അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

വെള്ളിയാഴ്‌ച, ജൂൺ 26, 2009

KULASEKHARA PATTINAM; ദസറക്കാലം

കന്യാകുമാരി കടലോരപാതയിലൂടെ തിരുച്ചെന്തൂരില്‍ അവസാനിച്ച ഒരു ബസ്‌യാത്ര മനസ്സില്‍ തിണര്‍ത്തുകിടക്കുന്നു. നാഗര്‍കോവില്‍ ബസ്‌ നിലയത്തില്‍ നിന്ന് പുലര്‍ച്ചയ്ക്കു മുമ്പാണ്‌ പ്രമോദിനൊപ്പം ബസ്സിനുള്ളില്‍ കയറിപ്പറ്റിയത്‌. ഉത്സവാന്തരീക്ഷം ബസ്സിനുള്ളില്‍ തുടികൊട്ടി നിന്നു. ഭക്തരുടെ തിക്കും തിരക്കും. ഉറക്കമേയില്ലാതെ, പുലര്‍കാല വായുപ്രവാഹത്തിലുലഞ്ഞും, മരക്കൂട്ടങ്ങള്‍ക്കിടയിലും അല്ലാതെയും തെന്നിനീങ്ങുന്ന പ്രഭാതസൂര്യന്റെ കാഴ്ചയിലമര്‍ന്നുമുള്ള പയണം...

അതൊരു നവരാത്രിക്കാലമായിരുന്നു. 'ദസറക്കാലം' എന്നും പറയാം.
ആദ്യമായി ഞങ്ങള്‍ കുലശേഖരപട്ടണത്തു പോയത്‌ അപ്പോഴാണ്‌.

തിരുപ്പറം കുന്‍ട്രത്ത്‌ നീ സിരിത്താല്‍


രാവിലെ തിരുച്ചെന്തൂരില്‍ എത്തിച്ചേര്‍ന്നു. മുരുകന്റെ 'അറുപടൈ' വീടുകളിലൊന്നാണ്‌ തിരുച്ചെന്തൂര്‍. (വേറൊന്ന് 'തിരുപ്പറംകുന്‍ട്ര'മാണ്‌.) ബസ്‌ നിലയത്തില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തെല്ലകലെ ഒരു 'കരിങ്കുന്നു' കണ്ടു. മുരുകഭക്തന്മാര്‍ വഴിപാടായി തലമുണ്ഡനം ചെയ്യുമ്പോഴുള്ള മുടിയെല്ലാം കുന്നോളം പൊക്കത്തില്‍ കൂട്ടിയിട്ടിരിക്കുന്നതാണ്‌. വഴിയിലൊക്കെ സ്ത്രീവേഷം കെട്ടിയ പുരുഷന്മാര്‍, ചണം കൊണ്ടുള്ള കുപ്പായമണിഞ്ഞ്‌ ദേഹമാകെ മൂടി, വാനരന്റെയും മറ്റും മുഖംമൂടി ഫിറ്റുചെയ്ത്‌ നൃത്തം
ചെയ്യുന്ന കുട്ടികള്‍, പ്രഛന്നവേഷം ധരിച്ച മനുഷ്യര്‍... ദസറക്കാലത്തെ പ്രത്യേകത. തീര്‍ത്ഥാടകരുടെ പെരുംകൂട്ടം കടലില്‍ നീരാടുകയാണ്‌...

കടല്‍ത്തീരത്തുള്ള മനോഹരക്ഷേത്രമാണ്‌ ചെന്തൂരമ്പലം. അതിനുള്ളിലൊരിടത്തു നിന്നാല്‍ കടലിന്റെ മുഴക്കം നന്നായി കേള്‍ക്കാം. വീരപാണ്ഡ്യ കട്ടബൊമ്മന്റെ പൂജാവിഗ്രഹങ്ങളും മറ്റും ഈ ക്ഷേത്രത്തിലുണ്ട്‌. ഒരു തമിഴ്‌ യാത്രാകൃതിയില്‍ (അധഃകൃതോദ്ധാരണവുമായി ബന്ധപ്പെട്ട ഒരു പഴയ പുസ്തകം) കട്ടബൊമ്മന്റെ നാട്ടിലൂടെയുള്ള വിവരണമുണ്ട്‌. അതില്‍ കട്ടബൊമ്മന്റെ മണിമണ്ഡപങ്ങളെക്കുറിച്ച്‌ സൂചിപ്പിച്ചിരിക്കുന്നു.തിരുച്ചെന്തൂരമ്പലത്തിലെ പൂജയ്ക്കുശേഷം മാത്രമേ കട്ടബൊമ്മന്‍ ആഹാരം കഴിച്ചിരുന്നുള്ളുവത്രെ. ഇതിനുവേണ്ടി, പാഞ്ചാലംകുറിച്ചി(കട്ടബൊമ്മന്റെ ദേശം)ക്കും ചെന്തൂരിനുമിടയില്‍ ഇടവിട്ടിടവിട്ട്‌ നിരവധി മണ്ഡപങ്ങള്‍ നിര്‍മ്മിച്ചു. ക്ഷേത്രത്തിലെ പൂജാവേളയില്‍ ഓരോ മണ്ഡപത്തില്‍ നിന്നും മണിയൊച്ച കൈമാറിക്കൈമാറി പാഞ്ചാലംകുറിച്ചിയിലുള്ള കട്ടബൊമ്മനെ സന്ദേശമറിയിച്ചിരുന്നു.

