അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

തിങ്കളാഴ്‌ച, നവംബർ 01, 2010

Madmaheswar: മണ്‍സൂണയിലെ രാത്രി

madmaheswar temple



മദ്‌മഹേശ്വറിനെക്കുറിച്ച്‌ ആദ്യമായി കേള്‍ക്കുന്നത്‌ ഒരു പതിറ്റാണ്ടുമുന്‍പ്‌ തുംഗനാഥക്ഷേത്രത്തിനരികില്‍ പരിചയപ്പെട്ട ഒരു നാഗസന്ന്യാസിയില്‍ നിന്നായിരുന്നു. ഹിമാലയയാത്രയില്‍ നിര്‍ബന്ധമായും എത്തിച്ചേരേണ്ട ലക്ഷ്യങ്ങളില്‍ രുദ്രനാഥും മദ്‌മഹേശ്വറും കല്‌പേശ്വറും ഉണ്ടാവണമെന്ന്‌ ആ സന്ന്യാസി ഞങ്ങളെ ബോധ്യപ്പെടുത്തി.


ഞങ്ങളുടെ പക്കലുണ്ടായിരുന്ന ഉത്തരാഖണ്ഡത്തിന്റെ പഴയൊരു ഭൂപടത്തില്‍നിന്ന്‌ യാത്രാവഴികളും ഗ്രാമങ്ങളും

മറ്റും കണ്ടെത്തി, തീര്‍ത്തും ആകസ്‌മികമായ ആ യാത്ര ഞങ്ങള്‍ ആരംഭിച്ചത്‌ അങ്ങനെയാണ്‌. യാത്രയ്‌ക്ക്‌ മുന്‍നിശ്ചയങ്ങളൊന്നുമില്ലാത്ത, രണ്ടുപേര്‍ മാത്രമടങ്ങുന്ന, സംഘമായതിനാല്‍ തീരുമാനമെടുക്കുന്നത്‌ വളരെ എളുപ്പമായിരുന്നു - ഗൈഡും പോര്‍ട്ടറും മറ്റ്‌ യാത്രാഭാരങ്ങളുമില്ലാതെ, യാത്ര തന്നെ ലക്ഷ്യമാകുന്നതിന്റെ സ്വാതന്ത്ര്യം!

ഉത്തരാഖണ്ഡത്തിലെ ഗഡ്‌വാള്‍ ഹിമാലയമേഖലയില്‍പ്പെടുന്ന മധ്യമഹേശ്വരം (മദ്‌മഹേശ്വര്‍) സമുദ്രനിരപ്പില്‍നിന്ന്‌ 11500


അടിയോളം ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. തുംഗനാഥില്‍നിന്ന്‌ കേദാര്‍നാഥിലേക്കുള്ള പാതയിലുള്ള പ്രധാന പട്ടണമായ ഉഖിമഠില്‍നിന്നു തിരിഞ്ഞ്‌ മണ്‍സൂണ, രാംസി, ഗോണ്ടാര്‍ എന്നീ പ്രധാന ഗ്രാമങ്ങള്‍ പിന്നിട്ടുവേണം മദ്‌മഹേശ്വറില്‍ എത്തിച്ചേരാന്‍.


പഞ്ചകേദാര തീര്‍ത്ഥാടനത്തിലെ നാലാമത്തെ കേദാരമാണ്‌ മദ്‌മഹേശ്വര്‍. പാണ്ഡവര്‍ നിര്‍മ്മിച്ചവയാണ്‌ പഞ്ചകേദാര ക്ഷേത്രങ്ങള്‍ എന്നാണ്‌ ഐതിഹ്യം. മഹാഭാരത യുദ്ധാനന്തരം ഉറ്റവരെയും ഉടയവരെയും വകവരുത്തിയതില്‍ പശ്ചാത്തപിച്ച്‌ പാണ്ഡവര്‍ ശിവദര്‍ശനത്തിനിറങ്ങിയെന്നും, എന്നാല്‍ ശിവന്‍ ഋഷഭരൂപത്തില്‍ ഒളിഞ്ഞിരുന്നുവെന്നുമാണ്‌ കഥ. ഒടുവില്‍ അഞ്ചു ദിക്കിലായി പാണ്ഡവര്‍ ഋഷഭരൂപത്തെ കണ്ടെത്തി. പൂഞ്ഞ കേദാര്‍നാഥിലും കാലുകള്‍ തുംഗനാഥിലും മുഖം രുദ്രനാഥിലും നാഭിപ്രദേശം (മധ്യഭാഗം) മധ്യമഹേശ്വരത്തിലും ജട കല്‌പേശ്വറിലും കണ്ടെത്തിയ പാണ്ഡവര്‍ ഇവിടങ്ങളിലെല്ലാം ശിവാലയങ്ങള്‍ നിര്‍മ്മിച്ചുവെന്ന്‌ വിശ്വാസം. കേദാരനാഥം, തുംഗനാഥം, രുദ്രനാഥം, മധ്യമഹേശ്വരം, കല്‌പേശ്വരം എന്ന ക്രമത്തിലാണത്രേ വിധിപ്രകാരം തീര്‍ത്ഥാടനം നടത്തേണ്ടത്‌.


