അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

വ്യാഴാഴ്‌ച, ഫെബ്രുവരി 11, 2010

SIVALAYA : നിശാസഞ്ചാരം

നാഞ്ചിനാട്ടിലെ ശിവാലയങ്ങളെക്കുറിച്ചും ശിവാലയ ഓട്ടത്തെക്കുറിച്ചും കേട്ടറിഞ്ഞിട്ടുണ്ട്‌. കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്നവയാണ്‌ ഈ ക്ഷേത്രങ്ങളെങ്കിലും മലയാളമൊഴിയും വഴക്കങ്ങളും ഇപ്പോഴും തുടിച്ചുനില്‍ക്കുന്ന മണ്ഡലമാണിവിടം.
                                                                                                                  



ശിവരാത്രിയോടനുബന്ധിച്ച്‌, ഒരു ഇരവും ഒരു പകലും ഈ മേഖലയിലെ പന്ത്രണ്ട്‌ ശിവാലയങ്ങള്‍ പരിക്രമണം ചെയ്യുകയാണ്‌ ശിവാലയ ഓട്ടത്തില്‍. രണ്ടു ക്ഷേത്രങ്ങള്‍ തമ്മില്‍ ശരാശരി ആറേഴു കി.മീറ്റര്‍ ദൂരമുണ്ട്‌. ആകെ 80-ലേറെ കി.മീറ്റര്‍ ദൂരം കാല്‍നടയായി (ശരിക്കു പറഞ്ഞാല്‍ ഓടി) സഞ്ചരിച്ചെത്തുന്നു. രാസഞ്ചാരങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ രാത്രിയാത്രയുടെ മുഗ്‌ധമായ ഒരനുഭവമായിത്തീരുന്നുണ്ട്‌, ശിവാലയ ഓട്ടം.
ശിവഭക്തനായ സന്തോഷ്‌ പ്രിയപ്പെട്ട കൂട്ടുകാരനാണ്‌. ഒരിക്കല്‍ മറ്റു രണ്ടു കൂട്ടുകാരോടൊപ്പം അഗസ്ത്യകൂട യാത്രയ്ക്കിറങ്ങിയപ്പോള്‍ സന്തോഷുമുണ്ടായിരുന്നു. 1997-ലായിരുന്നു അത്‌. അക്കാലത്തു തന്നെ സന്തോഷ്‌ ശിവാലയ ഓട്ടത്തില്‍ വ്രതനിഷ്ഠയോടെ പങ്കെടുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞയാണ്ടില്‍ തന്റെ പന്ത്രണ്ടാംവട്ട 'ഓട്ടം' പൂര്‍ത്തീകരിച്ചു. അക്കൊല്ലം ഞങ്ങള്‍ രണ്ടുപേര്‍ സന്തോഷിനൊപ്പം കൂടി. (യാത്രയ്ക്കിടയില്‍ മടങ്ങിപ്പോകുന്നയാള്‍ക്ക്‌ അങ്ങനെയാകാം; മറ്റുള്ളവര്‍ യാത്ര തുടരും എന്നൊരു കരാര്‍ ഞങ്ങളുണ്ടാക്കി. നിര്‍ഭക്തരായ ഞങ്ങള്‍ക്ക്‌ അതാണ്‌ നല്ലതെന്നു തോന്നി).


മുഞ്ചിറയിലേക്ക്‌

പകല്‍ നെയ്യാറ്റിന്‍കര മുതലുള്ള സന്തോഷിന്റെ പഴയ സഹയാത്രികരെ ഞങ്ങള്‍ സന്ദര്‍ശിച്ചു. വൈകുന്നേരത്തോടെ കളിയിക്കാവിളയിലെത്തി. അവിടെ നിന്ന് അടിക്കടി മുഞ്ചിറയിലേക്ക്‌ ബസ്സും സമാന്തര വാഹനങ്ങളും ഉണ്ടായിരുന്നു. നിറയെ ഭക്തരുമായി വാഹനങ്ങള്‍ മുഞ്ചിറയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു. ബസ്സിറങ്ങുമ്പോള്‍ 'ഗോവിന്ദാ... ഗോപാലാ...' എന്ന ആര്‍പ്പുവിളികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. വിഭൂതിസഞ്ചിയും പനയോല വീശറിയും വില്‍ക്കുന്നവരെ ഇടയ്ക്കിടെ കാണാമായിരുന്നു. രണ്ട്‌ അറകളുള്ളതാണ്‌ വിഭൂതിസഞ്ചി. 12ശിവാലയങ്ങളില്‍ നിന്നുമുള്ള ഭസ്മം ഒരറയില്‍ ശേഖരിക്കും. അടുത്ത അറ നാണ്യങ്ങളിടാനുള്ളതാണ്‌. 12 നാണ്യങ്ങള്‍ അതിലുണ്ടാവും. ഓരോ ആലയത്തിലും കാണിക്ക നല്‍കാനാണിത്‌.


