അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

വ്യാഴാഴ്‌ച, ജൂൺ 18, 2009

TIRUPARAMKUNDRAM; മലമുകളിലെ ദര്‍ഗ


മധുര നഗരത്തിലേക്കു പ്രവേശിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ തീവണ്ടി കിതച്ചുനില്‍ക്കുന്ന പുലര്‍കാലം. വെളിച്ചത്തിന്റെ പ്രസരിപ്പ്‌ ഉറവെടുക്കുന്ന ആ നേരത്ത്‌ ഒരു സാന്നിധ്യമായി ആ വന്‍മല--തിരുപ്പറകുന്‍ട്രം- ഉയര്‍ത്തിപ്പിടിച്ച പെരുവിരല്‍ പോലെ.

മധുരയിലെത്തിയാല്‍ നിശ്ചയമായും തിരുപ്പറകുന്‍ട്രം സന്ദര്‍ശിക്കാതെ മടങ്ങിവരാനാവില്ല. മിക്കവാറും, അപരാഹ്നമൊടുങ്ങുമ്പോഴാകും ആ മണ്ണില്‍ കാലുകള്‍ പതിയുക.



മുരുകന്റെ മലയടിവാരം
തമിഴരുടെ പ്രിയദേവതയാണ്‌ മുരുകന്‍. കുന്നുള്ളിടത്ത്‌ കുമരനിരിക്കുന്നുവെന്ന് പ്രസിദ്ധമായ ഒരു ചൊല്ലു തന്നെയുണ്ട്‌. തിരുപ്പറകുന്‍ട്രം


മുരുകന്റെ 'അറുപടൈ വീടു'കളിലൊന്നാണ്‌.(തിരുപ്പറകുന്‍ട്രത്ത്‌ നീ സിരിത്താല്‍ മുരുകാ... എന്ന പാട്ടുപാടി ഞങ്ങളുടെ നാട്ടിലെത്തുമായിരുന്ന ഒരു തമിഴ്‌ പാട്ടിയുടെ തേനൊലി, കുട്ടിക്കാലത്തിന്റെ വിസ്മയമായി, ഇതാ, ഇപ്പോഴും കാതില്‍ കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു!)