ജുഹാസുവിലെ ഹിമാലയന്‍ ഹോട്ടല്‍

തുംഗനാഥില്‍നിന്ന്‌ ഉഖിമഠില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുറപ്പെടാന്‍ തയ്യാറായി ഒരു ജീപ്പ്‌ നില്‍പ്പുണ്ടായിരുന്നു. ആ യാത്ര മണ്‍സൂണയില്‍ അവസാനിച്ചു. രാംസി എന്ന ഗ്രാമത്തിലാണ്‌ ഞങ്ങള്‍ക്ക്‌ അന്നത്തെ ദിവസം എത്തിച്ചേരേണ്ടിയിരുന്നത്‌. അത്‌ സാധിക്കില്ലെന്ന്‌ വഴിയാത്രക്കാര്‍ പറഞ്ഞു. എങ്കിലും ഞങ്ങള്‍ നടന്നു. രണ്ടുമൂന്നു കിലോമീറ്റര്‍ നടന്നപ്പോള്‍ ജുഹാസു നദിക്കരയിലെത്തി.   മധുഗംഗ എന്നറിയപ്പെടുന്ന ജുഹാസു നദി മന്ദാകിനിയുടെ കൈവഴിയാണ്‌. നദിയുടെ മറുകരയില്‍ ഒരു ചെറിയ കെട്ടിടമുണ്ടായിരുന്നു - `ഹിമാലയന്‍ ഹോട്ടല്‍'. രണ്ടു ചെറിയ മുറികളും ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവുമുണ്ട്‌. ചെറുപ്പക്കാരായ ദമ്പതികളാണ്‌ അതിന്റെ നടത്തിപ്പുകാര്‍. അവര്‍ ഗ്രാമത്തില്‍ താമസിക്കുന്നു. സഞ്ചാരികളുണ്ടെങ്കില്‍ അവിടെ തങ്ങും. ഇല്ലെങ്കില്‍ വൈകുന്നേരം ഗ്രാമത്തിലേക്കു മടങ്ങും. ജുഹാസുവില്‍നിന്ന്‌ മദ്‌മഹേശ്വറിലേക്ക്‌ മുപ്പതു കിലോമീറ്ററിലേറെ നടപ്പുദൂരമുണ്ടെന്ന്‌ അവര്‍ പറഞ്ഞു.
madhuganga

സ്ലീപ്പിങ്‌ ബാഗുകളും ടെന്റുകളുമായി ഒരു കഴുതസംഘവും അവയെ പിന്തുടര്‍ന്ന്‌ പോര്‍ട്ടര്‍മാരും ഗൈഡുമുള്‍പ്പെടുന്ന സഞ്ചാരിസംഘവും ഞങ്ങളെ കട
ന്നുപോയി. ദൂരെ, മലകയറ്റം തുടങ്ങുന്ന ചരിവില്‍ അവര്‍ ടെന്റടിച്ചു.







ഹോട്ടലില്‍നിന്ന്‌ വളരെ അകലെയല്ലാതെ ഒരു തടാകമുണ്ടെന്ന്‌ കടയുടമ പറഞ്ഞു. അവിശ്വസനീയമായ ഒരു കാഴ്‌ചയിലേക്കാണ്‌ അപ്പോള്‍ ഞങ്ങള്‍ നടന്നുപോയത്‌. മലകള്‍ കുത്തിമറിഞ്ഞ്‌ അകം പുറമായ ആ പ്രദേശം ആന്തരാവയവങ്ങള്‍ പുറത്തായ ഒരു ജീവിയെപ്പോലെ തോന്നിച്ചു. വിനാശകരമായി പൊട്ടിപ്പിളര്‍ന്ന ആ ഭൂഭാഗങ്ങള്‍ താണ്ടി, നിബിഡമായ വനപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന തടാകനീലിമയില്‍ മുഗ്‌ദ്ധരായി ഞങ്ങള്‍ നിന്നു.

