CHITHARAL ; താഴമ്പൂ മണക്കുന്നതിനാല്‍
കന്യാകുമാരിയിലേക്ക് യാത്രപോകുന്നവര്‍ക്ക് കാലെത്തും ദൂരത്ത് ഒരു ജൈനസാംസ്കാരിക സ്മാരകമുണ്ട്-ചിതറാള്‍. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനത്തു നിന്ന് ഏറെ അകലെയെല്ല ഇവിടം. തിരുച്ചരണ്‍ മല, തിരുച്ചരണത്തു മല എന്നീ പേരുകളിലും ഈ പര്‍വതഭാഗം അറിയപ്പെടുന്നു.(ചരണന്മാരുടെ/ശമണന്മാരുടെ മല എന്നര്‍ത്ഥം.മാര്‍ത്താണ്ഡത്തു നിന്ന് തിക്കുറിശ്ശി വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, ചിതറാള്‍ ജംഗ്ഷന് ഒരു കിലോമീറ്റര്‍ മുന്നിലായി (പ്രാദേശികമായി മലൈക്കോവില്‍ എന്നു പറയുന്നു) ബസ്സിറങ്ങാം. പ്രസിദ്ധമായ 'ശിവാലയ ഓട്ട'ത്തിലെ 12 ശിവാലയങ്ങളില്‍ രണ്ടാമത്തെ ആലയം (തിക്കുറിശ്ശി ശിവക്ഷേത്രം) സഞ്ചാരവഴിയില്‍ ആറ്റുതീരത്താണ്. അതിനും മുമ്പ് താമ്രപര്‍ണിയാറ്റിനു കുറുകെ ഒരു പാലമുണ്ട്. ഒരു മനോഹര സന്ധ്യയില്‍ അസ്തമയസൂര്യന്‍ ചെന്തീ പോലെ നദിയിലേക്ക് ലയിച്ചുകിടക്കുന്നത് ആ പാലത്തിന്മേല്‍ നിന്നു കണ്ടത് ഓര്‍മയിലുണ്ട്
ഗ്രാമകവാടം
കമാനാകൃതിയിലുള്ള പ്രവേശനകവാടം കടന്നാണ് ചിതറാളിലെ മലൈക്കോവിലിലേക്കു പോകാന്‍. മലയടിവാരത്തില്‍ ഒരു ചര്‍ച്ചും കുറെ വീടുകളും. മലയുച്ചിയിലേക്കുള്ള പാത നവീകരിച്ച്, ഇരുപുറങ്ങളിലും ഇടയ്ക്കിടെ തണല്‍മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ(ASI)യുടെ സംരക്ഷണയിലാന് ഈ സ്മാരകം ഇപ്പോള്‍. പത്തുമണിനേരത്തെ പൊള്ളുന്ന വെയിലിലൂടെ ഒരു ട്രെക്കിംഗ് ഇഫക്ടോടെ മലകയറിത്തുടങ്ങി.
സിദ്ധന്മാരുടെ മല
മലകയറുമ്പോള്‍ ചിതറാള്‍ എന്ന സ്ഥലനാമത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ജൈനസിദ്ധന്മാര്‍ പാര്‍ത്തിരുന്ന ഇടമാണ്. എട്ടാം ശതകത്തില്‍ ഇതൊരു ജൈനകേന്ദ്രമായിരുന്നു. ചിതറാളിലും കോട്ടാറിലുമൊക്കെയുള്ള ജൈനവിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി തൂത്തുക്കുടി ജില്ലയിലുള്ള കഴുകുമലയിലെ ജൈന സര്‍വകലാശാലയിലേക്കാണ് പോയിരുന്നത്. കഴുകുമലയിലെ അദ്ധ്യാപകരില്‍ ചിലര്‍ ചിതറാളിലുള്ളവരായിരുന്നത്രേ. പുരുഷാദ്ധ്യാപകരെ കുറവനെന്നും അദ്ധ്യാപികമാരെ കുറത്തിയെന്നുമാണ് വിളിച്ചിരുന്നത്.(കഴുകുമലയെക്കുറിച്ച് തുടര്‍ന്നു വരുന്ന പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍.)