തിരുമല


ശിവാലയ ഓട്ടക്കാര്‍ ആദ്യമെത്തിച്ചേരുന്ന മുഞ്ചിറ ശിവക്ഷേത്രം തിരുമല എന്ന പേരിലും അറിയപ്പെടുന്നു. ബസ്സിറങ്ങി, താമ്രപര്‍ണിയില്‍ മുങ്ങിക്കുളിച്ച്‌, തിരുമല ക്ഷേത്രത്തിലേക്ക്‌. കരിങ്കല്‍ നിര്‍മിതമായ മനോഹര ക്ഷേത്രമാണിത്‌. കല്‍പ്പടവുകളും കൊടിമരവും ക്ഷേത്രക്കുളവുമൊക്കെയുള്ള ഈ ആലയം ഒരു കുന്നിന്‍മുകളിലാണ്‌. 'ഗോവിന്ദാ... ഗോപാലാ...' എന്ന ആരവങ്ങളാല്‍ മുഖരമായ അന്തരീക്ഷം. ആലയത്തിനുള്ളിലെ വെയില്‍വീഴ്ചയില്‍ ഭസ്മധൂളി പാറുന്നുണ്ടായിരുന്നു. ശരിക്കും കാല്‍നടയാത്ര തുടങ്ങുന്നത്‌ ഇവിടെനിന്നാണ്‌.

തിക്കുറിശ്ശിയിലേക്ക്‌

ഈ പരിക്രമണത്തിലെ രണ്ടാമത്തെ ആലയമാണ്‌ തിക്കുറിശ്ശി ശിവക്ഷേത്രം. മുഞ്ചിറയില്‍നിന്ന്, പഴയ വയല്‍വാരങ്ങളുടെ ഓര്‍മ പങ്കിടുന്ന ഭൂപ്രകൃതിയിലൂടെയാണ്‌ സഞ്ചാരപാത. വഴിയിലൊരിടത്ത്‌ തേങ്ങ ചേര്‍ത്ത ചുണ്ടലും ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പാദയാത്രികര്‍ അല്‍പനേരം അവിടെ വിശ്രമിക്കുന്നു. പിന്നെ ഊടുവഴികളിലൂടെ കുഴിത്തുറ റെയില്‍ നിലയം താണ്ടി മാര്‍ത്താണ്ഡം പ്രധാന കവലയിലും, ഇവിടെ നിന്ന് സന്ധ്യയോടെ തിക്കുറിശ്ശിയിലും എത്തിച്ചേരുന്നു.

താമ്രപര്‍ണീതീരത്താണ്‌ നാലുകെട്ടിന്റെ ഘടനയിലുള്ള തിക്കുറിശ്ശി ക്ഷേത്രം. കുളിച്ച്‌ ഈറനണിഞ്ഞ ശിവാലയ ഓട്ടക്കാര്‍ ജപമന്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തിക്കൊണ്ടിരുന്നു. താമ്രപര്‍ണിയിലേക്ക്‌ ഇരുള്‍ വീണുതുടങ്ങിയിരുന്നു.