ഇരുട്ടു വീണുതുടങ്ങി. തെളിഞ്ഞ മാനം. തിളങ്ങുന്ന നക്ഷത്രങ്ങള്‍. അകലെ മഞ്ഞുതൊപ്പിയണിഞ്ഞ ഹിമഗിരിനിരകള്‍. ശക്തമായ ഒഴുക്കിന്റെ ഒച്ച - വിശ്വസിക്കാനാകുന്നില്ല, ഈ തടാകത്തില്‍നിന്നാണ്‌ നദി പിറക്കുന്നതെന്ന്‌... പിറ്റേന്ന്‌ ദീര്‍ഘദൂരം സഞ്ചരിച്ചശേഷമാണ്‌ യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക്‌ ബോധ്യമായത്‌. ദൂരെനിന്ന്‌ ഒഴുകിയെത്തുന്ന നദി മാര്‍ഗമധ്യത്തിലൊരിടത്ത്‌ വാല്‍ക്കണ്ണാടി പിടിച്ചമാതിരി തടാകഛായ കൈവരിച്ച്‌, വീണ്ടും ഒഴുകുന്നു.

ചെങ്കുത്തായ കയറ്റം കയറുമ്പോള്‍ മടങ്ങിവരുന്ന ഒരു ബംഗാളിസംഘത്തെ കണ്ടുമുട്ടി. യാത്രികരെ കാണുന്ന മാത്രയില്‍ത്തന്നെ നമുക്ക്‌ അറിയാനാവും, അവര്‍ സഞ്ചരിച്ചെത്തിയ പാതകളുടെ സ്വഭാവം. സാഹസമനോഭാവവും ആത്മവിശ്വാസവും തുളുമ്പുന്ന കണ്ണുകള്‍... ഏറ്റവും അനുകൂലമായ കാലാവസ്ഥയാണെന്ന്‌ അവര്‍ ആഹ്ലാദപൂര്‍വം പറഞ്ഞു.

ഉണ്യാനയിലെ കുട്ടികള്‍
ഉണ്യാന എന്ന ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു കടയും അതിനു മുന്നില്‍ ഒരു കുഞ്ഞ്‌ തപാല്‍പ്പെട്ടിയും കണ്ടു. (വിദൂരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതത്തിന്റെ മുദ്ര!) ഒരു വലിയ സ്‌ഫടികഭരണി നിറയെ കല്‍ക്കണ്ടം. അവിടെനിന്ന്‌ കല്‍ക്കണ്ടം വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഹിമാലയ സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടവരാണ്‌ കുട്ടികള്‍ - വിശേഷിച്ചും ഗഡ്‌വാള്‍ മേഖലയില്‍. ഒരു ഗ്രാമത്തിലേക്ക്‌ സഞ്ചാരികള്‍ പ്രവേശിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ കുട്ടികളുടെ സംഘം ഓടിയെത്തും `നമസ്‌കാര്‍ ... ടോഫി' എന്ന്‌ നീട്ടിവിളിച്ചുകൊണ്ട്‌. ആ സ്വാഗതവാക്യത്തിലൂടെയാണ്‌ ഓരോ സഞ്ചാരിയും ഗ്രാമത്തിലേക്കു പ്രവേശിക്കുന്നത്‌. കുട്ടികള്‍ക്കു നല്‍കാനായി എല്ലായ്‌പോഴും സഞ്ചാരികളുടെ കോട്ടിന്റെ പോക്കറ്റിലും ബാഗിനുള്ളിലും മിഠായിയും കല്‍ക്കണ്ടവും പോപ്പിന്‍സുമൊക്കെയുണ്ടാവും.







uniana village
എന്നാല്‍, ഉണ്യാന പിന്നിട്ടതിനുശേഷം ഒരു അരുവിക്കരയില്‍ വിശ്രമിക്കുമ്പോഴാണ്‌ ഗ്രാമത്തില്‍നിന്നു രണ്ടു കുട്ടികള്‍ പാഞ്ഞുവന്നത്‌. അരുവിയിലെ വെള്ളം കുടിക്കരുതെന്ന്‌ അവര്‍ വിലക്കി. മലമുകളില്‍ ഒരിടത്തുള്ള കുഴലുകള്‍ ചൂണ്ടിക്കാട്ടി അതില്‍നിന്നു മാത്രമേ വെള്ളം കുടിക്കാവൂ എന്നറിയിച്ചശേഷം അവര്‍ ഓടിപ്പോയി. ഓരോ യാത്രികനെയും നിരീക്ഷിക്കുന്ന ഗ്രാമത്തിന്റെ സൂക്ഷ്‌മനേത്രങ്ങളുടെ പ്രതിനിധികളായ ആ കുട്ടികള്‍... തലേനാള്‍ കണ്ട, അകംപുറമായ ഭൂപ്രദേശവും ചുറ്റുമുള്ള ലോഹത്തിളക്കങ്ങളും ഓര്‍മ്മ വന്നു. ഒരുപക്ഷേ, അണുവികിരണമോ ലോഹസാന്നിധ്യമോ ഉള്ള ജലമായതിനാലാകാം കുട്ടികള്‍ മുന്നറിയിപ്പു നല്‍കിയതെന്ന്‌ ഞങ്ങള്‍ ഊഹിച്ചു.