മലയുടെ ചുവട്ടിലാണ്‌ മുരുകന്റെ ആലയം. എന്നാല്‍, ഏറെ ആകര്‍ഷണം, മലമുകളിലേക്കുള്ള യാത്ര തന്നെ. ഗൃഹാതുരത്വം എന്നൊക്കെ പറയാവുന്ന തരത്തില്‍ വലിയൊരടുപ്പം സൃഷ്ടിക്കുന്ന തെരുവ്‌ താണ്ടി, മലകയറുമ്പോള്‍ തുടക്കത്തില്‍ നിരവധി പടവുകള്‍ കൊത്തിവച്ചിട്ടുണ്ട്‌. ആ ദൃശ്യം ഓര്‍ത്തെടുക്കുകയാണെങ്കില്‍, ഇങ്ങനെ-
മലകയറുന്ന പാദങ്ങള്‍;
ചെണ്ടക്കോല്‍ സ്‌ലോമോഷനില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
മിന്നലിന്റെ സന്ധ്യ
അതിവിചിത്രമായ ഒരു അസ്തമയക്കാഴ്ച ഓര്‍ക്കുന്നു. പടിഞ്ഞാറ്‌ അസ്തമയം പൂര്‍ണമായിക്കൊണ്ടിരിക്കേ, കിഴക്കുദിക്കില്‍ മിന്നലൊളികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വളരെനേരം അത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു.
മലകയറിച്ചെല്ലുമ്പോള്‍ ചില ഖബറിടങ്ങള്‍ കാണാം. വെള്ളിയാഴ്ചകളില്‍ ധാരാളം സന്ദര്‍ശകര്‍ ഇവിടെയുണ്ടാകും. ചന്ദനത്തിരികള്‍ പുകഞ്ഞുകൊണ്ടിരിക്കും.
ഇവിടെനിന്ന് വലതുവശത്ത്‌ മുകളിലേക്ക്‌ കുത്തനെ ഒരു ഒറ്റയടിപ്പാത. അത്‌ ചെന്നുചേരുന്നത്‌ മലമുകളിലെ ദര്‍ഗയിലാണ്‌. തിരുപ്പറകുന്‍ട്രം മലയടിവാരത്തിലാണ്‌ മുരുകന്റെ ആലയമെങ്കില്‍, മലയുച്ചിയില്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്തുള്ള ദേവാലയമാണ്‌ ഈ ദര്‍ഗ. വളരെ പഴക്കമുണ്ട്‌ ഈ മുസ്‌ലിം ദേവാലയത്തിന്‌. എല്ലായ്പോഴും കുറെ സന്ദര്‍ശകരുണ്ടാവും ഇവിടെ. ദര്‍ഗയുടെ തൊട്ടു താഴെ മറ്റൊരു ദേവാലയമുണ്ട്‌- കാശി വിശ്വനാഥക്ഷേത്രം. മുന്‍പു കണ്ട ഖബറുകളുടെയടുത്തുനിന്നുള്ള മറ്റൊരു വഴിയിലൂടെ വേണം അവിടേക്കു പോകാന്‍.(മലയുടെ മറുഭാഗത്തുള്ള നിരത്തില്‍ നിന്നും മലയുച്ചിയിലേക്ക്‌ ധാരാളം പടവുകളാല്‍ നിര്‍മ്മിച്ചിരിക്കുന്നതാണ്‌ ആ ക്ഷേത്രത്തിന്റെ മുഖ്യ പാത.)
വളരെ പുതിയൊരു ക്ഷേത്രമാണിത്‌. മലയുച്ചിയിലെ ദര്‍ഗ അലോസരമായി മാറിയ ഏതോ 'ഹൈന്ദവ'ചിത്തത്തില്‍ പിറന്ന ആശയമാകണം ക്ഷേത്രനിര്‍മ്മിതിക്കു കാരണം. ക്ഷേത്രപരിസരത്ത്‌ വലിപ്പമുള്ള ധാരാളം കുരങ്ങന്മാരെ കാണാനാകും. അസ്തമയത്തിനു തൊട്ടുമുന്‍പു ചെന്നാല്‍, തികച്ചും ആഹ്ലാദകരമായ ഒരു കാഴ്ചാനുഭവമായിരിക്കും. ദൂരെ താഴ്ചയില്‍ ഒരു നീര്‍ത്തടവും ചെറുവനവും കാണാം.പക്ഷികളുടെ നിരവധി പറ്റങ്ങള്‍ വട്ടമിട്ട്‌ പറന്നിറങ്ങിക്കൊണ്ടിരിക്കുന്നുണ്ടാകും. എണ്ണപുരണ്ട കൈത്തലം കൊണ്ടെന്നപോലെ അസ്തമയ കിരണങ്ങള്‍ അവയ്ക്കുമേല്‍ ലേപനം ചെയ്തുകൊണ്ടേയിരിക്കും.