തമിഴില്‍ സന്യാസിമാരെ സിത്തര്‍കള്‍(സിദ്ധര്‍കള്‍) എന്നാണ് പറയാറുള്ളത്. ഇത് ചിത്തര്‍കള്‍ എന്നും സിദ്ധര്‍കളുടെ ഇടം സിത്തറാള്‍>>ചിതറാള്‍ എന്നും ഉച്ചരിക്കപ്പെട്ടതാകാം. (സിദ്ധര്‍കള്‍>>സിത്തര്‍കള്‍>>ചിത്തര്‍കള്‍>>ചിതറാള്‍, ഇങ്ങനെ). തീര്‍ത്തും സാങ്കല്‍പികവും, ഈ കുറിപ്പെഴുതുന്ന ആളുടെ ഭാവനയും മാത്രമാണിത്. ഭാവിയില്‍ ഏതെങ്കിലും ഡോക്ടറല്‍ തീസ്സിസെഴുത്തുജീവി ഇപ്പടിയൊരു വ്യാഖാനം ചമച്ചാല്‍, അത് ആ മാന്യദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കും).
പൂനിറങ്ങളാല്‍ അലംകൃതമായിരുന്നു ചുറ്റുപാടും. കുട്ടിക്കാലത്തിന്റെ ഓര്‍മക്കുളിരുമായി തെറ്റിപ്പഴങ്ങളും തുമ്പികളും. അനേകം പേരറിയാച്ചെടികള്‍ക്കിടയില്‍ തുമ്പയും തെറ്റിപ്പൂക്കളും. ഇടയ്ക്ക് ഒരു മഴ കടിഞ്ഞാണയച്ച്, കുളമ്പടിച്ച്, ഓടിപ്പോയി. പിന്നെയും വെയില്‍ കത്തിനിന്നു. ഏകദേശം ഒരു കിലോമീറ്റര്‍ നടപ്പുദൂരം മലയടിവാരത്തു നിന്ന് മലയുച്ചിയിലേക്കുണ്ട്.
പ്രകൃതി ഒരു ജാലകം
നടത്തയുടെ ആയാസമറിയാതിരിക്കാന്‍ ദീര്‍ഘമായി ശ്വാസമെടുത്ത്, അകലങ്ങളിലൂടെ കണ്ണോടിച്ചാല്‍... എണ്ണച്ചായത്തിലെഴുതിയ ഒരു ജാലകചിത്രം പോലെ നദിക്കു കുറുകെ ചാഞ്ഞ തെങ്ങും പ്രസരിപ്പോടെ തിളങ്ങുന്ന വെയിലും. സഹ്യന്റെ വിരിനെഞ്ചിലൂടെ മേഘങ്ങളുടെ തേരോട്ടം. അവിടവിടെയായി ഗ്രാമത്തലപ്പുകള്‍. കൊല്ലത്തു നിന്നും മറ്റും കള്ളക്കടത്തായി കൊണ്ടുവന്ന കശുവണ്ടി ഫാക്ടറികളില്‍ നിന്നുയരുന്ന പുക പതാക വീശുന്നു. എഴുന്നുയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങളും മൊബൈല്‍ ടവറുകളും. താമ്രപര്‍ണിയുടെ കരകളിടിച്ച് വളരുന്ന ഇഷ്ടികക്കളങ്ങളുടെ സങ്കടക്കാഴ്ച...
വര്‍ത്തമാനത്തില്‍ നിന്ന് മെല്ലെ ഭൂതത്തിലേക്കാണ് കയറിപ്പോകുന്നത്.
പൂര്‍വാഹ്നത്തിന്റെ മോഹനരാഗത്തിലൂടെ പറന്നുല്ലസിക്കുന്ന പൂമ്പാറ്റകള്‍, സ്നിഗ്ധമായ വായു.
മലയുടെ മേല്‍ത്തട്ടില്‍ ജൈനക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം. ഒന്നുരണ്ടു പടവുകള്‍ കയറി,
രണ്ടു പാറകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ ചരല്‍പ്പാതയിലൂടെ നടക്കുമ്പോള്‍ പശ്ചിമഘട്ട ഗിരിനിരകള്‍ക്കു മുകളിലെ ശുഭ്രമായ ആകാശത്തിന്റെ വശ്യത.