പ്രഭാതവെയിലിനൊപ്പം പള്ളിക്കൂടത്തിലേക്കു പോകുന്ന ഒരുസംഘം കുട്ടികളെ വഴിക്കു കണ്ടുമുട്ടി. അവര്‍ക്ക്‌ മിഠായി നല്‍കി ഞങ്ങള്‍ മുന്നോട്ടുനീങ്ങി. കുറെ ദൂരം പിന്നിട്ടപ്പോള്‍ ഒരു തോപ്പിനുള്ളില്‍നിന്ന്‌ ഒരു ബാലന്‍ പ്രത്യക്ഷനായി. പച്ചനിറത്തിലുള്ള കായകള്‍ തിന്നുകൊണ്ട്‌ നടക്കുകയായിരുന്നു അവന്‍. ഏതാനും പച്ചക്കായകള്‍ അവന്‍ ഞങ്ങള്‍ക്കു നല്‍കി. എന്നിട്ട്‌ നന്നായി ചിരിച്ചു. അവന്‍ തന്ന കായകള്‍ കോട്ടിന്റെ പോക്കറ്റിലിട്ട്‌ ഞങ്ങള്‍ അവന്‌ പോപ്പിന്‍സ്‌ നല്‍കി. മനുഷ്യവിനിമയങ്ങളുടെയും സൗഹാര്‍ദ്ദത്തിന്റെയും അടയാളമായി, തിളങ്ങുന്ന കണ്ണുകളോടെ, ഞങ്ങള്‍ കണ്ണില്‍ നിന്നു മറയുവോളം അവന്‍ കൈവീശിക്കൊണ്ടേയിരുന്നു.

മലമുകളിലെ മനുഷ്യര്‍

ഒടുവില്‍ ഞങ്ങള്‍ രാംസി എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. മനോഹരമായ ഹിമാലയഗ്രാമമാണ്‌ രാംസി. പശുക്കള്‍ക്കായി പ്രത്യേകതരം തൊഴുത്തുകളും മെതിക്കളങ്ങളും. ഒരു വീട്ടുമുറ്റത്ത്‌ ഒറ്റയ്‌ക്കുനിന്ന്‌ ഒരു പെണ്‍കുട്ടി ഗോതമ്പുകറ്റകള്‍ മെതിക്കുന്നുണ്ടായിരുന്നു. ദൂരെ മലപ്പള്ളകളില്‍ അരഞ്ഞാണ്‍പോലെ വെള്ളച്ചാട്ടങ്ങള്‍ - ശബ്‌ദരഹിതമായ ഈ ദൃശ്യങ്ങള്‍ക്കുമേല്‍ ഒരു നഴ്‌സറി റൈമിന്റെ ഈണത്തോടെ വീട്ടിനുള്ളില്‍നിന്നും പുറത്തുനിന്നും കുട്ടികളുടെ കോറസ്‌ `നമസ്‌കാര്‍... ടോഫി' എന്ന വായ്‌ത്താരി മുഴക്കിക്കൊണ്ടിരുന്നു. നടുതിനങ്ങള്‍ക്കിടയിലൂടെ പാഞ്ഞുപോകുന്ന കാറ്റും നിശ്ശബ്‌ദമായ ഗ്രാമക്ഷേത്രവും...


ramsi village and temple






 പൈന്‍മരക്കാടുകളുടെ കയറ്റിറക്കങ്ങള്‍ താണ്ടി നെടുനീളത്തില്‍ ഞങ്ങളുടെ യാത്ര തുടര്‍ന്നു. അനേകം ചിത്രശലഭങ്ങളെയും കിളികളെയും കാണുന്നുണ്ടായിരുന്നു. ദുര്‍ഘടമായ നടത്തം ചെന്നുനിന്നത്‌ ഒരു പാലത്തിനരികിലെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്‌ചയില്‍. ഒരു വെള്ളച്ചാട്ടത്തിനു കീഴില്‍ തുളുമ്പുന്ന വൈന്‍ഗ്ലാസുപോലെ മനോഹരമായൊരു തടാകം. അതിന്റെ ആഴത്തില്‍നിന്ന്‌ കണ്ണുപറിച്ചെടുക്കാന്‍ തോന്നില്ല. അത്‌ കവിഞ്ഞൊഴുകി പാലത്തിന്റെ മറുചരിവില്‍ അതിന്റെ പ്രതിഫലനം പോലെ മറ്റൊരു തടാകവും! കൃഷിയിടങ്ങളും കുന്നുകളും പ്രകൃതിയുടെ വിചിത്രമായ ശിലാവിന്യാസങ്ങളും പിന്നിട്ടുകൊണ്ടാണ്‌ ഞങ്ങള്‍ ഗോണ്ടാര്‍ എന്ന ഗ്രാമത്തിലേക്കു പ്രവേശിച്ചത്‌.
way to gondhar
gonndhar village



