അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ബുധനാഴ്‌ച, ഏപ്രിൽ 08, 2009

Tunganath ; ചന്ദ്രശിലയിലെ സൂര്യോദയം

ഹിമവല്‍ ഗിരിനിരകളിലെ ഉയര്‍ന്ന ശിവാലയങ്ങളിലൊന്നാണ്‌ തുംഗനാഥ്‌. അവിടെനിന്ന് വീണ്ടും ഉയരമുള്ള മലമുടിയാണ്‌ ചന്ദ്രശില. ചന്ദ്രശിലയിലെ സൂര്യോദയം ഏറെ പ്രസിദ്ധം. അന്നൊരു പുലര്‍കാലത്തണുപ്പില്‍ സൂര്യന്റെ ആദ്യകിരണങ്ങളേറ്റുവാങ്ങി ചന്ദ്രശിലയില്‍ നിന്നത്‌ വീണ്ടും ഓര്‍ക്കുന്നു. മേഘങ്ങള്‍ക്കുള്ളിലൂടെ നെഞ്ചിനുനേരെ മുന്നില്‍ സൂര്യന്‍ വലയമിട്ടുനിന്നു; തിളങ്ങുന്ന ശുഭ്രതയോടെ
.
ശിലാതലത്തില്‍ ചിതറിക്കിടക്കുന്ന ചെറുശിലാഖണ്ഡങ്ങള്‍. തൊട്ടുമുമ്പുള്ള ദിവസം ആരോ കല്ലുകള്‍ പെറുക്കിക്കൂട്ടി ഗോപുരരൂപത്തില്‍ പ്രാര്‍ഥനാശിലകള്‍ നിര്‍മിച്ചിട്ടുണ്ടായിരുന്നു. തലേരാത്രി പെയ്ത ഹിമകണങ്ങള്‍ എമ്പാടും ചിതറിക്കിടക്കുന്നു.കയ്യുറ ഊരിമാറ്റി ഹിമമണികള്‍ പെറുക്കിക്കൂട്ടി പ്രാര്‍ഥനാശിലകളുടെ മാതൃകയില്‍ ഒരു ഗോപുരം നിര്‍മിക്കുന്നതിനിടയിലാണ്‌ അവിചാരിതമായി പിന്തിരിഞ്ഞു നോക്കിയത്‌. അറിയാതെ ചാടിയെണീറ്റുപോയി. സംഭീതവും അവാച്യവുമായ ഒരു പടുകൂറ്റന്‍ കാഴ്ച! സൂര്യന്‌ നേരെ എതിര്‍ദിശയില്‍ അതിവിപുലമായ ഒരു മഴവില്ല്, തൊട്ടു മുന്നില്‍! മൂടല്‍മഞ്ഞിന്റെ ധവളിമയിലൂടെ മൈലുകളോളം വ്യാപിച്ചു നിന്ന അത്‌ പൂര്‍ണവൃത്താകാരത്തിലായിരുന്നു. ആ പ്രദേശത്തെ അന്നേരത്തെ ഏക മനുഷ്യജീവിയായ എന്റെ നിഴല്‍ അതിനുള്ളില്‍ രാക്ഷസാകാരത്തില്‍ പ്രതിഫലിച്ചു കണ്ടു. ഒരു നിമിഷം. ശബ്ദം തൊണ്ടയില്‍ കുരുങ്ങി. ശരീരം ഒന്നുലഞ്ഞു. അപ്പോള്‍ അങ്ങേയറ്റത്ത്‌ മലമുകളിലേക്കു പ്രവേശിക്കുന്ന തുറസ്സില്‍ ഒരു ശിരസ്സ്‌ ഉയര്‍ന്നുവന്നു. എന്റെ പ്രിയപ്പെട്ട സഹയാത്രികന്‍. രാവിലെ മല പകുതി കയറിയപ്പോള്‍ തന്നെ ക്ഷീണിതനായിരുന്നു. രണ്ടുപേര്‍ക്കും സൂര്യോദയ ദര്‍ശനം നഷ്ടമാകരുതെന്നു കരുതി, സുരക്ഷിതമായ അകലം പാലിച്ചു മാത്രമേ സഞ്ചരിക്കാവൂ എന്ന യാത്രയുടെ പ്രാഥമിക നിയമം തല്‍ക്കാലത്തേക്കു മാറ്റിവച്ചുകൊണ്ട്‌ ചന്ദ്രശിലയിലേക്ക്‌ ഓടിക്കയറുകയായിരുന്നു.
