അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ചൊവ്വാഴ്ച, ഏപ്രിൽ 28, 2009

YERCAUD; ഓറഞ്ച്‌- ഒരു ഓര്‍മക്കുറിപ്പ്‌




കുളിര്‍മയുള്ളതും സൂര്യപ്രകാശം അരിച്ചിറങ്ങുന്നതുമായ ഒരു പ്രഭാതത്തിലെ കാട്ടുപാതയെ അനുസ്മരിപ്പിക്കുന്നു, ഓറഞ്ച്‌. ശരിക്കും ഒരു ഓര്‍മക്കുറിപ്പ്‌.







സേലത്തു നിന്ന് വേനലുറച്ച ഒരു പകല്‍യാത്ര. പച്ചപ്പും കുന്നുകളും പിന്നിലേക്കോടിക്കൊണ്ടിരുന്നു. കൃഷിയിടങ്ങളിലെ കൂറ്റന്‍ മണ്‍പ്രതിമകള്‍-കുതിരകളും ഗ്രാമദേവതകളും-ചൂളം കുത്തുന്ന കാറ്റ്‌. ആ യാത്ര






പിന്നീട്‌ മല കയറി, ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌ കുളിര്‍മയുടെ ഭൂതലത്തിലെത്തിച്ചു.നനുത്ത സുഗന്ധം ലേപനം ചെയ്ത തുകില്‍ പോലെ, ഏര്‍ക്കാട്‌...

സേലത്തു നിന്ന് 35 കിലോമീറ്റര്‍ അകലെയാണ്‌ ഏര്‍ക്കാട്‌. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഹില്‍സ്റ്റേഷന്‍. ഒരു തടാകവും അതിലെ ബോട്ടുസവാരിയും, ഓര്‍ക്കിഡോറിയം,പഗോഡ പോയിന്റ്‌, ലേഡീസ്‌ പോയിന്റ്‌ തുടങ്ങിയവയാണ്‌ മുഖ്യ ആകര്‍ഷണം. വളരെയധികം ധാതുനിക്ഷേപമുള്ള പ്രദേശമാണ്‌. ടെലിസ്കോപ്പിലൂടെ അകലങ്ങളെ കണ്ണെത്തിത്തൊടുന്ന സഞ്ചാരിക്കൂട്ടത്തിനരികില്‍ നിന്ന് ദൂരേക്കു നീണ്ടുപരന്നു പോകുന്ന കാഴ്ചകള്‍ നോക്കി നില്‍ക്കുകയായിരുന്നു. മലമുകളിലൂടെ കുളിര്‍മയുള്ള സുഗന്ധവായു മെല്ലെ വീശിക്കൊണ്ടിരുന്നു. (അക്കാലത്ത്‌ ഞങ്ങളുടെ യാത്രകളിലെ പ്രധാന കൂട്ടാളിയായി ഒരു കുഞ്ഞു ടേപ്പ്‌റിക്കോര്‍ഡര്‍ ഉണ്ടായിരുന്നു. സഞ്ചാരിക്കുഞ്ഞുങ്ങളുടെ അതിശയം ജനിപ്പിക്കുന്ന സംഭാഷണങ്ങളും സംഭാഷണങ്ങള്‍ക്കപ്പുറമുള്ള ശബ്ദഭാവങ്ങളും റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു. രാത്രി, നിലാവില്‍ പുതഞ്ഞുകിടന്ന തടാകക്കുളിരിലൂടെ നടക്കുമ്പോള്‍ രണ്ട്‌ സ്ത്രീകള്‍ ഒരു നായയെച്ചൊല്ലി സംസാരിക്കുന്നതും അതിന്റെ പ്രത്യേക ഈണവും ഇപ്പോഴും ഓര്‍ക്കുന്നു.) കുട്ടികളുടെ പാര്‍ക്ക്‌, ഓഷോ കേന്ദ്രം എന്നിവയും ഏര്‍ക്കാടില്‍ ഉണ്ട്‌.