സഞ്ചാരികളുടെ താവളമാണ്‌ ഗോണ്ടാര്‍. മരത്തില്‍ പണിത ഇരുനില വീടുകള്‍. മുകള്‍ നിലയിലെ കൈവരിക്കരികില്‍ പുകവലിച്ചിരിക്കുന്ന വിദേശവനിതകളെയാണ്‌ ഞങ്ങള്‍ ആദ്യം കണ്ടത്‌. ഭാരതീയരും വിദേശികളുമായ നിരവധി സഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നു. സുഹൃത്തിനെ ഒരു മുറിയില്‍ വിശ്രമിക്കാനനുവദിച്ച്‌ കുറച്ചകലെയുള്ള നദിക്കരയിലേക്ക്‌ ഞാന്‍ നടന്നു. ചുറ്റും ആരുമില്ല. കുത്തൊഴുക്കിന്റെ ഒച്ച മാത്രം. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ കൂറ്റന്‍ പാറകളില്‍ ചവിട്ടി നദിയുടെ മധ്യഭാഗംവരെ നടന്നെത്താം. അവിടെനിന്‌ കാട്ടുകമ്പുകള്‍ വെട്ടിനിരത്തിയ ഒരു പാലം കാട്ടിനുള്ളിലേക്കുള്ള പാതയുടെ തുറസ്സില്‍ ചെന്നു മുട്ടുന്നു. കരവേലയുടെ കമനീയത തുടിച്ചുനില്‍ക്കുന്നതാണ്‌ പാലത്തിന്റെ നിര്‍മ്മിതി. എന്തുകൊണ്ടാണ്‌ മനുഷ്യന്‍ അവന്റെ ഓരോ നിര്‍മ്മിതിയെയും സൗന്ദര്യാത്മകമാക്കിത്തീര്‍ക്കുന്നതെന്ന അതിശയത്തിന്റെ അഗ്നി ഉള്ളിലുണര്‍ത്തുന്നതാണ്‌ ആ ദൃശ്യം.

നാനിലേക്കുള്ള വഴി

ഞങ്ങള്‍ ഗോണ്ടാറില്‍നിന്നും യാത്ര തുടര്‍ന്നു. രുദ്രമായ കയറ്റങ്ങള്‍, കഠിനമായ പാത, ആയാസകരമായ യാത്ര. ഒരു ചരിവിലെ താഴ്‌വാരത്ത്‌ തലേന്ന്‌ ജുഹാസുവില്‍ കണ്ട സംഘം ടെന്റടിച്ചിരിക്കുന്നു. ധാരാളം സന്ന്യാസിമാരും സഞ്ചാരികളും. ആവര്‍ത്തിക്കുന്ന കയറ്റങ്ങള്‍ക്കിടയില്‍ ജലപ്രവാഹങ്ങളുടെ വൈവിധ്യമാര്‍ന്ന വിതാനങ്ങളും മഞ്ഞണിഞ്ഞ മലകളും മേഘമാലകളും മനസ്സിന്‌ ശാന്തി നല്‍കി. സന്ധ്യയോടടുപ്പിച്ച്‌ `നാന്‍' എന്ന ഗ്രാമത്തിലെത്തി. സഞ്ചാരികള്‍ക്ക്‌ തങ്ങേണ്ട അവസാന താവളമാണ്‌ നാന്‍. പുല്ലും ചൂരലും കൊണ്ടു നിര്‍മ്മിച്ച അതിമനോഹരമായ ഒരു കുടിലില്‍ അന്നു രാത്രി ഞങ്ങള്‍ ഇരുപതോളം യാത്രികര്‍ അന്തിയുറങ്ങി.