മഴവില്‍ക്കാഴ്ചയുടെ മാസ്മരികതയില്‍ ലയിച്ച്‌ ഞങ്ങള്‍ ഏറെനേരം അവിടെ നിന്നു. തെളിഞ്ഞ അന്തരീക്ഷം. അകലെ മഞ്ഞുമലകള്‍ തിളങ്ങി നില്‍ക്കുന്നു. ചന്ദ്രശിലയില്‍ നിന്നു നോക്കുമ്പോള്‍ മലമുടികളില്‍ പലതും വളരെ താഴെയായിട്ടാണ്‌ ദൃശ്യമായത്‌. ഇടയ്ക്കിടെ ലോലമായ മേഘങ്ങള്‍ ഞങ്ങളെ തൊട്ടുരുമ്മി കടന്നുപൊയ്ക്കൊണ്ടിരുന്നു. മലയുടെ ചുവട്ടില്‍ നിന്ന് ആര്‍പ്പുവിളികള്‍. ആദിത്യദര്‍ശനത്തിനെത്തിയ ഏഴുപേരടങ്ങുന്ന ഒരു സംഘം മലകയറാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു.

ചന്ദ്രശിലയുടെ കഥ
തലേന്നാള്‍ തുംഗനാഥിലേക്കുള്ള വഴിമധ്യേ ചോപ്തയില്‍ പരിചയപ്പെട്ട രാജേന്ദര്‍ സിംഗാണ്‌ ചന്ദ്രശിലയിലെ സൂര്യോദയത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആദ്യം പറഞ്ഞത്‌. പിന്നീട്‌ തുംഗനാഥില്‍ പരിചയപ്പെട്ട നാഗസന്യാസി ബാബാ കിടുക്‌ ബം ചന്ദ്രശിലയുടെ കഥ പറഞ്ഞു-
ശിവപ്രീതിക്കു വേണ്ടി രാവണന്‍ ചന്ദ്രശിലയില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നതിനടയില്‍ തന്റെ ശിരസ്സ്‌ ഒന്നൊന്നായി മുറിച്ചെടുത്ത്‌ നിവേദിച്ചുവെന്നും പത്താമത്തെ ശിരസ്സ്‌ ഛേദിക്കാനൊരുങ്ങുമ്പോള്‍ തുംഗനാഥക്ഷേത്രം സ്ഥിതിചെയ്യുന്നിടത്ത്‌ ശിവന്‍ പ്രത്യക്ഷനായി എന്നുമാണ്‌ ഐതിഹ്യം. തുംഗനാഥും ചന്ദ്രശിലയും തമ്മില്‍ ഏകദേശം 800 മീറ്റര്‍ ഉയരമുണ്ട്‌.(ഭക്തന്‍ മുകളില്‍ നില്‍ക്കുമ്പോള്‍ ദേവന്‍ താഴെ പ്രത്യക്ഷപ്പെട്ടുവെന്ന് സാരം!)
സന്യാസിയുടെ വിവരണത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ഹിമാലയപ്രദേശങ്ങളില്‍ മുമ്പുണ്ടായ ചില അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തലേരാത്രി ഉറങ്ങുന്നതിനു തൊട്ടുമുമ്പ്‌ ചന്ദ്രശിലയിലെ സൂര്യദര്‍ശനത്തിന്റെ സാധ്യതയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നു. ചന്ദ്രശിലയ്ക്കു മുകളില്‍ നിന്നാല്‍ അനേകമനേകം മലമുടികള്‍ കാണാനാകും. ഒരേസമയം സൂര്യനെ പല ദിക്കുകളിലായി(രാവണന്റെ ഉപാഖ്യാനമുള്ളതിനാല്‍ പത്തു സൂര്യനെ എന്നുതന്നെ കരുതണം)കാണാന്‍ ഇടവന്നേക്കാം എന്നുപോലും ഞങ്ങള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വിസ്മയകരമായ ഒരു മഴവില്‍ക്കാഴ്ചയുടെ ആഹ്ലാദവുമായി ഞങ്ങള്‍ തുംഗനാഥക്ഷേത്രത്തിലേക്ക്‌ തിരികെ നടന്നു.

