UDAYAGIRI; ഉദയഗിരിക്കോട്ട
"യാത്രികാ നില്ക്കൂ, ഒന്നു ശ്രദ്ധിക്കൂ. മൂന്നുപതിറ്റാണ്ടിലേറെ തിരുവിതാംകൂറിനെയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെയും വിശ്വസ്തതയോടെ സേവിച്ച ക്യാപ്റ്റന്‍ ഡിലനോയ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു"
തിരുവിതാംകൂറിന്റെ ചരിത്രത്തെ നവീകരിച്ച ഒരു യോദ്ധാവിന്റെ ശവകുടീരത്തില്‍ പതിപ്പിച്ചിരിക്കുന്ന സ്മാരക ഫലകത്തിലെ വാക്കുകളാണിവ.
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ സിലോണിലെ സൈനിക എഞ്ചിനീയറായിരുന്നു ബല്‍ജിയംകാരനായ യുസ്റ്റേഷ്യസ് ബനഡിക്ടസ് ഡിലനോയ് (1715 - 1777). കുരുമുളകുള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ ശേഖരണവും കുത്തകയും ലക്ഷ്യമിട്ടാണ് അക്കാലത്തെ ആഗോളഭീമനായ ഡച്ചുകമ്പനി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സമീപിച്ചത്. ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രമായി അവര്‍ കുളച്ചലിനെ കണ്ടു. സിലോണില്‍ താവളമടിച്ച ഡച്ചുനാവികസേന നിഷ്ഫലമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തിരുവിതാംകൂറിനുമേല്‍ സായുധ ആക്രമണം ആരംഭിച്ചു. എന്നാല്‍ ഡച്ചുസേന തുരത്തപ്പെടുകയാണുണ്ടായത്. 1741 ഓഗസ്റ്റ് 10നു നടന്ന കുളച്ചല്‍ യുദ്ധത്തില്‍ ഡിലനോയ് തടവുകാരനാക്കപ്പെട്ടു. തിരുവിതാംകൂര്‍ സേന ഡച്ചുകാര്‍ക്കുമേല്‍ നേടിയ ആ ചരിത്രവിജയം ഇന്ത്യയില്‍ ഡച്ചു ശക്തിയുടെ പതനംകുറിച്ചു; ആ
ധുനിക തിരുവിതാംകൂറിന്റെ സൈനിക ചരിത്രത്തിന്റെ ആരംഭവും.
പ്രാദേശികമായി 'ദില്ലന്നായ് കോട്ടൈ' എന്നുകൂടി അറിയപ്പെട്ടിരുന്ന ഉദയഗിരിക്കോട്ടയ്ക്ക് സുദീര്‍ഘമായ ചരിത്രമുണ്ട്. വേണാട് രാജാവായിരുന്ന വീരരവിവര്‍മ്മന്‍ കൊല്ലവര്‍ഷം 776 വൃശ്ചികമാസം 21നു (എ.ഡി. 1600) പുറപ്പെടുവിച്ച കല്പന പ്രകാരം നിര്‍മ്മിച്ചിട്ടുള്ളതാണ് ഉദയഗിരിക്കോട്ട ( കാണുക).