അകലെ മലകള്‍ക്കു മുകളിലുള്ള ക്ഷേത്രത്തെയും അവിടെ ഉത്സവം കൂടാനെത്തുന്ന മലയാളര്‍ എന്ന ആദിവാസി വിഭാഗത്തെയു കുറിച്ച്‌ വായിച്ചിരുന്നു. പിറ്റേന്നു രാവിലെ അവിടേക്കു പോയി. പകുതിയില്‍ ബസ്സിറങ്ങി ഓറഞ്ചു തോട്ടങ്ങളും ചെറുവനങ്ങളും കുന്നുകളും താണ്ടിയാണ്‌ അവിടെ എത്തിച്ചേരേണ്ടത്‌. ബസ്സിറങ്ങുന്നിടത്ത്‌ രുചികരമായ ഇഞ്ചിച്ചായ കിട്ടും. അത്‌ തണുപ്പിനെതിരെ പ്രവര്‍ത്തിക്കും.


കുളിര്‍മ,സൂര്യപ്രകാശം,ഓറഞ്ചു തോട്ടം... ഓറഞ്ചു തോട്ടത്തിനുള്ളിലൂടെ നടന്നുപോകുമ്പോള്‍, പെട്ടെന്ന് ഓറഞ്ച്‌ ദാഹിച്ചു. ദൂരെ ഒരു വീട്‌ കണ്ടു. പാതയിലൂടെ നടന്നുപോകുമ്പോള്‍ അവിടെയുള്ള ഒരാള്‍ ഞങ്ങള്‍ക്കെതിരെ വന്നു. ഒറ്റചോദ്യം, എന്തുവേണം. ഓറഞ്ചു തരുമോയെന്ന് അയാളോട്‌ കൊതിയോടെ ചോദിച്ചു. ഇല്ലെന്ന് അയാള്‍ പറഞ്ഞു. വീണ്ടും ഏതാനും കിലോമീറ്ററുകള്‍ താണ്ടി, ഒടുവില്‍ ആ ക്ഷേത്രത്തിലെത്തി. അവിടെ ഉത്സവം കഴിഞ്ഞുള്ള ദിവസങ്ങളായിരുന്നു.

ഒരു മലയ്ക്കുള്ളിലേക്ക്‌ നീണ്ട ഒരു തുരങ്കമുണ്ട്‌. ഉള്ളിലേക്കു ചെല്ലുമ്പോള്‍ ഏതോ ഒരാളുടെ സമാധിക്കരികിലെത്തും. അവിടെ ചിലര്‍ ആരാധനയോടെ നില്‍ക്കുന്നു. ആ തുരങ്കത്തിലൂടെയുള്ള യാത്ര സുഖകരമായ ഒരനുഭവമായിരുന്നു.

ആഘോഷപൂര്‍വമാണ്‌ കുന്നിറങ്ങിയത്‌. കുന്നുകളില്‍ പലയിടത്തായി ഖനനം നടക്കുന്നുണ്ട്‌. കാട്ടിനുള്ളില്‍ ഒരു സംഘം മരം മുറിക്കുന്നു. ഇടയ്ക്കു ചില നീര്‍ച്ചാലുകള്‍... നടന്നു നടന്ന് പഴയ തോട്ടക്കാരന്റെ വീടിനടുത്തുള്ള വളവിലെത്തിയതും, അതാ നില്‍ക്കുന്നു അയാള്‍. രണ്ടു കൈയിലായി രണ്ട്‌ ഓറഞ്ചുകള്‍. അപ്പോള്‍ പറിച്ചെടുത്തത്‌. തോട്ടത്തിന്റെ പുതുമ എന്നൊക്കെ പറയുമ്പോലെ. ഞങ്ങള്‍ കാശുകൊടുത്തു. അയാള്‍ നിഷേധപൂര്‍വം തല ചലിപ്പിച്ചു. എന്നിട്ടു പറഞ്ഞു, ഇത്‌ സ്നേഹമാണ്‌.

റോസിന്റെയും യൂക്കാലിപ്റ്റസിന്റെയും പരിമളത്തോടൊപ്പം ഇപ്പോള്‍ പെട്ടെന്നോര്‍ക്കുന്നത്‌, തടാകതീരത്തെ ഒരു കൊച്ചു കടയില്‍ നിന്നു കഴിച്ച ഭക്ഷണത്തിന്റെ രുചിയാണ്‌; അത്‌ വിളമ്പിത്തന്നത്‌ ഒരു കൊച്ചു കൂട്ടുകാരന്‍- അവനെ മറക്കാനേ പാടില്ല.

ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com