തുംഗനാഥ്‌
കലാലയ വിദ്യാഭ്യാസകാലത്ത്‌ ഹിമാലയ സഞ്ചാരത്തിനു ലഭിച്ച അവസരം വാര്‍ഷിക പരീക്ഷയ്ക്കിടയില്‍ നഷ്ടപ്പെട്ടതിന്റെ അലട്ടല്‍ എല്ലായ്പോഴും മനസ്സിലുണ്ടായിരുന്നു.അങ്ങനെയിരിക്കെ, തീര്‍ത്തും അവിചാരിതമായാണ്‌ ഹിമാലയത്തിലെ ഗഢ്‌വാള്‍ മേഖലയിലൂടെ സഞ്ചരിക്കാന്‍ അവസരമുണ്ടായത്‌. വിവിധ പ്രദേശങ്ങളിലെ ട്രെക്കിങ്ങിനു ശേഷം ഞങ്ങള്‍ തുംഗനാഥിലേക്കു പുറപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരത്തിലുള്ള ചോപ്തയാണ്‌ തുംഗനാഥിലേക്കുള്ളപ്രയാണത്തിലെ ഇടത്താവളം. ചോപ്തയില്‍ നിന്ന് തുംഗനാഥിലേക്കുള്ള പാത മൂന്നു കിലോമീറ്റര്‍ ഒരൊറ്റ കയറ്റമാണ്‌. 3886 മീറ്റര്‍ ഉന്നതിയിലെത്തണം.
നടത്തയുടെ തുടക്കത്തില്‍ തന്നെ ഹൃദ്യവും അത്യപൂര്‍വവുമായ കാഴ്ചയിലേക്ക്‌ ഞങ്ങള്‍ പ്രവേശിച്ചു. തീവ്രഭംഗിയുള്ള നാലിതള്‍പ്പൂക്കള്‍ പുല്‍പ്പുറങ്ങളിലാകെ പല വര്‍ണങ്ങളില്‍ ചിതറിക്കിടക്കുന്നു. മുമ്പ്‌ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്ന പൂക്കളുടെ താഴ്‌വാരത്തില്‍(valley of flowers) ആ സീസണില്‍ പൂക്കള്‍ നന്നേ കുറവായിരുന്നു. അതിന്റെ ഇച്ഛാഭംഗം തീക്കുവാന്‍ പോന്നതായിരുന്നു കുന്നിന്‍പുറങ്ങളിലെ ആ പുഷ്പോത്സവം. അകലങ്ങളില്‍ ചിതറിക്കിടക്കുന്ന ഗ്രാമങ്ങള്‍, വെയിലെരിഞ്ഞുകിടക്കുന്ന മലമുടികള്‍, മഴപെയ്തുകൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന മേഘനിഴലുകള്‍... വിശാലവും വൈവിധ്യപൂര്‍ണവുമായിരുന്നു കാഴ്ചകള്‍.
