Koonthakkulam; വീട്ടുമുറ്റത്തെ കിളിമരം

നവംബറിലാണ്. ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ്സ് നാഗര്‍കോവില്‍ ജംഗ്ഷന് താണ്ടിയതിനു ശേഷം, ആ പ്രഭാതക്കാഴ്ചകള്‍... ധാരാളം പക്ഷികള്‍... തീവണ്ടി കടന്നുപോയ കന്യാകുമാരി-തിരുനല്‍വേലി-തൂത്തുക്കുടി ജില്ലകളിലെ കൃഷിയിടങ്ങളിലും നീര്‍ക്കെട്ടുകളിലും ഇരതേടുന്ന ദേശാടനപ്പറവകള്‍. ഏറെയും ബ്ലാക്ക് ഐബിസ്. ആ യാത്രയ്ക്കിടയില്‍ കൂന്തക്കുളം ഗ്രാമം ഓര്‍മയില്‍ വന്നു. ഈ പക്ഷികളെല്ലാം ചേക്കേറുന്നത് കൂന്തക്കുളത്താണ്.
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്,കൂന്തക്കുളം ഗ്രാമത്തില്‍ പോയത്. നാഗര്‍കോവില്‍-തിരുനല്‍വേലി പാതയില്‍ നാങ്കുനേരിയില്‍ വണ്ടിയിറങ്ങി. അവിടെനിന്ന് മൂലക്കരപ്പട്ടിയിലേക്ക് സമാന്തര ടെമ്പോ സര്‍വീസ് ഉണ്ടായിരുന്നു. മൂലക്കരപ്പട്ടിയില് നിന്ന് വീണ്ടും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാണ് കൂന്തക്കുളം ഗ്രാമത്തില്‍ എത്തിച്ചേരേണ്ടത്. അത് ഞങ്ങളുടെ കുചേലയാത്രകളുടെ കാലവും ആയിരുന്നു.
പച്ചപ്പാടങ്ങള്‍ പൂര്വാഹ്നവെയിലില് ലയിച്ചുകിടക്കുന്ന ഗ്രാമപാതയിലൂടെ നടക്കുമ്പോള്‍ ഒട്ടേറെ ചെറുപക്ഷികളെ കാണാമായിരുന്നു. വിവിധയിനം മരംകൊത്തികള്‍, മീന്കൊത്തികള്, കുരുവികള്‍, പനംകാക്ക... പെട്ടെന്നാണ്, വിസ്മയകരമായ ഒരു ദൃശ്യം. മരത്തലപ്പുകള്‍ക്കു മുകളില്‍ വലിയ ചിറകുകള് വിടര്‍ത്തി വട്ടമിടുന്ന പക്ഷികള്‍. നടന്ന് അടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ആ മരങ്ങള്‍ വീടുകളോടു ചേര്‍ന്നു നില്ക്കുന്നു. ഓടുമേഞ്ഞ ഏതാനും വീടുകള്‍... മരക്കൊമ്പുകളില്‍ കൂടുവച്ചിരിക്കുന്ന വെള്ളരിക്കൊക്കുകളും വര്‍ണ്ണക്കൊക്കുകളും. അത് അവയുടെ പ്രജനനകാലമായിരുന്നു.
ഗ്രാമത്തിലെ മുതിര്‍ന്നവരോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പക്ഷികള്‍ തങ്ങള്‍ക്ക് മക്കളെപ്പോലെയാണെന്നാണ്. അവിടെ പരിചയപ്പെട്ട രണ്ടു കുട്ടികള്‍ ഞങ്ങളെ പാല്പാണ്ഡിയന്റെ സമീപത്തേക്കു കൊണ്ടുപോയി.