ക്ഷേത്രങ്ങളുടെയും അരമനകളുടെയും രക്ഷയ്ക്കായി കോട്ട പണിയാറുണ്ട്. എന്നാല്‍ ഉദയഗിരിക്കോട്ട തീര്‍ത്തും സൈനികാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ്. വടുകരുടെയും തുലുക്കരുടെയും മറവരുടെയുമൊക്കെ കൂട്ടങ്ങള്‍ നിരന്തരം കടന്നാക്രമണം നടത്തി വേണാടിനെ കൊള്ളയടിച്ചുകൊണ്ടിരുന്ന കാലത്ത്, വേളിമലയോടു ചേര്‍ന്ന ഒറ്റപ്പെട്ട വനപ്രദേശത്ത് ഈ കോട്ട നിര്‍മ്മിച്ചു. കോട്ടയോടു ചേര്‍ന്ന കുന്നിന്റെ ഉച്ചിയില്‍ നിന്നാല്‍ ആരല്‍വായ്മൊഴി മുതല്‍ കുളച്ചല്‍ തുറമുഖംവരെ വിശാലമായ ഭൂപ്രദേശത്തെ ഓരോ ചലനവും വീക്ഷിക്കാനാവും. തിരുവിതാംകൂറിന്റെ അക്കാലത്തെ തലസ്ഥാനമായ പത്മനാഭപുരം ഉദയഗിരിക്കോട്ടയ്ക്കടുത്തുതന്നെയാണ്.
തടവുകാരനായി പിടിക്കപ്പെട്ട ഡിലനോയിയെ ബുദ്ധിമാനായ മാര്‍ത്താണ്ഡവര്‍മ്മ തന്റെ സൈനികോപദേഷ്ടാവായി നിയോഗിച്ചു. പലയിടങ്ങളില്‍ ചിതറിക്കിടന്ന സേനയെ യുറോപ്യന്‍ ചിട്ടയില്‍ പരിശീലിപ്പിച്ച് ആധുനികവും കേന്ദ്രീകൃതവുമായ സൈനിക ശക്തിയാക്കി മാറ്റാന്‍ ഡിലനോയിക്കു കഴിഞ്ഞു. 1741നും 1744നുമിടയില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഉഗയഗിരിക്കോട്ടയെ ഡിലനോയ് പരിഷ്കരിച്ചു. ഡച്ചുനിപുണന്മാരുടെ സഹായത്തോടെ കോട്ടയ്ക്കുള്ളില്‍ പീരങ്കി വാര്പ്പുകല ആരംഭിച്ചു. ആധുനികവും സുശക്തവുമായ സേനാകേന്ദ്രമായി ഉദയഗിരിക്കോട്ട മാറി. ഇക്കാലത്ത് നിരവധി കോട്ടകളും തുരങ്കങ്ങളും ചെറുകപ്പലുകളും പടക്കോപ്പുകളും നിര്‍മ്മിച്ച് ഡിലനോയ് തിരുവിതാംകൂര്‍ സേനയെ ബലപ്പെടുത്തി.
ഡിലനോയിയുടെ യുദ്ധതന്ത്രവും ദളവാ രാമയ്യരുടെ നയതന്ത്രജ്ഞതയും മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണ നൈപുണ്യവുമാണ് തിരുവിതാംകൂറിനെ കെട്ടുറപ്പുള്ള ഒരു രാജ്യമാക്കി മാറ്റിയത്. കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍, കൊല്ലം, അമ്പലപ്പുഴ, പന്തളം തുടങ്ങിയ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് രാജ്യവിസ്തൃതിയുണ്ടാക്കുന്നതിന് പുതിയ യുദ്ധമുറകള്‍ പരിശീലിച്ചുവന്ന തിരുവിതാംകൂര്‍ സൈന്യത്തിനു കഴിഞ്ഞു.
1758ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ധര്‍മ്മരാജാവിന്റെ ഭരണകാലത്തും ഡിലനോയ് തന്നെ സൈന്യാധിപനായി തുടര്‍ന്നു.
1758ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ധര്‍മ്മരാജാവിന്റെ ഭരണകാലത്തും ഡിലനോയ് തന്നെ സൈന്യാധിപനായി തുടര്‍ന്നു.

ഡിലനോയ് സ്മാരകം
90 ഏക്കര്‍ വിസ്തൃതമായ ഉദയഗിരിക്കോട്ട 15 അടി കനത്തിലും 18 അടി ഉയരത്തിലും കരിങ്കല്‍ നിര്‍മ്മിതമാണ്. സൈനിക കേന്ദ്രത്തോടൊപ്പം ഡിലനോയിയുടെ പാര്‍പ്പിടവും ഈ കോട്ടയ്ക്കുള്ളിലായിരുന്നു. അതിനാല്‍ ഉദയഗിരിക്കോട്ടയെ ഡിലനോയിക്കോട്ട എന്നും വിളിച്ചിരുന്നു.
260 അടി ഉന്നതിയുള്ള വേളിമലയുടെ ഭാഗം ഉദയഗിരിക്കോട്ടയ്ക്കുള്ളിലാണ്. (സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാവുന്നതാണ്). കോട്ടയ്ക്കുള്ളില്‍ ഇപ്പോഴും വനപ്രകൃതി നിലനില്ക്കുന്നു. ഏറെക്കാലം സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഉദയഗിരിക്കോട്ട ഇപ്പോള്‍ തമിഴ്നാട് വനത്തുറയുടെയും കേന്ദ്ര പുരാവസ്തു വകുപ്പിന്റെയും സംയുക്ത സംരക്ഷണത്തിലാണ്. കോട്ടമതിലിനോടുചേര്ന്ന് ഭൂഗര്‍ഭ പാതയുടെ മുഖപ്പ് ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോട്ടയെ ജൈവവൈവിധ്യക്കലവറയായി വനംവകുപ്പ് സംരക്ഷിക്കുന്നു. ഔഷധത്തോട്ടം, മാന്‍പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവയും കോട്ടയ്ക്കുള്ളിലെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.
തിരുവനന്തപുരം - കന്യാകുമാരി നെടുമ്പാതയില്‍ തക്കലയ്ക്കു മൂന്നുകിലോമീറ്റര്‍ കഴിഞ്ഞും നാഗര്‍കോവിലിനു 14 കിലോമീറ്റര്‍ മുന്നിലുമായാണ് ഉദയഗിരിക്കോട്ടയുടെ സ്ഥാനം. പുലിയൂര്‍ക്കുറിശ്ശി എന്നാണ് ഈ സ്ഥലത്തിന് പേര്. പ്രസിദ്ധമായ കുമാരകോവില്‍ ഇതിനടുത്താണ്.
ലേബലുകള്‍: tamilnad, travancore, yathra

കുറച്ചു കൂടി ചെറിയ അക്ഷരങ്ങൾ ഉപയോഗിക്കൂ,,