അശരീരികളുടെ ലോകം
വളരെ പെട്ടെന്നാണ്‌ അന്തരീക്ഷത്തില്‍ മാറ്റമുണ്ടായത്‌. മേഘക്കൂട്ടങ്ങള്‍ നിറഞ്ഞ ഉന്നതിയിലേക്ക്‌ ഞങ്ങള്‍ നടന്നു കയറിക്കൊണ്ടിരുന്നു. മേഘസഞ്ചാരം ശക്തമായി. കട്ടിയേറിയ കോടമഞ്ഞ്‌ വ്യാപിച്ചു. നടവഴി ഒന്നുരണ്ട്‌ ചുവടുമാത്രം അവ്യക്തമായി കാണാം. പരസ്പരം കാണാനാകാത്ത നിലയില്‍ ഞങ്ങള്‍ മഞ്ഞിനുള്ളില്‍ പെട്ടുപോയി. ശ്വാസം കഴിക്കുന്നതിനു ക്ലേശിക്കേണ്ടിവന്നു. നിറമഞ്ഞിനുള്ളില്‍ നിന്ന് ഒരു സന്യാസി പ്രത്യക്ഷപ്പെട്ടു. നോക്കിനില്‍ക്കേ മഞ്ഞിന്‍മറയിലേക്ക്‌ അയാള്‍ അപ്രത്യക്ഷനായി. ഒരു മണിശബ്ദം മാത്രം പ്രതിധ്വനിച്ചു.
അശരീരികളെക്കുറിച്ചും പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള ഭാരതീയസങ്കല്‍പങ്ങള്‍ക്കു തുണയായത്‌ മേഘക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ വിസ്മയലോകം തന്നെയാവണം.
മുകളിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ കിതച്ചുകൊണ്ടിരുന്നു. ഒടുവില്‍ തളര്‍ന്ന് ഒരിടത്ത്‌ ഇരുന്നുപോയി. പാതയുടെ വലതുഭാഗത്ത്‌ ആകാശം താഴേക്കിറങ്ങിക്കിടക്കുന്നപോലെ. ഏതാനും നിമിഷങ്ങള്‍ക്കകം മഞ്ഞിന്റെ കൂമ്പാരം മുകള്‍ഭാഗത്തേക്ക്‌ സഞ്ചരിക്കുകയും ഞങ്ങള്‍ ഇരിക്കുന്നയിടത്തെ അന്തരീക്ഷംതെളിയുകയും ചെയ്തപ്പോള്‍ ശരിക്കും ഞെട്ടിപോയി. ഞങ്ങള്‍ ഇരിക്കുന്നയിടത്തു നിന്ന് ഏതാനും ചുവടകലെ ആയിരക്കണക്കിന്‌ അടി താഴ്ചയില്‍ ഒരു താഴ്‌വാരം!
മഞ്ഞുപുതപ്പിനുള്ളിലൂടെയുള്ള യാത്ര ശ്രമകരമായിരുന്നു. ഒടുവില്‍, ഇനി ഒരടിപോലും നടക്കാനേ വയ്യെന്ന മട്ടില്‍ ഒരു കല്ലിനുമുകളില്‍ തളര്‍ന്നിരുന്നുപോയി. ചുറ്റും മഞ്ഞിന്റെ ധവളിമ മാത്രം. അങ്ങനെയിരിക്കവേ, വിസ്മയകരമായ ആ ദൃശ്യം. മെല്ലെ മെല്ലെ ഒരു തിരശ്ശീല നീക്കുന്നതുപോലെ മഞ്ഞു നീങ്ങി. തൊട്ടുമുന്നില്‍ തുംഗനാഥന്റെ മന്ദിരം, ആകാശത്തില്‍ തൊടുന്ന ചൂണ്ടുവിരല്‍ പോലെ. കരിങ്കല്ലില്‍ പണിത അഴകാര്‍ന്ന പുരാതന മന്ദിരം. ആ ഒരൊറ്റ നിമിഷത്തിന്റെ ഇടവേളയില്‍ വെണ്മേഘക്കൂട്ടം വീണ്ടും കാഴ്ചയെ മറച്ചു.