പറവകള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് പാല്പാണ്ഡിയന്. ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തുന്ന പറവച്ചങ്ങാതികള്ക്ക് ഒരു കരുതലും കൈത്താങ്ങുമാണ്. കൂന്തങ്കുളത്തു വന്നുചേരുന്ന പക്ഷിയിനങ്ങളെയും അവയുടെ ജീവിതരീതികളെയും കുറിച്ച് ഒരു നാടോടിപ്പാട്ടിന്റെ ഈണത്തില്‍ താന്‍ തന്നെ ചിട്ടപ്പെടുത്തിയ ഒരു ഗാനം ഞങ്ങളെ പാടിക്കേള്‍പ്പിച്ചു. അതിലെ ചില വരികള്‍ ഇങ്ങനെ:
തിരുനല്‍വേലി പക്കത്തില് കൂന്തങ്കുളം ഊരിരുക്ക്
കൂടിവാഴും പറവൈകളെ കണ്ടിടുവീര്
ഇന്ക് ഒറ്റ്ട്രുമയായ് ഒന്ട്രു കൂടി വന്നിടുവീര്....
കൂളക്കടൈ ഇനമുമുണ്ട് കൂടിവാഴും
കൂടുകെട്ടിത്താന് മുട്ടൈയിട്ട്അത് അടൈ കാത്ത് കുഞ്ചു പുരിത്ത് വളര്‍ത്തിടുമേ...
കൂന്തങ്കുളത്തിര്ക്കു വരുവീര് .. നീങ്കള് കോടി നന്മൈ പെരുവീര്...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പറവപ്പറ്റങ്ങളെയും, അവയുടെ ജീവിതരീതി, ജനങ്ങളുമായുള്ള അടുപ്പം എന്നിവയെക്കുറിച്ചുമുള്ള വിവരണമാണ് ഈ പാട്ടിനുള്ളില്‍.
പക്ഷികളെക്കുറിച്ചു പറയുമ്പോള്‍ പാല്പാണ്ഡിയന്റെ മിഴികള്‍ തിളങ്ങും. കൂട്ടില്‍ നിന്ന് തറയില്‍ വീഴുന്ന പക്ഷിക്കുഞ്ഞുങ്ങളെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്നത് അദ്ദേഹമാണ്. പലപ്പോഴും ഗ്രാമീണര്‍ തന്നെ ഇത്തരം പക്ഷിക്കുഞ്ഞുങ്ങളെ റെസ്ക്യൂ സെന്ററില്‍ എത്തിക്കാറുണ്ട്. തനിയെ പറക്കാറാകുന്നതുവരെ അവയെ അവിടെ പോറ്റി വളര്‍ത്തുന്നു. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുകയും അവയോട് കളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന ഈ മനുഷ്യനും പറയുന്നത് 'പക്ഷികള്‍ തനിക്ക് മക്കളെപ്പോലെയാണ്' എന്നുതന്നെ.
ഒരു ഗ്രാമത്തിന്റെ വിവേകം
ദേശാടനപ്പക്ഷികളുടെ സുരക്ഷിത താവളമാണ് കൂന്തക്കുളം. ഗ്രാമീണരും പറവകളും തമ്മില്‍ ആഴമാര്‍ന്ന ഒരടുപ്പം ഇവിടെ കാണാം. ദേശാടനപ്പക്ഷികള്‍ എത്തിച്ചേര്‍ന്നാല്‍, കുഞ്ഞുങ്ങളുമായി മടങ്ങുന്നതുവരെ തികഞ്ഞ ശ്രദ്ധയും പരിപാലനവുമാണ് ഗ്രാമീണര്‍ നല്കിപ്പോരുന്നത്. ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിന് ഉച്ചഭാഷിണിയും വെടിവഴിപാടുമില്ല. പക്ഷികള്‍ക്കുവേണ്ടി ഗ്രാമീണര്‍ തങ്ങളുടെ ആഘോഷങ്ങളെയും ആചാരങ്ങളെയും മിതമാക്കിയിരിക്കുന്നു. പക്ഷികളെ അലോസരപ്പെടുത്താന്‍ അവര്‍ സന്ദര്‍ശകരെ അനുവദിക്കാറുമില്ല.
