THALAKKULAM; വേലുത്തമ്പിയുടെ വീട്
വേലുത്തമ്പി ദളവയുടെ വാള് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നതും അതിന്റെ ആഘോഷങ്ങള്‍ നടത്തിയതും ഈയിടെയാണ്; (Here) തമ്പിയുടെ ആത്മാഹുതിക്ക് 200 വര്‍ഷം തികഞ്ഞത് കഴിഞ്ഞ ആണ്ടിലും. ആത്മഹത്യ ചെയ്യുമ്പോള്‍ തിരുവിതാംകൂറിന്റെ ദളവയായിരുന്നില്ല, വേലുത്തമ്പി എന്ന വേലായുധന് തമ്പി. (അദ്ദേഹത്തിന്റെ ആത്മഹത്യ സാമ്രാജ്യവിരുദ്ധ സമരത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ ചരിത്രവീക്ഷണത്തോട് ശക്തമായി വിയോജിക്കുന്നവരും ഉണ്ട്.)
വേലുത്തമ്പി പിറന്നത് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഞ്ചിനാട്ടിലെ (ഇപ്പോള്‍ കന്യാകുമാരി ജില്ല) തലക്കുളത്താണ്. ഏറെക്കാലം മറവിയിലാണ്ട തലക്കുളത്തെ വലിയവീട് ഇപ്പോള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് കടന്നുവരികയാണ്. ഈ ഭവനം നവീകരിച്ച്, സംരക്ഷിതസ്മാരകമാക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാനവട്ടത്തിലാണ്.
നാലഞ്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു ഉച്ചനേരത്താണ് ഞങ്ങള്‍ തലക്കുളത്ത് എത്തിച്ചേര്‍ന്നത്. ഒരു സാധാരണ മലയാളഗ്രാമത്തിന്റെ ശ്വാസസഞ്ചാരം അനുഭവപ്പെടുന്ന പ്രദേശമാണ് തലക്കുളം. കേരളീയത്വം പ്രസരിച്ചുനില്ക്കുന്ന ചില പഴയ വീടുകള്‍. വെയിലെരിഞ്ഞുകിടക്കുന്ന കൃഷിയിടങ്ങള്‍. ഉഷ്ണവായുപ്രവാഹം. കമാനവും പ്രവേശനകവാടവും കടന്നുചെന്നാല്‍ 'വലിയവീട്' എന്ന സ്മാരകമായി. അരയേക്കറോളം വരുന്ന പറമ്പും നാലുകെട്ടും കുളവും ഉള്‍ക്കൊള്ളുന്നതാണ് ഈ സ്മാരകം. ദാരുശില്പ്പത്തികവൊത്ത നിര്‍മ്മിതി. കേരളീയ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെയും സൗന്ദര്യത്തിന്റെയും സവിശേഷതകള്‍ ഇവിടെ കാണാവുന്നതാണ്.
വീടിനോടുചേര്‍ന്ന് ഒരു തെക്കതും (കുടുംബക്ഷേത്രം) വിശാലമായ തളവുമുണ്ട്. സ്മാകത്തോടുചേര്ന്ന് വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റുപാടും പുതിയ തറയോടുകള്‍ പാകി നവീകരിച്ചിരിക്കുന്നു. വൈദ്യുത ദീപസംവിധാനവും വാഹനപ്പാര്ക്കിങ്ങിനുള്ള സംവിധാനവും
ഒരുക്കിയിട്ടുണ്ട്.
കന്യാകുമാരിയിലേക്കു യാത്ര പോകുന്നവര്‍ - വിശേഷിച്ചും പഠനയാത്രയ്ക്കൊരുങ്ങുന്നവര് - തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ് ഈ സ്മാരകം.
ലേബലുകള്‍: travancore






ഏറ്റവും ഉപകാരപ്രദമായ ഒരു ചൂണ്ടിക്കാട്ടൽ...ആശംസകൾ...