അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

Alwarkurichi; சிக் புக் ரயிலே



പഴയൊരു മോഹം- വിദ്യാഭ്യാസകാലത്തെ സ്വപ്നം- തമിഴകം പൂരാ തീവണ്ടിയില്‍ കറങ്ങുക;ഗ്രാമങ്ങളില്‍ ചുറ്റിത്തിരിയുക. അക്കാലത്തും പില്‍ക്കാലത്തും അത്‌ നടന്നതേയില്ല. ശിവകാശിയിലേക്ക്‌ ആവര്‍ത്തിച്ചുള്ള ബസ്‌യാത്രകള്‍--പാതിരവരെ എം.എസ്‌.ബാബുരാജ്‌ പണ്ടേതോ കല്യാണരാവുകളില്‍ പാടിയ ഗാനങ്ങളുടെ കാസറ്റ്‌ കേട്ടിരുന്ന്, ഒടുവില്‍ സാത്തൂരിലേക്കുള്ള ആ യാത്രകള്‍--തീര്‍ന്നു, തമിഴകവുമായുള്ള സഞ്ചാരദൂരം.(ശിവഗംഗൈക്കരയിനിലേ/ശിവകാമി തവമിരുന്താള്‍,അസ്തമനക്കടലിന്നകലേ/അജ്ഞാതദ്വീപിലേ... എന്നീ പ്രിയ ഗാനങ്ങള്‍ ആ രാത്രികളുടെ സ്നേഹസ്മരണ). ലോക്കല്‍ വണ്ടികള്‍ സ്വപ്നവാഹനമായിത്തുടര്‍ന്നു; തമിഴകത്തുനിന്ന് മീറ്റര്‍ഗേജ്‌ ലൈനുകള്‍ അപ്രത്യക്ഷമായിത്തുടങ്ങുകയും ചെയ്തു.
എങ്കിലും പ്രിയപ്പെട്ടതും ആവര്‍ത്തിക്കപ്പെട്ടതുമായ ചില സഞ്ചാരങ്ങള്‍ മനസ്സില്‍ ചൂളംവിളിച്ചു നില്‍ക്കുന്നു. തെന്മല-തിരുനല്‍വേലി പാതയ്ക്കിടയിലെ സഞ്ചാരം (ചിലപ്പോള്‍ പുനലൂരോ കൊട്ടാരക്കരയോ നിന്നായിരുന്നു യാത്രാരംഭങ്ങള്‍.)അത്തരത്തിലുള്ളവയായിരുന്നു. ഈ പാതയിലെ ഒരു കൊച്ചു സ്ഥലമാണ്‌ ആള്‍വാര്‍ക്കുറിച്ചി.


തെന്മല

ഒരു മഴക്കാലം കൂരാപ്പിട്ടു നില്‍ക്കുന്ന പ്രഭാതം. തെന്മല. കുളിര്‍ വായു. ഇംഗ്ലണ്ടിലെ ഏതോ ഹില്‍സ്റ്റേഷനെ ഓര്‍മ്മിപ്പിക്കുന്ന റെയില്‍ നിലയം. ഒട്ടും തിരക്കില്ലാതെ, സ്വസ്ഥരായി കാത്തിരിക്കുന്ന യാത്രികര്‍. കുരുമുളകും ഔഷധികളും മറ്റ്‌ സുഗന്ധദ്രവ്യങ്ങളും നിറച്ച ചാക്കുകള്‍ക്കിടയില്‍ പണിയെടുക്കുന്ന റെയില്‍വേ തൊഴിലാളികള്‍. കാത്തുനില്‍പ്പിനിടയില്‍, പഴയ ഏതോ ഓര്‍മ്മ പോലെ അതാ വണ്ടി വരുന്നു; മുഴുവന്‍ നനഞ്ഞുകുളിച്ച്‌.

