BHAVANI; ഭവാനി കൂടും തുറ

തമിഴ് സംസ്കാരത്തിന്റെ ജീവനാഡിയാണ് കാവേരി. കര്‍ണ്ണാടകത്തില്‍ നിന്ന് കാവേരി തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന ധര്‍മ്മപുരി മുതല്‍ കിഴക്കന്‍ കടലില്‍ പതിക്കുന്ന കാവേരിപൂംപട്ടണം (പൂംപുഹാര്‍) വരെയുള്ള യാത്ര തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാണ്. കാവേരീതീരത്തെ ഒരു ചെറു പട്ടണമാണ് ഭവാനി. "ഭവാനി കൂട്ടുത്തുറൈ" എന്നാണു പറയുക. കേരളത്തിലെ ഭവാനി നദി (കിഴക്കോട്ടൊഴുകുന്ന നദി) കാവേരിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് ഒരുമിക്കുന്നത് ഇവിടെയാണ്.
സത്യത്തില്‍, ഒരു ഫോട്ടോഗ്രാഫാണ് ഈ സ്ഥലത്തേക്ക് ആകര്‍ഷിച്ചത്. നിറഞ്ഞ നദിക്കു നടുവിലെ ഒരു തുരുത്തിന്റെ ദൃശ്യമായിരുന്നു അതില്‍. (മുമ്പ് ഹൊഗനക്കലിലേക്ക് ആകര്‍ഷിച്ചതും ഒരു ബ്രോഷറില്‍ കണ്ട ഫോട്ടോഗ്രാഫായിരുന്നു. നദിയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു പാറക്കെട്ടും അതിനു മുകളിലെ ചെറുവൃക്ഷവും നദിയില്‍ സഞ്ചാരം ചെയ്യുന്ന പരിശലുകളും. മൂന്നാം തവണ-ആറു കൊല്ലം മുമ്പാണത്-അവിടെ ചെന്നപ്പോഴാണ് ആ മനോഹര തീരം കണ്ടെത്താനായത്. സഞ്ചാരികള്‍ തീരെ ചെല്ലാത്ത, സജീവമായ നദിയോരം!)
അങ്ങനെ, ഒരു സേലം യാത്രയ്ക്കിടയില്‍, ഭവാനി കൂട്ടുത്തുറയിലേക്ക് യാത്ര തിരിച്ചു. വേനലില്‍ മെലിഞ്ഞ കാവേരിയും ആഴത്തിന്റെ പച്ചകലര്‍ന്ന ഭവാനിയും. വെള്ളം കൂടുതലുള്ള കാലത്തെ മനസ്സില്‍ സങ്കല്‍പിക്കാനേ കഴിഞ്ഞുള്ളൂ.
ഭവാനി കാവേരിയോടു സംഗമിക്കുന്ന ആ തീരത്ത് ഒരു ക്ഷേത്രമുണ്ട്.സംഗമേശ്വര ക്ഷേത്രം. സംഗമേശ്വരനും വേദനായകിയുമാണ് മൂര്‍ത്തികള്‍. പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണവിടം. നദിയിലേക്ക് നിരവധി പടവുകള്‍. കൊച്ചു കൊച്ചു കൂട്ടങ്ങള്‍. സങ്കടത്തിന്റെയും വേര്‍പാടിന്റെയും നീറ്റല്‍ അവരുടെ കണ്ണുകളില്‍ കാണാം. ദക്ഷിണദിക്കിലെ ത്രിവേണി എന്നുകൂടി അറിയപ്പെടുന്ന ആ സംഗമസ്ഥാനത്ത്, പരേതരുടെ സംസ്കാരാവശിഷ്ടങ്ങളുമായെത്തി, മരണാനന്തരക്രിയകള്‍ ചെയ്യുന്നവരുടെ ഒച്ചയില്ലാത്ത ചലനങ്ങളിലും നദിയുടെ ഓളങ്ങളില്‍ തിളങ്ങി മറിയുന്ന സൂര്യപ്രകാശത്തിലും മിഴികള്‍ പായിച്ച്, ഒരു വൃക്ഷഛായയിലെ പടവുകളിലിരുന്ന അപരാഹ്നത്തിന്റെ ഓര്‍മയാണ് ഇപ്പോള്‍ ഭവാനി കൂട്ടുത്തുറൈ.
(***)
ലേബലുകള്‍: കാവേരി., തമിഴ്നാട്, യാത്ര

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