തൃപ്പരപ്പിലേക്ക്‌

തിക്കുറിശ്ശിയില്‍ നിന്ന് ഒരു കയറ്റം കടന്നാല്‍ ചിതറാള്‍ ജൈനസ്മാരകത്തിലേക്കുള്ള പ്രവേശനകവാടം കാണാം. നാഞ്ചിനാട്ടിലെ പ്രധാനപ്പെട്ട ജൈനകേന്ദ്രങ്ങളായിരുന്നു ചിതറാളും കോട്ടാറുമൊക്കെ. മാത്രമല്ല, ശിവാലയ ഓട്ടം തന്നെ ജൈനാചാരങ്ങളുടെ തുടര്‍ച്ചയാണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഇവിടെനിന്ന് അരുമന വഴി തൃപ്പരപ്പിലെത്താം. മൂന്നാമത്തെ ആലയമാണിത്‌. താമ്രപര്‍ണിക്കരയില്‍ത്തന്നെയാണ്‌ തൃപ്പരപ്പ്‌ ക്ഷേത്രവും. ഇങ്ങോട്ടേക്കുള്ള നടത്തയ്ക്കിടയിലാണ്‌ ശരിക്കുള്ള 'ഓട്ടക്കാരെ' കാണാന്‍ സാധിച്ചത്‌. ഓടിക്കൊണ്ടേയിരിക്കുന്ന ചില കടുംഭക്തര്‍! തൃപ്പരപ്പിലെ ആകര്‍ഷണം താമ്രപര്‍ണിയിലെ വെള്ളച്ചാട്ടമാണ്‌.(എന്നാല്‍ കന്യാകുമാരി ജില്ലയിലെ ഉയരമുള്ള വെള്ളച്ചാട്ടം വനാന്തരത്തിലെ 'ഒലക്കരുവി'യാണ്‌).

തിരുനന്തിക്കര

തൃപ്പരപ്പില്‍ നിന്നുള്ള പ്രയാണം തിരുനന്തിക്കരയിലേക്കാണ്‌. ഇരുള്‍ നിറഞ്ഞ രാത്രി, ഇരുണ്ട ആകാശം, ഇടയ്ക്കുള്ള വെളിച്ചങ്ങള്‍...വന്യമായൊരു മനോഹാരിത നല്‍കുന്നതായിരുന്നു, ആ നടപ്പ്‌. ഒരു കരയില്‍ നിന്ന് 'ഗോവിന്ദാ' എന്ന വിളിയും അതിനു മറുപടിയായി മറുകരയി നിന്ന് 'ഗോപാലാ' എന്നുള്ള മറുവിളിയും ഉയര്‍ന്നുകൊണ്ടിരുന്നു. യാത്രികര്‍ക്ക്‌ ക്ഷീണവും ദാഹവും പശിയുമടക്കാനുള്ള സംവിധാനങ്ങള്‍ യാത്രയിലുടനീളം പലയിടങ്ങളിലായി ഒരുക്കിയിട്ടുണ്ടായിരുന്നു- തീര്‍ത്തും ജനകീയമായ രാത്രി!

തിരുനന്തിക്കര ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ്‌ കുറെ ദൂരം ഒരു ടണലിലൂടെയായിരുന്നു യാത്ര. മുകളില്‍ നിന്ന് ശീതജലം ഇറ്റിവീണിരുന്നു, ചിലയിടങ്ങളില്‍. മുപ്പതോളം പേര്‍ ആ സമയം ഒരൊറ്റ കൂട്ടമായി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ നമ്മള്‍ മിന്‍ചിന്‍ സായിപ്പിനെ ഓര്‍ക്കാതെ ഓര്‍ത്തുപോകും. നാഞ്ചിനാടിന്റെ മണ്ണിനെ ആര്‍ദ്രമാക്കിയ ക്രാന്തദര്‍ശി. പേച്ചിപ്പാറ അണക്കെട്ടിന്റെ നിര്‍മിതിയില്‍ മിന്‍ചിന്റെ നോട്ടവും സ്പര്‍ശവും ഉണ്ട്‌.

മലയാളക്കരയുടെ തനതു സവിശേഷതയായ ദാരുനിര്‍മിതിയുടെ ചേതോഹാരിത അനുഭവവേദ്യമാക്കുന്നതാണ്‌ തിരുനന്തിക്കരക്ഷേത്രം. ജൈന നിര്‍മിതിയുടെ വിരല്‍പ്പാടുകള്‍ ഇവിടെ തിരിച്ചറിയാനാകും. വൃത്തഘടനയുള്ള(വട്ടം) എടുപ്പാണിവിടെ കാണാന്‍ സാധിക്കുക. ക്ഷേത്രത്തോടൊപ്പം ചേര്‍ന്നുള്ള മലയില്‍ ഗുഹാക്ഷേത്രവുമുണ്ട്‌. ഇതും ജൈനനിര്‍മിതമെന്നാണ്‌ കരുതപ്പെടുന്നത്‌.