തീവണ്ടി വരുന്നു


പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ചെങ്കോട്ട. 1904ല്‍ കൊല്ലത്തു നിന്ന് ചെങ്കോട്ടയിലേക്ക്‌ തീവണ്ടി ഗതാഗതം ആരംഭിച്ചു. മലനാടിന്റെ പ്രകൃതിക്ക്‌ കോട്ടം തട്ടാതെ, കമാനാകൃതിയിലുള്ള പാലങ്ങളും തുരങ്കങ്ങളും പണിത്‌ ബ്രിട്ടീഷുകാരുടെ എഞ്ചിനീയറിംഗ്‌ വൈഭവം ഈ പാതയ്ക്ക്‌ കരുത്തു നല്‍കി. ഇപ്പോഴും റെയില്‍വേയുടെ ആദ്യകാല സംവിധാനങ്ങള്‍ ഈ മേഖലയിലെ തീവണ്ടി നിലയങ്ങളില്‍ കാണാം. ടിക്കറ്റ്‌ എടുക്കുമ്പോള്‍ മുതല്‍ അത്‌ അനുഭവിച്ചറിയാനാകും.
ടിക്കറ്റ്‌ നിരക്കും വണ്ടിസമയവുമെഴുതിയ ചുമരും പൊതുവിലുള്ള നിശ്ചലതയും കരിങ്കല്ലില്‍ പണിത എടുപ്പുകളുമെല്ലാം പോയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.പഴയ പഞ്ചിംഗ്‌ മെഷീനില്‍ ഒച്ചയിട്ട്‌ രേഖപ്പെടുത്തുന്ന, വിരല്‍നീളമുള്ള യാത്രാച്ചീട്ട്‌ കൈപ്പറ്റുമ്പോള്‍ ഒരു ഗൃഹാതുരത്വം. തീവണ്ടിയെത്തുമ്പോള്‍ മണിമുഴങ്ങുന്നു; ഒപ്പം ചൂരല്‍ ടോക്കണ്‍ കൈമാറല്‍. വാര്‍ത്താവിനിമയവും സിഗ്നല്‍ സംവിധാനവുമെല്ലാം പഴയകാല റെയില്‍വേ സമ്പ്രദായങ്ങളുടെ അവശേഷിപ്പു തന്നെ.






പയണികളിന്‍ ഗവനത്തുക്ക്‌

മഞ്ഞുമൂടിയ പുലര്‍കാലങ്ങളില്‍ തെന്മല സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ 'സ്വം' എന്ന ചലച്ചിത്രത്തിലെ ചില രംഗങ്ങള്‍ ഓര്‍മവരും. ചൂളംവിളിച്ച്‌ കിതപ്പാറ്റി നില്‍ക്കുന്ന ഒരു രാത്രിവണ്ടി. മുമ്പ്‌ മദിരാശിയിലേക്കും നാഗൂരിലേക്കുമൊക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരുന്നു.ഘട്ടംഘട്ടമായി റെയില്‍വേ അതൊക്കെ നിര്‍ത്തലാക്കി. 2007 മേയ്‌ മുതല്‍ കൊല്ലത്തു നിന്ന് തുടങ്ങിയിരുന്ന സര്‍വീസുകള്‍ പുനലൂരിലേക്കു മാറ്റി. മീറ്റര്‍ഗേജ്‌ ബ്രോഡ്ഗേജാക്കുന്ന പണി ഇപ്പോള്‍ പുനലൂരിലെത്തി നിലച്ചിരിക്കുന്നു.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ്‌ ഇതുവഴിയുള്ള വണ്ടിയിലെ സ്ഥിരം യാത്രികര്‍. ചെങ്കോട്ടയിലും ആള്‍വാര്‍കുറിച്ചിയിലും അംബാസമുദ്രത്തിലുമൊക്കെ ഇറങ്ങിപ്പോകുന്നവര്‍.
മലയും തുരങ്കവും പാലങ്ങളും അരുവികളും താണ്ടി കേരളത്തിന്റെ കൂരാപ്പില്‍ നിന്ന് തീവണ്ടിയിപ്പോള്‍ വെയിലേറ്റു തിളയ്ക്കുന്ന തമിഴ്‌നാടന്‍ ഗ്രാമഭൂമികളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. പാടങ്ങളും മഴനിഴല്‍പ്രദേശങ്ങളും പട്ടണങ്ങളും താണ്ടി, സഹ്യന്റെ മറുപുറത്തുകൂടിൂള്ള പ്രയാണം...ഒടുവില്‍, ആള്‍വാര്‍കുറിച്ചി.




