അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ചൊവ്വാഴ്ച, ഏപ്രിൽ 21, 2009

Azhagar Koil; വനവും വാനരവും



മധുര നഗരത്തിലെത്തുമ്പോള്‍ ഒരു സ്നേഹക്ഷണം- കള്ളഴഗര്‍ കോവില്‍. മധുരയില്‍ നിന്ന് 19 കി.മീറ്റര്‍ ദൂരെ വനപ്പകുതിയിലാണ്‌ അഴകരുടെ കോവില്‍[പെരിയാര്‍ ബസ്‌ നിലയത്തില്‍ നിന്ന് ഇവിടേക്ക്‌ അടിക്കടി ബസ്സുണ്ട്‌].
മധുരമീനാക്ഷിയും അഴഗര്‍സ്വാമിയും

മീനാക്ഷീകല്യാണമാണ്‌ മധുരയിലെ ചിത്തിര വിഴാ. ഉത്സവനാളില്‍ അഴഗര്‍ സ്വാമി മധുരയിലേക്ക്‌ ആറാട്ടിനെത്തും. വൈഗൈ നദിയില്‍ വെള്ളമില്ലാക്കാലത്ത്‌ വന്‍സംഘമായാണ്‌ ആറാട്ടെഴുന്നള്ളത്ത്‌. അഴഗര്‍ സ്വാമി മധുര മീനാക്ഷിയുടെ ഉടപ്പിറപ്പാണെന്നാണ്‌ വിശ്വാസം.


അഴഗര്‍ കോവില്‍

തമിഴര്‍ കൂട്ടമായെത്തുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണിത്‌. ബസ്സിലും ലോറികളിലുമെത്തി, വലിയ ചരുവങ്ങളില്‍ ഭക്ഷണമുണ്ടാക്കി, താവളമടിച്ച്‌ ഒരു സാമൂഹികാഘോഷമായി യാത്രയെ മാറ്റുന്ന തമിഴ്‌രീതി ഇവിടെയും കാണാം. വാനരങ്ങള്‍ കുത്തിമറിയുന്ന കാഴ്ചയാകും അഴകരുടെ മന്ദിരത്തിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ ഒന്നാമതായി കാണാന്‍ സാധിക്കുന്നത്‌. ഭയമില്ലാതെ അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വിശാലമായ പറമ്പും കോട്ടയും ക്ഷേത്രത്തിനു ചുറ്റുമുണ്ട്‌. ക്ഷേത്രത്തോടു ചേര്‍ന്ന് വനമാണ്‌. ഉപേക്ഷിക്കപ്പെട്ട പുരാതനമായ ചില കരിങ്കല്‍ നിര്‍മ്മിതികള്‍ ക്ഷേത്രത്തിനു ചുറ്റുവട്ടത്ത്‌ കാണാം. മധുരൈ നായിക്കന്മാരുടെ കുലക്ഷേത്രമായിരുന്നു ഇത്‌.
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തില്‍ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒട്ടേറെ തീര്‍ഥാടകര്‍. വലിയ വ്യാളീരൂപങ്ങളും ദേവതാരൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മണ്ഡപത്തിന്റെ മുഖ്യ സവിശേഷതയാണ്‌. ശരിക്കും അതൊരു വിശ്രമമന്ദിരം കൂടിയായിരിക്കുന്നു.
കലയുടെ കരസ്പര്‍ശം കൊണ്ട്‌ സമ്പന്നമാണ്‌ അഴഗര്‍ കോവില്‍. ശാന്തിയുടെ പൗരാണികതാളം ത്രസിച്ചുനില്‍ക്കുകയാണ്‌ ഈ കൂറ്റന്‍ ക്ഷേത്രത്തിനുള്ളില്‍. ഉള്ളിലേക്കു കടന്നാല്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്‌ കൂനകൂട്ടിയിട്ടിരിക്കുന്ന നെല്ല്. ഭക്തര്‍ കാണിക്കയിടുന്നതാണ്‌. നിശ്ചലം തിളങ്ങുന്ന എണ്ണവിളക്കുകള്‍. ഉള്ളിലൊരിടത്ത്‌ തൊഴുകൈയുമായി നില്‍ക്കുന്ന നായക്ക്‌ രാജാവിന്റെ പ്രതിമയും കാണാം.
പ്രധാനക്ഷേത്രത്തിനു മുന്നിലെ സപ്തസ്വരമണ്ഡപം ഏറ്റവും സുന്ദരവും കൗതുകകരവുമാണ്‌. കാതുചേര്‍ത്തുവച്ച്‌, കരിങ്കല്‍ത്തൂണുകളില്‍ മെല്ലെ മുട്ടിയാല്‍ വിവിധ സ്വരങ്ങള്‍ കേള്‍ക്കാം. അഴഗര്‍ കോവിലില്‍ നിന്ന് മൂന്ന് കി.മീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയില്‍ ചെന്നെത്തും. കാട്ടിനുള്ളിലുള്ള പ്രകൃതിദത്തമായ വെള്ളക്കുതിപ്പാണ്‌ ഇവിടേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നത്‌. ഇവിടെ ഒരു ക്ഷേത്രമുണ്ട്‌. അഗസ്ത്യരുടെ പേരിലുള്ള സംരക്ഷിത ഔഷധ വനമേഖലയാണിത്‌.

ലേബലുകള്‍: ,

1 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com