Vettuvan Koil; പെരുന്തച്ചന്റെ ഡീലക്സ് പതിപ്പ്
ഒരിക്കല്‍ ആറന്മുളക്കണ്ണാടി നിര്‍മിക്കുന്ന കലാകാരന്റെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ആറന്മുളക്കണ്ണാടി ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടുന്നതിനുമുമ്പായിരുന്നു അത്. സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു, തങ്ങളുടെ പൂര്‍വികര്‍ ശങ്കരന്‍കോവിലില്‍ നിന്ന് തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം ആറന്മുളയില്‍ കുടിയേറിയവരാണെന്ന്. കന്യാകുമാരിയിലെ മയിലാടിഗ്രാമത്തിലുള്ള ഒരു ശില്‍പി, തങ്ങളുടെ പൂര്‍വികര്‍ ശുചീന്ദ്രം ക്ഷേത്രവേലകള്‍ക്കായി കഴുകുമലയില്‍ നിന്ന് വന്നവരാണെന്നു പറഞ്ഞതും ഓര്‍ക്കുന്നു.
-കഴുകുമലയും ശങ്കരന്‍കോവിലും...
കലാകാരന്മാരുടെ പെരുമയുടെ മുദ്രകള്‍ പതിഞ്ഞ ഗ്രാമങ്ങള്‍. വിശ്രുതമായ ഒരു ജൈനസര്‍വകലാശാല കഴുകുമലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഈ കുറിപ്പ്, കഴുകുമലയെക്കുറിച്ചല്ല;(അത് മറ്റൊരു പോസ്റ്റില്‍) കഴുകുമലയിലെ വെട്ടുവാന്‍ കോവിലിനെക്കുറിച്ചാണ്
കലാകാരന്മാരുടെ പെരുമയുടെ മുദ്രകള്‍ പതിഞ്ഞ ഗ്രാമങ്ങള്‍. വിശ്രുതമായ ഒരു ജൈനസര്‍വകലാശാല കഴുകുമലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഈ കുറിപ്പ്, കഴുകുമലയെക്കുറിച്ചല്ല;(അത് മറ്റൊരു പോസ്റ്റില്‍) കഴുകുമലയിലെ വെട്ടുവാന്‍ കോവിലിനെക്കുറിച്ചാണ്
കരിങ്കല്ലില്‍ ഒരു കവിത
അപൂര്‍ണമായ ഒരു കവിതയാണ് വെട്ടുവാന്‍ കോവില്‍. പാറക്കെട്ടുകള്‍ താണ്ടി എത്തിച്ചേരുന്നത് ആ മാജിക്കിലേക്കാണ്. കഴുകുമലയുടെ ഭാഗമാണിവിടം. ജൈനകേന്ദ്രത്തിന്റെ വടക്കുദിശയില്‍, കിഴക്കു ദര്‍ശനമായാണ് വെട്ടുവാന്‍ കോവിലിന്റെ നില. കേക്ക് മുറിക്കുന്നതുപോലെ, ചതുരാകൃതിയില്‍ പാറ മുറിച്ചുമാറ്റി അതിന്റെ നടുവിലാണ് ആ അതുല്യമായ രചന. ചേര്‍പ്പുകളില്ലാതെ, തീര്‍ത്തും ഒരു ഒറ്റക്കല്‍ ഘടന. കൂറ്റന്‍ പാറക്കെട്ടിനെ ഉച്ചിയില്‍നിന്ന് കൊത്തിമാറ്റിയ സുന്ദര നിര്‍മ്മിതി. ദൃഷ്ടികള്‍ ആദ്യം പതിയുന്നത് ഗോപുരത്തിലൂടെ കുത്തനെ താഴേക്ക്.(സാധാരണയായി, ഒരു മന്ദിരം ദൃഷ്ടിയില്‍പ്പെടുന്നത്- അഥവാ മന്ദിരം നിര്‍മ്മിക്കുന്നത്- ലംബമായി, അടിസ്ഥാനം തൊട്ട് ആരൂഢം വരെയാണല്ലോ!)
നിശ്ശബ്ദം. ശില്‍പികളുടെ കൊത്തുളിപ്പാടുകള്‍ സ്തൂപിയില്‍ നിന്ന് താളമിട്ട് താഴോട്ട് സഞ്ചരിക്കുന്ന കാഴ്ച; മിഴിയൊന്നടച്ചാല്‍ വിദൂരത്തുനിന്ന് നേര്‍ത്തതും താളബദ്ധവുമായ ഉളിയൊച്ചകള്‍...
