള്‍ ലഭിക്കുന്ന മരങ്ങള്‍ വനത്തിനുള്ളിലുണ്ട്. കാട്ടുനെല്ലികള്‍ സമൃദ്ധമാണ്. പ്രാദേശികമായി മൂട്ടിക്കാ എന്നറിയപ്പെടുന്ന ഫലം നല്‍കുന്ന വൃക്ഷം വഴിവക്കില്‍ കാണാം. പുളിരുചിയുള്ള ഇതിന്റെ തോട് പിങ്ക് നിറത്തിലാണ്. ഇതു തിന്നാനായി മൃഗങ്ങള്‍ വരാറുണ്ട്. വഴിയിലുണ്ടാകാവുന്ന മൃഗസാന്നിധ്യമാണ് ബോണാഫാള്‍സിലേക്കുള്ള യാത്രയെ സാഹസികാനുഭവമാക്കിത്തീര്‍ക്കുന്നത്. വെള്ളച്ചാട്ടത്തിനടുത്തുകൂടി ആനത്താരയുണ്ട്. പലപ്പോഴും വെള്ളം കുടിക്കാനും നീരാട്ടിനുമൊക്കെയായി ആനകള്‍ ഇവിടെ എത്താറുണ്ട്.
പാറക്കെട്ടിനു മുകളില്‍ നിന്ന് കുത്തനെയുള്ള പ്രവാഹമാണ് ബോണാഫാള്‍സിന്റേത്. ഉയരത്തില്‍ നിന്ന് ഒരു സ്തംഭം പോലുള്ള ജലവീഴ്ച മനോഹരമായ കാഴ്ചയാണ്. പതിക്കുന്നിടത്ത് ഒരു കുളം. തെളിവെയില്‍ വീണ് തിളങ്ങുന്ന ആ കുളം ഒരു കണ്ണാടി പോലെ. ഇവിടെനിന്നുള്ള കുളി എല്ലാ ക്ഷീണവുമകറ്റി, പുതിയൊരുന്മേഷം നല്‍കും. അവിടെനിന്നും ഒരു പാറക്കെട്ടു താണ്ടി വീണ്ടുമൊരു വെള്ളച്ചാട്ടം തീര്‍ത്ത് കരമനയാര്‍ ഒഴുകിമറയുന്നതു കാണാം.
മടങ്ങിവരുമ്പോഴും, ഒരു പിന്‍വിളിയായി, വന്യമായ ഒരു ക്ഷണവാക്യമായി, പ്രിയങ്കരമായ നമ്മുടെ ബോണാഫാള്‍സ്...
അന്വേഷണങ്ങള്‍ക്ക്:
പേപ്പാറ വൈല്‍ഡ്‌ലൈഫ് സാഞ്ച്വറി ഫോണ്‍: 0472-2892344.

just an excellent post...
bona fallsile vellachattathinte keezhil parakkettil ninnum vellam uchamtalayil veezhunnathum aa paarakkettukalil mazhavillu teliyunnathum,vellathinte tanuppum,kuli kazhiyumbol kituna unmeshavum...marakkan aavumo aarekkelum...!!!