വെളുപ്പിനു തന്നെ ഞങ്ങള്‍ പ്രയാണം ആരംഭിച്ചു. ശ്വാസം മുട്ടിക്കുന്ന കയറ്റത്തിന്റെ ആവര്‍ത്തനങ്ങള്‍... നിബിഡമായ വനത്തിനുള്ളിലൂടെയായി സഞ്ചാരം. കേദാര്‍നാഥ്‌ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായ ഈ പ്രദേശം സസ്യജന്തുവൈവിധ്യത്താല്‍ സമൃദ്ധമാണ്‌. ധാരാളം മൃഗജനുസ്സുകള്‍ ഇവിടെയുണ്ട്‌. കാടിനുള്ളില്‍ വീണ്ടും കയറ്റം ആരംഭിക്കുന്നിടത്തുവച്ച്‌ കുറെ സ്‌ത്രീകളെ കണ്ടുമുട്ടി. വനത്തിനുള്ളില്‍ നിന്ന്‌ അരിഞ്ഞെടുത്ത വലിയ പുല്‍ക്കെട്ടുകളും ചുമന്നാണ്‌ അവര്‍ മലകയറുന്നത്‌. ഗഡ്‌വാളിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളതില്‍നിന്ന്‌ ഒരു വസ്‌തുത ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഗഡ്‌വാളിലെ ഗ്രാമജീവിതത്തിന്റെ ചൈതന്യം സ്‌ത്രീകളാണ്‌. കൃഷിയിടങ്ങളിലും ജലമില്ലുകളിലും മെതിക്കളങ്ങളിലും പശുപാലനത്തിലുമെല്ലാം അതു വ്യക്തമാണ്‌.

ഒടുവില്‍ ഞങ്ങള്‍ മദ്‌മഹേശ്വറിലെത്തി. നിറയെ കുഞ്ഞുകുഞ്ഞു പൂക്കള്‍ ചിതറിക്കിടക്കുന്ന വിശാലമായ താഴ്‌വരയിലാണ്‌ ഉത്തരേന്ത്യന്‍ മട്ടിലുള്ള മദ്‌മഹേശ്വരക്ഷേത്രം. മഞ്ഞണിഞ്ഞ ചൗഖംബാ മലനിരകളും നീലകണ്‌ഠ, കേദാരനാഥ പര്‍വതനിരകളും ചൂഴ്‌ന്നുനില്‍ക്കുന്ന മദ്‌മഹേശ്വറില്‍നിന്ന്‌ ഓരോ ദിശയിലേക്കുള്ള കാഴ്‌ചയും മനം നിറയ്‌ക്കുന്ന അനുഭവമാണ്‌. ഇളംവെയിലിലൂടെ നടന്ന്‌ ഞങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തി. വെള്ളം തളിച്ച്‌ നനവു വരുത്തിയ മുറ്റം. കൃഷ്‌ണശിലയിലുള്ള ശിവലിംഗമാണ്‌ മുഖ്യപ്രതിഷ്‌ഠ. അനുബന്ധമായി പാര്‍വതീ പ്രതിഷ്‌ഠയും അര്‍ദ്ധനാരീശ്വര പ്രതിഷ്‌ഠയുമുണ്ട്‌. ഗഡ്‌വാളിലെ പ്രധാനക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ തെക്കേയിന്ത്യക്കാരാണ്‌; കര്‍ണ്ണാടകക്കാരനാണ്‌ മദ്‌മഹേശ്വറിലെ പൂജാരി.

വൃദ്ധ താപസന്‍

ക്ഷേത്രത്തിനു പുറത്ത്‌ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിനുള്ളില്‍ വൃദ്ധനായ ഒരു സന്ന്യാസിയുണ്ടായിരുന്നു. ഒരു അടുപ്പുകല്ലിനരികില്‍ ഭാംഗ്‌ നിറച്ച ചിലത്തില്‍നിന്ന്‌ പുകയെടുത്തുകൊണ്ട്‌ ഏകനായിരിക്കുന്ന സന്ന്യാസിക്കരികിലേക്ക്‌ ഞങ്ങള്‍ ചെന്നു. അദ്ദേഹം ഞങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്‌തു. വാരണാസിയിലാണ്‌ ജന്മഗൃഹം. വര്‍ഷങ്ങളായി ഹിമാലയത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓരോ നാള്‍ ഓരോയിടത്ത്‌. സന്ന്യാസി ഞങ്ങള്‍ക്ക്‌ ചുട്ട ഉരുളക്കിഴങ്ങും ഉപ്പും ഉണക്കമുന്തിരിയും നല്‍കി. ഏറെ സ്വാദിഷ്‌ടമായിരുന്നു അവ. സന്ന്യാസിയുമായി സംസാരിച്ചിരിക്കുമ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെ ആഴമുള്ളതും കൃതജ്ഞതാഭരിതവുമായ അനുഭവങ്ങള്‍ ഞങ്ങളെ സ്‌പര്‍ശിച്ചുകൊണ്ടിരുന്നു.