പെരുന്തച്ചന്‍ കോംപ്ലക്സ്
പരിചിതമായ ആ കഥ ഇവിടെയും. ശില്‍പികളായ അച്ഛനും മകനും. ക്ഷേത്രനിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അച്ഛനെയും താണ്ടി മകന്റെ ഖ്യാതി പരക്കുന്നു. അച്ഛന്‍ മകനെ വെട്ടിക്കൊല്ലുന്നു. 'വെട്ടുവാന്‍' എന്ന പേരിനു പിന്നിലെ കഥയിതാണ്. കഥയെന്തായാലും, ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് വാസ്തവം.
സമാന്തരതകളില്ലാത്ത നിര്‍മ്മിതി
കഴുകുമലയുടെ അടിവാരങ്ങള്‍ക്ക് ഒരു ജലപശ്ചാത്തലമുണ്ട്. വിദൂരങ്ങളിലേക്ക് നീണ്ടുപോകുന്ന കൃഷിയിടങ്ങളും .
പാറമുകളില്‍നിന്ന് കൊത്തുപടികളിലൂടെ താഴേക്ക്- ക്ഷേത്രത്തിലേക്ക്- ഇറങ്ങിത്തുടങ്ങുമ്പോള്‍ ഈ പശ്ചാത്തലം കാഴ്ചയുടെ അകലങ്ങളില്‍ ഡിഫോക്കസ് ചെയ്തുനിന്നു. ആദ്യനോട്ടത്തില്‍ത്തന്നെ ആ ഒറ്റക്കല്‍ക്ഷേത്രം സമുന്നത കലാംശങ്ങളുള്ള നിര്‍മ്മിതിയാണെന്ന് തിരിച്ചറിയാനാവും. അദ്ഭുതമുളവാക്കുന്ന കൊത്തുപണികള്‍. കോവിലിന്റെ വിമാനത്തിലെ ജീവന്‍തുടിക്കുന്ന ശില്‍പങ്ങള്‍, താഴോട്ടു വരുമ്പോള്‍ കലാപരമായ ഔല്‍കൃഷ്ട്യം കുറഞ്ഞും അവസാന ചെതുക്കലുകള്‍ നടത്താതെ .
ചെമ്മണ്‍നിറത്തിലുള്ള പാറയിലാണ് ക്ഷേത്രം കൊത്തിപ്പണിതിട്ടുള്ളത്. വ്യത്യസ്തതരം ഉളിപ്പാടുകള്‍ ക്ഷേത്രഭിത്തിയിലും അതിര്‍ഭിത്തിയിലുമൊക്കെ കാണാം.
ഉമയും ശിവനും, ബ്രഹ്മാവ്, നരസിംഹമൂര്‍ത്തി, സംഗീതവാദകരായ ഗണങ്ങള്‍... മിഴിവാര്‍ന്ന ശില്‍പങ്ങള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ശില്‍പം. മൃദംഗവാദനത്തിന്റെ ആനന്ദലഹരിയിലമര്‍ന്ന്, മിഴിപൂട്ടി ലയിച്ചിരിക്കുന്ന ജടാധാരിയായ ശിവരൂപം. പിന്നില്‍ അമ്പിളിപ്പൂംപിറ. മടിയില്‍ മൃദംഗം. സംഗീതവല്‍ക്കരിക്കപ്പെട്ട ഒരു സ്വപ്നം പോലെ .
പാണ്ഡ്യ കലാപാരമ്പര്യത്തില്‍ അപൂര്‍വത്തില്‍ അത്യപൂര്‍വമാണ്,അപൂര്‍ണമെങ്കിലും, ഈ നിര്‍മ്മിതിയെന്ന് കലാനിരൂപകര്‍.
ഈ മുഗ്‌ധതയ്ക്ക് അകക്കണ്ണും ശിലയിലുറഞ്ഞുപോയ സംഗീതത്തിന് കാതും നല്‍കാന്‍ തയ്യാറുള്ള സഞ്ചാരിക്കുവേണ്ടി വെട്ടുവാന്‍ കോവില്‍ കാത്തുനില്‍ക്കുന്നു; കഴുകുമലയുടെ ഓരത്ത്.
വഴി: തിരുവനന്തപുരം-മധുര റൂട്ടില്‍ കോവില്‍പ്പട്ടിയിലിറങ്ങണം. ഇവിടെനിന്ന് ശങ്കരന്‍കോവിലിലേക്കുള്ള വഴിമധ്യേയാണ് കഴുകുമല. കൊല്ലത്തു നിന്ന് തെങ്കാശി-പുളിയാംകുടി-ശങ്കരന്‍കോവില്‍ വഴി കഴുകുമലയിലെത്താം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