നടപ്പാത ചെന്നുചേരുന്നത് ഒരു ശിലാഭിത്തിക്കരികില്‍. ഉപദേവതകളുടെയും തീര്‍ത്ഥങ്കരന്മാരുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മുക്കുട ചൂടി, നീണ്ട കാതുകളുള്ള സിദ്ധന്മാരുടെ ധ്യാനാവസ്ഥയിലുള്ള (നില്‍ക്കുന്ന/ഇരിക്കുന്ന) ശില്‍പങ്ങള്‍. ശാന്തമായ മുഖഭാവം. ശില്‍പങ്ങള്‍ക്കിടയില്‍ വട്ടെഴുത്തിലുള്ള ആലേഖനങ്ങളുമുണ്ട്. ആ തട്ടില്‍ നിന്ന് ചുവട്ടിലേക്ക് ഏതാനും പടവുകള്‍. ഇറങ്ങിച്ചെല്ലുന്നത് ജൈനക്ഷേത്രത്തിലേക്ക്. മൂന്ന് അറകളും ഹാളും മടപ്പള്ളിയുമുള്ളതാണ് ക്ഷേത്രം. മഹാവീരന്‍, പദ്‌മാവതി, പാര്‍ശ്വനാഥന്‍ എന്നീ പ്രതിഷ്ഠകള്‍. ഉള്ളിലെ ഇരുട്ടില്‍-കൊത്തിവച്ചതുപോലെ-നിശ്ചലം കത്തുന്ന നെയ്ത്തിരി. ക്ഷേത്രത്തിന്റെ വടക്കു ദിക്കിലായി പാറയില്‍ വട്ടെഴുത്തു ലിപിയിലുള്ള കല്‍വെട്ടുശാസനം കാണാം. ക്ഷേത്രമുറ്റത്തു നിന്നുള്ള പടവുകള്‍ ഒരു കുളത്തിലേക്കു നയിക്കുന്നു.
ആകാശത്തേക്കു തുറന്നുപിടിച്ച മിഴിപോലെ ആ ക്ഷേത്രക്കുളം. കൂട്ടമായി നീന്തുന്ന മീന്‍കുഞ്ഞുങ്ങള്‍. ഓരത്തു പൂത്തുനില്‍ക്കുന്ന താഴമ്പൂ മരത്തിന്റെ ഓലകള്‍ കാറ്റിലിളകുന്നു. പഴമയുടെ വസ്ത്രഗന്ധങ്ങളെയും കുട്ടിക്കാലത്തെ ശീതളമായ രാവുകളെയും ഓര്‍മിപ്പിക്കുന്ന പരിമളം(മലമുകളില്‍ കണ്ണാടിത്തിളക്കമുള്ള പല കുളങ്ങളുണ്ട്). അപൂര്‍വം ടൂറിസ്റ്റുകളും ക്ലാസ്സ് കട്ട് ചെയ്ത് വന്നിരിക്കുന്ന ചില വിദ്യാര്‍ത്ഥികളും ക്ഷേത്രപരിസരത്ത് ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
ജൈനകാലത്തിന്റെ ചരിത്രസ്പര്‍ശത്തില്‍ നിന്ന് കുന്നിറങ്ങുമ്പോള്‍, കുട്ടിക്കാലത്തിന്റെ ഏകാന്തതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന താഴമ്പൂമണം, ഒരു ഗീതം പോലെ നിറയാന്‍ തുടങ്ങി.
വഴി: തിരുവനന്തപുരം-കന്യാകുമാരി പാതയില്‍ നാഗര്‍കോവിലിന് 28 കിലോമീറ്റര്‍ മുമ്പ് മാര്‍ത്താണ്ഡം. ഇവിടെ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിതറാളിലെത്താം.
കുറിപ്പ്: കുടയും വെള്ളവും കരുതുക. വെയില്‍ മൂക്കുന്നതിനു മുമ്പ് മല കയറുന്നത് നന്ന്.
ലേബലുകള്‍: ജൈനമതം, തിരുവിതാംകൂര്‍, പുരാവസ്തു, യാത്ര





ഇനിയും യാത്രകളും അനുഭവങ്ങളും എഴുതും എന്ന പ്രതീക്ഷയുടെ, തിരുച്ചരണത്തു മല യെ കുറിച്ചു പറഞ്ഞു തന്നതിനു നന്ദി.