KUNNAMKULAM; കാക്കത്തുരുത്തിലെ സായാഹ്നം

കൂന്തക്കുളം പക്ഷിഗ്രാമത്തെക്കുറിച്ചെഴുതുമ്പോള്‍[click here] കരുതിയതല്ല, കുന്നംകുളത്തെ പക്ഷിസ്നേഹികളെക്കുറിച്ച് എഴുതേണ്ടി വരുമെന്ന്. എന്നാല്‍, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കൂന്തക്കുളത്തെ[click here]ക്കുറിച്ച് പ്രസിദ്ധീകരിച്ച കൃതിയിലെ ഒരു സൂചന -തരം കിട്ടിയാല്‍ പറവകളെ കറിയാക്കി കള്ളുഷാപ്പില്‍ വിളമ്പുന്നവരാണ് മലയാളികള്‍ എന്ന ദുഃസൂചന- ഈ കുറിപ്പിന് പ്രേരണയായി. യദൃശ്ചികമായി കയ്യില്‍ വന്നുപെട്ട ഒരു ഓഡിയോ കാസറ്റ് കുന്നംകുളം യാത്രയുടെ പുനഃസ്മരണയ്ക്ക് ഇടനല്‍കി. അങ്ങനെ ഈ പോസ്റ്റ്:
എവിടെയോ പറഞ്ഞുകേട്ട ഒരറിവിനെ പിന്തുടര്‍ന്നാണ് ഞാനും എന്റെ കൊച്ചു റെക്കോര്‍ഡറും കാക്കത്തുരുത്തില്‍ എത്തിയത്. അതൊരു വൈകുന്നേരമായിരുന്നു. (റെക്കോര്‍ഡിംഗ് തീയതി 24.01.2004 എന്ന് കാസറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.) ബസ്സിറങ്ങിയ ശേഷം കുറേയേറെ നേരം നടന്നതായാണ് ഓര്‍മ. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഇടയിലൂടെയുള്ള ഇടവഴി താണ്ടി കാക്കത്തുരുത്തിലെത്തി. തല മുണ്ഡനം ചെയ്ത ചില കുട്ടികളെയാണ് ആദ്യമായി കണ്ടത്.അവര്‍ സൈക്കിളോടിച്ചു പഠിക്കുകയായിരുന്നു. കാക്കകളെയും കാക്കത്തുരുത്തിനെയും കാക്കത്തുരുത്തിലെ മനുഷ്യരെയും കാണുന്നതിന് ഒറ്റയ്ക്കു വന്ന ഒരാള്‍ എന്ന നിലയിലാകാം, ആ കുട്ടികള്‍ എന്നെയങ്ങ് ഏറ്റെടുത്തു. അവര്‍ കാക്കകളെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങി. പല വീടുകളിലും കൊണ്ടുപോയി.
അതേവരെ കാക്കകളെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലാത്ത ശരാശരി മലയാളിയായി ജീവിക്കുകയായിരുന്നു. ചില ഓട്ടോറിക്ഷകളില്‍ എഴുതിവിട്ടിട്ടുള്ളത് കണ്ടിട്ടില്ലേ, 'എന്നും കാണാറുണ്ട്; ഒന്നും മിണ്ടാറില്ല' എന്നൊക്കെ. ഏതാണ്ട് അതേ
മാതിരി.
മാതിരി.സൂര്യപ്രകാശത്തിന്റെ കൂട്ടുകാരി എന്ന കാവ്യഭാഷ, കദളിവാഴക്കയ്യിലെ മൂളിപ്പാട്ട്, കര്‍ക്കടകമാവാസിയിലെ വി ഐ പി പരിഗണന, ഒറ്റപ്പെട്ട് ഭൂമിയില്‍ വീണുപോയ കാക്കക്കുഞ്ഞിനായി കാക്കക്കൂട്ടത്തിന്റെ ആര്‍പ്പാട്ടം- ഇതൊക്കെ മലയാളിയുടെ സാധാരണ ഓര്‍മ. എന്നാല്‍, കുട്ടിക്കാലത്ത് പലപ്പോഴും കണ്ടിരുന്ന ഒരു ഭീകര ദൃശ്യം --കാക്കയെ ഓടിക്കാന്‍ വേണ്ടി ഒരു കാക്കച്ചിറകു മുറിച്ച് തൂക്കിയിട്ടിരിക്കും. ശരിക്കും ഒരു ഗ്രാമീണ ഭീകരത!