തേങ്കായ്പ്പളം സാമി

ആള്‍വാര്‍കുറിച്ചിക്കടുത്ത്‌ ശിവശൈലം എന്നൊരിടമുണ്ട്‌. 'നല്‍വാഴ്‌വ്‌' എന്ന പ്രകൃതിജീവനാശ്രമം അവിടെയാണ്‌. അധ്യാപകനായിരുന്ന രാമകൃഷ്ണന്‍ തുടങ്ങിയതാണ്‌. എല്ലാ രോഗങ്ങള്‍ക്കും കാരണം പാചകം ചെയ്ത ഭക്ഷണമാണെന്ന് അദ്ദേഹം വിശ്വസിച്ചു. വേവിക്കാത്ത ഭക്ഷണം ശീലമാക്കി. പഴങ്ങളും തേങ്ങയും മാത്രം ഭക്ഷിച്ചു. അങ്ങനെ 'തേങ്കായ്പ്പളം സാമി' എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ആള്‍വാര്‍ അമ്മാളും മകന്‍ നല്‍വാഴ്‌വും പ്രകൃതിചികില്‍സാ കേന്ദ്രമായി തുടരുന്നു. തന്റെ മകന്‍ നല്‍വാഴ്‌വ്‌, പിറന്നതില്‍പിന്നിതുവരെ, പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആള്‍വാര്‍ അമ്മാള്‍ അവകാശപ്പെടുന്നു.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു പ്രകൃതിചികില്‍സാ ക്യാമ്പില്‍ പങ്കെടുക്കാന്‍ നല്‍വാഴ്‌വ്‌ കോയമ്പത്തൂരിനടുത്തുള്ള കൊടുമുടി എന്ന സ്ഥലത്ത്‌ പോയിരിക്കുകയായിരുന്നു. അതിനാല്‍ അയാളെ കാണാനായില്ല. ഉച്ചഭക്ഷണമായി ലഭിച്ചത്‌ കുതിര്‍ത്തു മുളപ്പിച്ച പയറും വാഴപ്പഴവും തേങ്ങയും ഈത്തപ്പഴവും തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളവുമൊക്കെയായി, തീര്‍ത്തും വ്യത്യസ്തമായ ഒരു ആഹാരാനുഭവം. അവിടെ ചികിത്സയ്ക്കെത്തിയ ചിലരുമായി സംസാരിച്ചു. തങ്ങളുടെ അസുഖം ഗുണപ്പെട്ട വിവരം അവര്‍ പറഞ്ഞുകൊണ്ടിരുന്നു. മലകള്‍ അതിരുടുന്ന ആ തമിഴ്‌നാടന്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, അകലെനിന്ന് ഒരു ചൂളംവിളി ഉയര്‍ന്നുകേട്ടു; ഛിക്ക്‌ പുക്ക്‌ റെയിലേ എന്ന താളത്തില്‍ പാസഞ്ചര്‍വണ്ടി കടന്നുപോയി.


കുറിപ്പ്‌ 1: കുട്ടികള്‍ക്ക്‌ റെയില്‍വേയുടെ പഴയകാല രീതികള്‍ പരിചയപ്പെടുത്തുന്നതിനായി ഒരു 'പൈതൃകയാത്ര'യ്ക്ക്‌ തിരഞ്ഞെടുക്കാവുന്ന നല്ലൊരു മേഖലയാണിത്‌. ഈ വഴിക്ക്‌ തിരുനല്‍വേലിയിലെത്തിയാല്‍ കൂന്തക്കുളം പക്ഷിഗ്രാമത്തില്‍[CLICK HERE] പോകാം.


കുറിപ്പ്‌ 2: ഇതൊരു സമീപകാല യാത്രാനുഭവമല്ല. പുനലൂരുനിന്ന് തിരുനല്‍വേലിയിലേക്ക്‌ ഇപ്പോള്‍ ഒരു സര്‍വീസ്‌ മാത്രമേയുള്ളൂ. വണ്ടിനേരങ്ങള്‍: പുനലൂര്‍-ചെങ്കോട്ട: രാവിലെ 8-30 നും ഉച്ചയ്ക്ക്‌ 1 മണിക്കും. പുനലൂര്‍-തിരുനല്‍വേലി: ഉച്ചയ്ക്കുമേല്‍ 3-30. പുനലൂര്‍-തെങ്കാശി: വൈകിട്ട്‌ 6 മണി.

പുനലൂരുനിന്ന് പുറപ്പെടുന്ന വണ്ടി ഏകദേശം ഒരു മണിക്കൂറാകുമ്പോള്‍ തെന്മലയിലെത്തും.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
പുനലൂര്‍ റെയില്‍വേ നിലയം: 0475-2222606 , തെന്മല റെയില്‍വേ നിലയം: 0475-2344540

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com