കുലശൈ



ഒരു കടലോര ഗ്രാമമാണ്‌ 'കുലശൈ' എന്നു ചുരുക്കി വിളിക്കുന്ന കുലശേഖരപട്ടണം. തിരുച്ചെന്തൂരില്‍ നിന്ന് 20 കി.മീറ്റര്‍ ദൂരം. വൃത്തിയുള്ളതും പുരാതനവുമായ തെരുവുകള്‍. പല കെട്ടിടങ്ങളും ജീര്‍ണ്ണാവസ്ഥയിലാണ്‌. ദസറക്കാലത്ത്‌ ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ഇവിടെ വന്നുപോകുന്നു. താമസസൗകര്യം ലഭ്യമല്ലെന്നു മനസ്സിലായപ്പോള്‍, ഒരു കല്യാണമണ്ഡപത്തില്‍, തങ്ങുന്നതിനുള്ള അനുവാദം ചോദിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട്‌ പ്രധാനപ്പെട്ട ചില കലാകാരന്മാര്‍ വരുന്നുണ്ടെന്നും അവര്‍ അവിടെയാന്‌ താമസിക്കുന്നതെന്നും കല്യാണമണ്ഡപത്തിലുണ്ടായിരുന്ന ആള്‍ പറഞ്ഞു. എങ്കിലും, അന്നു രാത്രി അവിടെ പാര്‍ക്കാന്‍ ഞങ്ങളെ അയാള്‍ അനുവദിച്ചു. മണ്ഡപത്തിന്റെ മുകള്‍ നിലയിലെ അതിവിശാലമായ ഹാളില്‍ ആ രാത്രി.(പിറ്റേത്തവണ പോയപ്പോള്‍, ചെന്നൈ വാസം മതിയാക്കി മടങ്ങിവന്ന ആ മണ്ഡപത്തിന്റെ ഉടമസ്ഥയുണ്ടായിരുന്നു. മണ്ഡപത്തോടു ചേര്‍ന്നുള്ള വീട്ടിലെ ഒരു മുറി അവര്‍ ഞങ്ങള്‍ക്കു വിട്ടുതന്നു.)

ദസറാ സംഘങ്ങള്‍

കുലശേഖരപട്ടണത്തിലെ ദേവതയാണ്‌ മുത്താരമ്മ. ദേവതയുടെ വിവാഹാഘോഷമായാണ്‌ ഇവിടത്തെ ഉത്സവം സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. അകലെ ഗ്രാമങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഈ ദിവസങ്ങളില്‍ ഇവിടെ എത്താറുണ്ട്‌. നിരവധി ദസറാ സംഘങ്ങളും എത്തുന്നു. അവരുടെ വരവിന്‌ വളരെ പ്രത്യേകതയുണ്ട്‌. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സംഘങ്ങളും യുവാക്കളുടെ സംഘങ്ങളുമൊക്കെ ആട്ടവും പാട്ടുമായി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ ഒടുവില്‍, കുലശേഖരപട്ടണത്തിലെത്തുന്നു


ഒയിലാട്ടം, കരകാട്ടം തുടങ്ങി നിരവധി ഗ്രാമീണ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ വര്‍ണ്ണാഭമായ വരവ്‌. കൂട്ടായ്മയുടെ(folk) അര്‍ത്ഥവത്തും അര്‍പ്പണപരവുമായ ഘോഷങ്ങളാണ്‌ ഈ സഞ്ചാരിക്കൂട്ടങ്ങളില്‍ കണ്ടെത്താനാവുക. ഊരുചുറ്റിവരുന്ന ഓരോ ദസറാസംഘവും ഒടുവില്‍, വാദ്യമേളങ്ങളും നൃത്തഘോഷങ്ങളുമായി ക്ഷേത്രമുറ്റത്ത്‌ കലാശപ്പൊരിച്ചിലുണ്ട്‌. അതു കഴിഞ്ഞാല്‍, നാളികേരത്തിനുമേല്‍ ചരട്‌(താലി)വച്ച്‌ പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ദേവതയ്ക്കു സമര്‍പ്പിക്കും.



കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ മാറ്റം, ഫോക്ക്ഡാന്‍സ്‌ ഇനങ്ങളുടെ സ്ഥാനത്ത്‌ മെല്ലെ മെല്ലെ സിനിമാറ്റിക്‌ ഡാന്‍സ്‌ നുഴഞ്ഞുകയറിയിരിക്കുന്നതാണ്‌.
(അപൂര്‍ണ്ണം)

2 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com