പക്ഷിനിരീക്ഷകരുടെ ആദര്ശഗ്രാമമാണ് ഇപ്പോള്‍ കൂന്തക്കുളം. 1994ല്‍ തമിഴ്നാട് സര്‍ക്കാര്‍ കൂന്തക്കുളത്തെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ ഇവിടം ശരിക്കും ഒരു ജനകീയ പക്ഷിസങ്കേതം തന്നെയായിരുന്നു. ഇന്ത്യയിലും മറുനാടുകളിലും നിന്ന് പതിനായിരക്കണക്കിനു പക്ഷികള്‍ ഓരോ സീസണിലും ഇവിടെ വന്നിറങ്ങുന്നു.
ഒക്ടോബര്‍-ഏപ്രില്‍ മാസങ്ങളിലാണ് ദേശാടനപ്പറവകള്‍ വരുന്നത്. സൈബീരിയയില്‍ നിന്നുള്ള കാട്ടുതാറാവുകള്‍ മുതല്‍ രാജഹംസങ്ങള്‍ വരെ. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വിവിധതരം താറാവുകളും ഡിസംബര്‍ അവസാനത്തോടെ പെലിക്കനുകളും എത്തിച്ചേരുന്നു. ഇവകൂടാതെ പലതരം കൊറ്റിയിനങ്ങളും നീര്പ്പറവകളും എത്തുന്നു. ആസ്ത്രേലിയ, ശ്രീലങ്ക, പാകിസ്ഥാന്, സൈബീരിയ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും പക്ഷികള്‍ കൂട്ടത്തോടെ വന്നുചേരുന്ന ഇവിടം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നീര്‍പ്പക്ഷി റിസര്‍വുമാണ്.
പകല്‍നേരങ്ങളില്‍ തൊട്ടടുത്ത പ്രദേശങ്ങളിലുള്ള പാടങ്ങളിലും വെള്ളക്കെട്ടുകളിലും ഇരതേടിപ്പോകുന്ന പറവകള്‍ വൈകുന്നേരങ്ങളില്‍ കൂന്തക്കുളത്തെത്തുന്നു. കൂന്തക്കുളത്തെ തടാകത്തില്‍ നീന്തിത്തുടിക്കുന്ന ധാരാളം പക്ഷികളെ കാണാം. നീര്പ്പക്ഷികളെക്കൂടാതെ മണ്ണില്‍ കൂടുകൂട്ടുന്ന പക്ഷികളും ഇവിടെയുണ്ട്.
കൂന്തക്കുളത്തെ വീട്ടുകോണുകളിലെ മരങ്ങളില്‍ കൂടുകൂട്ടി കുഞ്ഞുവിരിക്കുന്ന പക്ഷികളെ എങ്ങനെ ദേശാടനപ്പറവകള്‍ എന്നു പറയും? പല പറവയിനങ്ങളുടെയും കുഞ്ഞുങ്ങളുടെ ആദ്യ പറക്കല്‍ കൂന്തക്കുളത്തിന്റെ ആകാശത്താണ്. പറക്കമുറ്റിയശേഷമാണ് അവ മറ്റിടങ്ങളിലേക്ക് പറന്നുമറയുന്നത്; അടുത്തയാണ്ടില്‍ വീണ്ടും മടങ്ങിയെത്താനായി.
തീവണ്ടിയാത്രയ്ക്കിടയിലെ സായാഹ്ന ശോഭയിലൂടെ പക്ഷികളുടെ ഒരു ശൂലനിര ആകാശത്തുകൂടി പറന്നുപോകുന്നതു കാണുമ്പോള്‍ മനസ്സ് ഒരു കൊച്ചുഗ്രാമത്തിലേക്ക് പായും- കൂന്തക്കുളത്തേക്ക്...അവിടത്തെ നന്മയുള്ള മനുഷ്യരെയും അപ്പോള്‍ ഓര്‍ത്തുപോകും...
ലേബലുകള്‍: പക്ഷികള്‍__-

വ്യത്യസ്തമായ യാത്രകൾ ചെയ്യുന്ന അലയാളിയായ
മലയാളിക്കു യാത്രാശംസക്കൾ