പൊന്മന

തിരുനന്തിക്കര കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സഹയാത്രികന്‍ സഞ്ചാരം മതിയാക്കാന്‍ തീരുമാനിച്ചു. സുഹൃത്തിനെ ബസ്സ്‌ ലഭിക്കാവുന്ന സുരക്ഷിതമായ സ്ഥാനത്തെത്തിച്ച ശേഷം സന്തോഷും ഞാനും യാത്ര തുടര്‍ന്നു; അഞ്ചാമത്തെ ആലയമായ പൊന്മനയിലേക്ക്‌. തളര്‍ന്നുകഴിഞ്ഞ സഞ്ചാരികളെയാണ്‌ അവിടെ കാണാന്‍ സാധിച്ചത്‌. പലരും ദീര്‍ഘനേരത്തെ വിശ്രമത്തിനുള്ള വട്ടംകൂട്ടലിലായിരുന്നു.അല്‍പനേരം അവിടെ ചെലവഴിച്ചശേഷം അവിടംവിട്ട്‌ ഞങ്ങള്‍ അടുത്ത ആലയം ലക്ഷ്യമാക്കി നടപ്പ്‌ തുടര്‍ന്നു.


പന്നിഭാഗം

രാത്രി കനത്തുകിടന്നു. കനാലിന്റെ വലതുകരയിലൂടെ യാത്ര തുടരുകയായിരുന്നു. ബഹളമുണ്ടാക്കിക്കൊണ്ടു മുന്നേറുന്നു ഒരു സംഘം ഞങ്ങള്‍ക്കു തൊട്ടുമുന്നിലുണ്ടായിരുന്നു. വാഹനങ്ങളില്‍ 'ഓട്ടം' നടത്തുന്ന 'ഓട്ടക്കാരു'മായി അവര്‍ കശപിശയുണ്ടാക്കിക്കൊണ്ടിരുന്നു. കനാലിന്റെ കരയില്‍ താമസിയാതെ വലിയൊരു വാഹനനിര രൂപംകൊണ്ടു. ഏറെ സമയമെടുത്താണ്‌ ഗതാഗതനില സാധാരണ നിലയിലായത്‌. ഉറക്കം പോക്കാനുള്ള ഒരു തന്ത്രമായിരുന്നു അതെന്ന് ആ സംഘത്തിലെ ഒരാള്‍ പറഞ്ഞു. രാത്രിയുടെ അവസാന യാമങ്ങള്‍ ഒടുങ്ങിക്കൊണ്ടിരുന്നു.
ആഹ്ലാദകരമായ പുലര്‍ക്കാലം. ഞങ്ങള്‍ പന്നിഭാഗത്തെത്തിക്കഴിഞ്ഞു. മനോഹരമായ ഒരു ഗ്രാമത്തിനു മേലെ പുലരിയുടെ സ്നേഹസ്പര്‍ശം! യാത്രികര്‍ അമ്പലക്കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തി, പ്രഭാതദര്‍ശനം നടത്തിക്കൊണ്ടിരുന്നു.

അതുവരെ അന്‍പതു കി.മീറ്ററിലേറെ നടന്നുകഴിഞ്ഞിരുന്നു. ദേഹസ്ഥിതി യാത്രയ്ക്ക്‌ അനുകൂലമല്ലാതായിത്തുടങ്ങിയിരുന്നു. സന്തോഷ്‌ യാത്ര തുടരാനും ഞാന്‍ വിരമിക്കാനും തീരുമാനിച്ചു. കല്‍ക്കുളം, മേലാംകോട്‌, തിരുവിടൈക്കോട്‌, തിരുവിതാംകോട്‌, തിരുപന്നിയോട്‌ എന്നിവിടങ്ങളിലെ ശൈവാലയങ്ങള്‍ അവശേഷിക്കുന്നുണ്ട്‌. ഇനി മറ്റൊരു രാത്രിയില്‍ തുടര്‍ന്നുള്ള യാത്ര പൂര്‍ത്തീകരിക്കണമെന്നു തീര്‍ച്ചപ്പെടുത്തി. ഒരു റബ്ബര്‍ തോട്ടവും കനാലും താണ്ടി പോകുന്ന "ഗോവിന്ദാ, ഗോപാലാ" വിളികള്‍ക്കിടയില്‍ സന്തോഷ്‌ മറയുന്നതു വരെ, ആ പ്രഭാതത്തിന്റെ കുളിര്‍വെയില്‍ ചാരി ഞാന്‍ നോക്കീനിന്നു.

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com