കിഡുക്‌ ബം എന്ന സന്യാസി
ഭഗത്‌സിംഗ്‌ പന്‍വീറിന്റെ കടയില്‍ സ്നേഹവായ്പുകളോടെ ഞങ്ങളെ സ്വീകരിച്ചത്‌ അല്‍പവസ്ത്രധാരിയായ ഒരു നാഗസന്യാസിയാണ്‌. കമ്പിളിവസ്ത്രങ്ങള്‍ക്കുള്ളില്‍പ്പോലും തണുത്തുവിറച്ചുനിന്ന ഞങ്ങള്‍ സന്യാസിയുടെ ചിരിയില്‍ ഒരു ഊഷ്മളത അറിഞ്ഞു. ഭഗത്‌സിംഗും അയാളുടെ സഹോദരനും കിട്‌ക്ക്‌ ബം എന്ന ആ സന്യാസിയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
അടുപ്പില്‍ ഒരു കെറ്റിലില്‍ വെള്ളം ചൂടാക്കുന്നുണ്ടായിരുന്നു. ഭഗത്‌സിംഗ്‌ പെട്ടെന്നുതന്നെ ചായയുണ്ടാക്കിത്തന്നു. തണുപ്പിനെതിരെ ഒരു പരിച. ബാഗും മറ്റും അടുത്തുള്ള മുറിയില്‍ കൊണ്ടുവച്ച്‌ പുതിയൊരുന്മേഷത്തോടെ ഞങ്ങള്‍ പുറത്തിറങ്ങി. അന്തരീക്ഷം തെളിഞ്ഞിരുന്നു.
അല്‍പസമയം കഴിഞ്ഞപ്പോള്‍ ആലിപ്പഴവര്‍ഷം തുടങ്ങി. ഹിമമണികള്‍ വീണ്‌, കമ്പിളിവസ്ത്രങ്ങള്‍ക്കുള്ളില്‍ ശൈത്യത്തിന്റെ സൂചിക്കുത്തേറ്റപ്പോള്‍ ഞങ്ങള്‍ ഭഗത്‌സിംഗിന്റെ കടയിലേക്ക്‌ മടങ്ങി. കയ്യുറ അഴിച്ചുമാറ്റി അടുപ്പിനു ചുറ്റുമിരുന്ന് തീ കാഞ്ഞു. സന്യാസി ഒരു പനാമാ സിഗരറ്റിനുള്ളില്‍ ചരസ്‌ നിറച്ച്‌ പ്രാര്‍ഥനയോടെ ആഞ്ഞുവലിച്ചു. തുടര്‍ന്ന് ദീര്‍ഘനേരം സംസാരിച്ചുകൊണ്ടേയിരുന്നു.
ചതുര്‍ധാമങ്ങളില്‍ ഒന്നായ ബദ്രിനാഥം സന്ദര്‍ശിച്ചശേഷമാണ്‌ ഞങ്ങള്‍ തുംഗനാഥിലേക്ക്‌ വന്നതെന്നും ഇനി കേദാര്‍നാഥത്തിലേക്കു പോകുമെന്നുമറിഞ്ഞപ്പോള്‍, ആള്‍ക്കൂട്ടങ്ങളുള്ള അത്തരം ഇടങ്ങളിലേക്ക്‌ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ശിവന്റെ ശക്തിസ്ഥലങ്ങളായ 'രുദ്രനാഥും' 'മധ്‌മഹേശ്വറും' സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശിച്ചു. കേദാര്‍നാഥിലേക്കുള്ള പാതയില്‍ ഉഖിമഠില്‍ നിന്ന് വനപാതയിലൂടെ ഏറെ നടക്കേണ്ടതുണ്ട്‌ മധ്‌മഹേശ്വറിലേക്ക്‌. ഞങ്ങള്‍ വന്ന വഴിയേ തിരികെ, മണ്ഡല്‍ എന്ന ഗ്രാമത്തിലെത്തി കാട്ടുപാതയിലൂടെ ഏറെ ദുഷ്കരമായ യാത്ര നടത്തിയാല്‍ രുദ്രനാഥിലെത്താം. സീസണില്‍ രുദ്രനാഥിലെത്തുന്ന ആദ്യ യാത്രികര്‍ ഒരുപക്ഷേ ഞങ്ങളായിരിക്കുമെന്ന് സന്യാസി പറഞ്ഞു. അവിടത്തെ പൂജാരി തന്റെ സുഹൃത്താണെന്നും ഞങ്ങള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരുമെന്നും പറഞ്ഞു. ചന്ദ്രശിലയിലെ സൂര്യോദയം നഷ്ടപ്പെടുത്തരുതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തി സന്ധ്യയിലേക്ക്‌ സന്യാസി നടന്നുമറഞ്ഞു. കുറെക്കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നിന്ന് സന്ധ്യാപൂജയുടെ ഉടുക്കുനാദം മുഴങ്ങിക്കൊണ്ടിരുന്നു.