അപ്പൂപ്പന്‍ താടികളുടെ ആശ്ചര്യലോകം
രണ്ടുകൊല്ലം മുന്‍പുള്ള വേനല്‍ക്കാലത്താണ്‌ ഏറ്റവും ഒടുവിലായി ആ മലമുകളിലെത്തിയത്‌. പോകുന്ന വഴിയിലൊക്കെ, വിപുലമായ തോതില്‍ അപ്പൂപ്പന്‍താടികള്‍... ചെറുകുളങ്ങള്‍ പോലെയുള്ള ഘടനകള്‍ക്കു ചുറ്റും അലുക്കുകളിട്ട പോലെ അവ ചിന്നിക്കിടക്കുന്നു. കാറ്റൊന്നുലയുമ്പോള്‍ അവ അന്തരീക്ഷത്തിലൂടെ പാറി നീങ്ങും. ചെറുവൃക്ഷങ്ങളില്‍ നിറഞ്ഞുകിടക്കുന്ന നീണ്ട കായ്കള്‍ക്കുള്ളില്‍ നിന്നാണ്‌ അപ്പൂപ്പന്‍താടിയുടെ പാരച്യൂട്ട്‌ വിടരുന്നത്‌.(മുമ്പൊക്കെ വനത്തിനുള്ളില്‍ ചില വള്ളികളില്‍ മാത്രമേ അപ്പുപ്പന്‍താടി കണ്ടിട്ടുള്ളൂ.) ദര്‍ഗയിലേക്കുള്ള വഴിയിലും ഇത്തരം ധാരാളം മരങ്ങള്‍ കുലച്ചു നില്‍പുണ്ടായിരുന്നു.
കുളം, കുളിയല്‍
മലമുകളില്‍ നിന്നാല്‍ പല കുളങ്ങള്‍ കാണാം. ഖബറുകള്‍ക്കടുത്തെത്തുന്നതിനു തൊട്ടു മുന്‍പുള്ള പാറയില്‍ നിന്ന് മലയുടെ മറ്റൊരു ഭാഗത്തേക്കു പോകാനാവും. പാറയിലൂടെ താഴേക്ക്‌ നടന്നാല്‍ (ഒരല്‍പം സാഹസികമാണത്‌) മലയടിവാരത്തിലുള്ള വിശാലമായ കുളത്തിനരികിലെത്തും. കുളക്കരയില്‍ത്തന്നെ ഒന്നുരണ്ട്‌ ക്ഷേത്രങ്ങളുണ്ട്‌. അതിനപ്പുറം ചില ആശ്രമങ്ങളും.
ഒന്നാന്തരം ഒരു മുങ്ങിക്കുളി! (ആദ്യാവസരത്തില്‍ പാലക്കാട്ടെ താരെക്കാട്‌ അഗ്രഹാരം താണ്ടിച്ചെല്ലുമ്പോഴുള്ള ക്ഷേത്രക്കുളമാണ്‌ ഓര്‍മയിലെത്തിയത്‌.)
മലമുകളിലെ രാത്രി
ഒന്നുരണ്ടു തവണ ഒരു സുഹൃത്തിനൊപ്പമാണ്‌ തിരുപ്പറകുന്‍ട്രത്തെത്തിയത്‌. വിശ്രാന്തിയുടെ ഒരിളം ചൂട്‌ ഉള്ളിലെങ്ങോ പ്രസരിക്കുന്നുണ്ടായിരുന്നു. നിരവധി തവണ രാത്രിയോളം മലമുകളില്‍ ഒറ്റയ്ക്കിരുന്നിട്ടുണ്ട്‌. തീവണ്ടിയുടെ പോക്കും വരവും; പലതരം വെളിച്ചങ്ങള്‍, മീനാക്ഷിക്ഷേത്രഗോപുരങ്ങള്‍.... ഒരു ദീപാവലിത്തലേന്നു രാത്രിയില്‍ ആകാശത്തിലേക്കു പൂത്തുലയാന്‍ വെമ്പുന്ന വെളിച്ചങ്ങളെ നോക്കി ഏറെനേരമിരുന്നു. ദൂരെ വെളിച്ചത്തില്‍ മുങ്ങിയ നഗരം. ചുറ്റും ഇരുളും നിശബ്ദതയും.
പാറമേല്‍ നിന്നിറങ്ങിത്തുടങ്ങുമ്പോള്‍, അവസാന കണ്ണോട്ടത്തില്‍, ഏകാന്തതയുടെ പതാക പോലെ ആ ദര്‍ഗ, അങ്ങ്‌ മുകളില്‍....

ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com