മടക്കയാത്രയില്‍ നാനില്‍ എത്തുന്നതിനു മുന്‍പ്‌ കനത്ത മഴ പെയ്‌തു. ഞങ്ങള്‍ ഒരു പാറയപ്പിനുള്ളില്‍ ഒതുങ്ങിനിന്നു. അവിടെ നില്‍ക്കുമ്പോള്‍ വെള്ളവസ്‌ത്രം ധരിച്ച ഒരു സന്ന്യാസിയും സംഘവും കടന്നുപോയി. ചിരിച്ച്‌, കൈവീശി അവര്‍ അകന്നുപോയി. നാനില്‍ എത്തുന്നതിനു മുന്‍പ്‌ വീണ്ടും മഴ പെയ്‌തു. ഗോണ്ടാര്‍ കടക്കുന്നതുവരെ മഴ ഇടയ്‌ക്കിടയ്‌ക്ക്‌ പെയ്‌തുകൊണ്ടിരുന്നു. സന്ധ്യയോടെ ജുഹാസുവില്‍ എത്തിച്ചേരണമെന്ന നിശ്ചയത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഇരുട്ടില്‍ ഒരു മുരളീരവം

രാംസിക്കടുത്തെത്തിയപ്പോള്‍ മുന്‍പു കണ്ട സന്ന്യാസി രണ്ടു ശിഷ്യന്മാര്‍ക്കൊപ്പം നടന്നുപോകുന്നു. ജ്യോഷിമഠിലാണ്‌ അവരുടെ ആശ്രമം (ബദരീനാഥിലേക്കുള്ള പാതയിലെ പ്രധാന കേന്ദ്രമാണ്‌ ജോഷിമഠ്‌ എന്ന ജ്യോതിര്‍മഠം). കേരളത്തിലും കന്യാകുമാരിയിലും തനിക്കു ശിഷ്യന്മാരുണ്ടെന്ന്‌ സന്ന്യാസി പറഞ്ഞു. അവരോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ വേഗത്തില്‍ നടന്നു. ഇരുട്ട്‌ വ്യാപിച്ചു തുടങ്ങി. അരണ്ട ചന്ദ്രപ്രഭ തറയിലെ ലോഹം പോലെ തിളക്കമാര്‍ന്ന വസ്‌തുക്കളില്‍ പ്രതിഫലിക്കുന്നു. ഒരു വളവ്‌ തിരിയുമ്പോള്‍ അകലെനിന്ന്‌ ഒഴുകി വരുന്ന മുളരീരവം. ഗ്രാമീണരായ രണ്ട്‌ യുവാക്കള്‍. ഇരുളില്‍ അവരുടെ മുഖം തീരെ വ്യക്തമല്ല. ആ സംഗീതമാധുര്യം ഞങ്ങളെക്കടന്ന്‌ പിന്നിലേക്ക്‌ നേര്‍ത്തുനേര്‍ത്തലിഞ്ഞുപോയി.

തുടര്‍ന്നുള്ള യാത്രയ്‌ക്കിടയില്‍ ഞങ്ങള്‍ ഒരു പോര്‍ട്ടറെ പരിചയപ്പെട്ടു. സന്ന്യാസി സംഘത്തിന്റെ ചുമട്ടുകാരനായിരുന്നു അയാള്‍. സന്ന്യാസിയും കൂട്ടരും നല്ലവരല്ലെന്ന്‌ അയാള്‍ പറഞ്ഞു. മൃഗസാന്നിധ്യമുള്ള കാട്ടിലൂടെയാണ്‌ സഞ്ചരിക്കേണ്ടതെന്നു അയാള്‍ വ്യക്തമാക്കി. രാത്രിയായിക്കഴിഞ്ഞിരുന്നതിനാല്‍ യാത്ര സാവധാനത്തിലായി. ജുഹാസുവിലെ ഹിമാലയന്‍ ഹോട്ടലിനു മുന്നിലെത്തുമ്പോള്‍ സമയം പതിനൊന്നിനോടടുത്തു. ഹോട്ടല്‍ അടഞ്ഞുകിടന്നു. ഇനി ഒരു മുറി കിട്ടണമെങ്കില്‍ ഉഖിമഠിലെത്തണമെന്ന്‌ പോര്‍ട്ടര്‍ പറഞ്ഞു.