തുംഗനാഥന്റെ മന്ദിരം

ചന്ദ്രശിലയില്‍ നിന്ന് ഞങ്ങള്‍ തുംഗനാഥക്ഷേത്രത്തിലേക്കു നടന്നു. കരിങ്കല്‍പ്പലക പാകിയ മുറ്റം വെയിലേറ്റ്‌ തിളങ്ങുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്ന്, ഗര്‍ഭഗൃഹത്തിലേക്കു ചെന്നു. ഒരു തീര്‍ഥാടകകുടുംബം പൂജയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ഒരു മങ്ങിയ ദീപം നിശ്ചലമായി പ്രകാശം ചൊരിയുന്നു. കൃഷ്ണശിലയില്‍ നിര്‍മിച്ച മൂന്നരയടിയോളം പൊക്കമുള്ള ശിവലിംഗമാണ്‌ പ്രതിഷ്ഠ.
ഞങ്ങള്‍ പുറത്തേക്കിറങ്ങി.
ഭഗത്‌സിംഗിന്റെ കടയ്ക്കു പുറത്തുള്ള തുറസ്സില്‍ തീര്‍ഥാടകരുടെ വലിയ കൂട്ടം നാഗസന്യാസിയുടെ സംസാരത്തില്‍ ലയിച്ച്‌, ഇളവെയിലേറ്റിരിക്കുന്നു. ഞാന്‍ മെല്ലെ നടന്നുചെന്ന് ഭഗത്‌സിംഗിനരികിലിരുന്നു. അയാള്‍ ഞങ്ങള്‍ക്ക്‌ പ്രാതലിനുള്ള ആലുപറാത്തയും കറിയും തയ്യാറാക്കുകയായിരുന്നു. ഭഗത്‌സിംഗിന്റെ കരചലനവേഗങ്ങളില്‍ നോക്കിയിരിക്കുമ്പോള്‍, യാത്രികര്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങുന്നതറിഞ്ഞു.
തലേന്ന് കുതിരപ്പുറത്തുവന്ന ഒരു കുടുംബമാണ്‌ ആദ്യമായി മലയിറങ്ങിത്തുടങ്ങിയത്‌. അവര്‍ക്കുപിന്നാലെ ഭക്ഷണശേഷം നാഗസന്യാസിയോടും ഭഗത്‌സിംഗിനോടും യാത്രപറഞ്ഞ്‌ ഞങ്ങളും നടന്നുതുടങ്ങി; ഹിമാര്‍ദ്രമായ രുദ്രനാഥിലേക്കുള്ള പ്രയാണം മനസ്സില്‍ സങ്കല്‍പിച്ചുകൊണ്ട്‌. മേഘങ്ങളൊന്നുമില്ലാതെ തെളിഞ്ഞ അന്തരീക്ഷം. ജ്വലിക്കുന്ന സൂര്യന്‍. ചെങ്കുത്തായ ആ ഇറക്കത്തിനിടയില്‍ ശക്തിയായി മഴ പെയ്തുതുടങ്ങി. അടുത്തുകണ്ട ഒരു ഗുഹയിലേക്ക്‌ ഞങ്ങള്‍ ഓടിക്കയറി. കനമഴയില്‍ കാഴ്ചകളെല്ലാം അലിഞ്ഞുപോയി. ഗുഹയ്ക്കുള്ളില്‍ ഒരിളംചൂട്‌ ഞങ്ങളെ സ്പര്‍ശിച്ചുനിന്നു.

ലേബലുകള്‍:

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com