ഹിമാലയ യാത്രയ്ക്കിടയില്‍, പലയിടത്തായി കണ്ട മലങ്കാക്കയുടെ മുഴങ്ങുന്ന ശബ്ദവും കൂറ്റന്‍ ചിറകുകളും തീര്‍ത്തും വന്യമായി, കാക്ക എന്ന വാക്കിനും ആശയത്തിനുംമേല്‍ സൂപ്പര്‍ ഇംപോസ് ചെയ്യപ്പെട്ടിരുന്നു.
((()))
തുരുത്തിലെ ഓരോ നിമിഷത്തില്‍ന്മേലും, കാക്കക്കരച്ചിലുകളുടെ താളാത്മകത അന്തരീക്ഷത്തില്‍ ലേപനം ചെയ്യപ്പെട്ടിരിക്കുന്നത് അനുഭവവേദ്യമാണ്.
തുരുത്തില്‍ 32 വീടുകളാണ്. മനുഷ്യരും കാക്കകളും തമ്മിലുള്ള സാമ്യം മുഹമ്മദലി കണ്ടെത്തുന്നത് ഇങ്ങനെ: ഇരുകൂട്ടരും അതിരാവിലെ അഷ്ടിക്കുള്ള വക തേടിപ്പോയി, സന്ധ്യയോടെ കൂടണയുന്നു. കാക്കകള്‍ സുബഹിക്കു തന്നെ പോകും; മനുഷ്യര്‍ തൊട്ടുപിന്നാലെയും.
അബ്ദുല്‍ ഖാദറും രതീഷും ബാബുവുമൊക്കെ കാക്കകളുടെ ജീവിതചര്യകളെയും സ്വഭാവവിശേഷങ്ങളെയും കുറിച്ച് പറയുകയായിരുന്നുകാക്കകള്‍ ചിരഞ്ജീവികളാണെന്നാണല്ലോ നാട്ടുവിശ്വാസം. ഇത്രയേറെ കാക്കകളുണ്ടായിട്ടും കാക്കയുടെ ജഡം കാണുന്നത് അത്യപൂര്‍വവുമാണ്. എന്നാല്‍ അത് ശരിയല്ലെന്ന് കാക്കത്തുരുത്തുകാര്‍. ചൂടുകാലത്ത് കാക്കകള്‍ക്ക് അസുഖം വരാറുണ്ട്; അവ കൂട്ടത്തോടെ മരിക്കാറുമുണ്ട്.
കാക്കകള്‍ കൂടുകെട്ടുന്ന രീതി, ഒരു തവണ 4 മുട്ടകളാണ് ഇടുന്നതെന്ന വിവരം, അടയിരിക്കല്‍, അവയുടെ സംഘബോധം തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ അവര്‍ പറഞ്ഞു.
കാക്കകള്‍ക്കൊപ്പം ജീവിക്കുന്നതിലുള്ള അഭിമാനം തുരുത്തിലെ മനുഷ്യര്‍ മറച്ചുവയ്ക്കുന്നില്ല.(തൊട്ടടുത്ത് ഒരു 'കൊറ്റിത്തുരുത്തു'ണ്ട്. അവിടെ മനുഷ്യവാസമില്ലെന്ന് കാക്കത്തുരുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു). തുരുത്തിലുള്ളവര്‍ കാക്കകളെ കുറ്റപ്പെടുത്താറേയില്ല. എച്ചിലുള്ള പാത്രങ്ങളോ ആഹാരവസ്തുക്കളോ കാക്കകൊത്തിപ്പോകാറില്ല; ഉണ്ടെങ്കില്‍ അത് തങ്ങളുടെ മാത്രം സൂക്ഷ്മതക്കുറവായാണ് അവര്‍ കാണുന്നത്. നമ്മുടെ പരിസരം ഓരോ നിമിഷവും വൃത്തിയായി നോക്കേണ്ടത് നമ്മുടെ ആവശ്യമല്ലേയെന്ന് കാക്കത്തുരുത്തുകാര്‍.
കാക്കത്തുരുത്തില്‍ നിന്നു മടങ്ങുന്നേരം ഇരുട്ടു വീണു തുടങ്ങിയിരുന്നു. കാക്കകള്‍ പറ്റമായി മടങ്ങിയെത്തിക്കൊണ്ടിരുന്നു. അവരുടെ ശബ്ദത്താല്‍ മുഖരമായി, അന്തരീക്ഷം. അതെ, അവ മടങ്ങി വരികയാണ്- നഗരമുണ്ടാക്കിത്തള്ളുന്ന എച്ചിലും മാലിന്യങ്ങളും വൃത്തിയാക്കി, ശുചീകരണത്തൊഴിലാളികളെപ്പോലെ, അവര്‍, സ്വന്തം തുരുത്തിലേക്ക്...
കാക്ക കേരളത്തിന്റെ ദേശീയ പക്ഷിയല്ല.


I expect much more details