മധുഗംഗയ്‌ക്കു കുറുകെ മരപ്പാലം കടന്ന്‌ ഞങ്ങള്‍ മറുകരയില്‍ നിന്നു. സന്ന്യാസി സംഘത്തിന്റെ ആറ്‌ വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്‌. ഞങ്ങള്‍ പ്രതീക്ഷയോടെ സന്ന്യാസിയും സംഘവും എത്തുന്നതിനായി കാത്തുനിന്നു. എന്നാല്‍ സന്ന്യാസിയും കൂട്ടരും പ്രതീക്ഷിച്ചതിനേക്കാള്‍ വൈകിയാണ്‌ എത്തിയത്‌. ഞങ്ങള്‍ സന്ന്യാസിയോട്‌ വിവരം പറഞ്ഞു. സന്ന്യാസി പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ പതിയെ പറഞ്ഞു, നിങ്ങള്‍ ഇവിടെക്കിടന്ന്‌ മരിക്കണമെന്ന്‌. വാഹനവ്യൂഹം പുറപ്പെട്ടപ്പോള്‍, ഒരു കുറുക്കുവഴിയിലൂടെ ഞങ്ങള്‍ മുകളിലെ റോഡിലെത്തി കാത്തുനിന്നു. വഴിയരികില്‍ ഒരു മനുഷ്യന്‍ കിടന്ന്‌ ഉറങ്ങുന്നതു കണ്ടു. സന്ന്യാസി സംഘത്തിന്റെ വാഹനവെളിച്ചം അയാളുടെ മേല്‍ ഇടിച്ചുതെറിച്ച്‌ കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഞങ്ങള്‍ വീണ്ടും പ്രതീക്ഷയോടെ കൈകാട്ടി. അവസാനവാഹനവും ഞങ്ങളെ കടന്നുപോയി.

മറക്കുന്നില്ല ആ രാത്രി

ഞങ്ങള്‍ റോഡരികില്‍ തളര്‍ന്നിരുന്നു. നാന്‍ മുതല്‍ മദ്‌മഹേശ്വര്‍ വരെയും അവിടെ നിന്ന്‌ ജുഹാസു വരെയും പത്തുമുപ്പത്തഞ്ചു കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായ നടത്തം. കയ്യില്‍ ഭക്ഷണവും വെള്ളവുമില്ല. കുട്ടികളുടെ വിലക്കുള്ളതിനാല്‍ വഴിവക്കിലെ അരുവിയില്‍നിന്ന്‌ വെള്ളമെടുത്തിരുന്നില്ല. ദാഹിച്ചു വലഞ്ഞ്‌, പരിക്ഷീണമായ അവസ്ഥ. രാത്രിസഞ്ചാരത്തിന്റെ അപകടങ്ങള്‍ വേറെയും. ദൂരങ്ങളില്‍ മഞ്ഞുമലകളുടെ വെണ്‍മയാര്‍ന്ന ദൃശ്യം. ഞങ്ങള്‍ നടന്നു. രാത്രി രണ്ടുമണിയോടെ മണ്‍സൂണയിലെത്തി.

ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ടാകണം, വഴിയരികിലെ ഒരു വീട്ടില്‍ പെട്ടെന്ന്‌ വിളക്ക്‌ തെളിഞ്ഞു. അമ്മയും രണ്ടു കുട്ടികളുമാണ്‌ ആ വീട്ടിലുണ്ടായിരുന്നത്‌. മൂത്തയാള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്‌ - ശൈലേന്ദ്ര റാവത്ത്‌. ശൈലേന്ദ്ര ഞങ്ങളോട്‌ സംസാരിച്ചു. പിന്നീട്‌ അമ്മയോടും. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക്‌ പ്രത്യേകം താല്‌പര്യം തോന്നി. അന്നു രാത്രി അവര്‍ ആ വീട്ടില്‍ തങ്ങാനനുവദിച്ചു. പുറത്തെ ശൈത്യത്തില്‍നിന്നും ചൂടുള്ള മുറിയിലെത്തിയപ്പോള്‍ പെട്ടെന്നൊരു ഉന്മേഷം. ആ രാത്രി ഞങ്ങള്‍ സുഖമായുറങ്ങി.

നാട്ടിലെത്തിയശേഷം ശൈലേന്ദ്ര റാവത്തുമായി തപാലിലൂടെയും ഇ-മെയിലിലൂടെയും വിനിമയങ്ങളുണ്ടായിരുന്നു. ശൈലേന്ദ്ര ദറാദൂണില്‍ ഉപരിപഠനത്തിനെത്തിയശേഷവും അത്‌ തുടര്‍ന്നു. പിന്നീടെപ്പോഴോ അത്‌ മുറിഞ്ഞു. എങ്കിലും ഇപ്പോഴും ഒരു ക്ഷണവാക്യംപോലെ മണ്‍സൂണാഗ്രാമം ഉള്ളിലുണ്ട്‌ - ഒരിക്കല്‍ക്കൂടി മദ്‌മഹേശ്വറിലേക്കു വരൂ എന്ന്‌ അത്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നു.

RELATED STORIES


ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com