HAR KI DUN: സ്വര്‍ഗ്ഗാരോഹിണിയിലെ അസ്‌തമയം
ഹിമാലയ മേഖലയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഹരിദ്വാര്‍ ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണ്. കുതിരവണ്ടികളും ആള്‍ത്തിരക്കും സൈക്കിള്‍ റിക്ഷകളും കൊണ്ട് മുഖരമായ ഹരിദ്വാറില്‍ എത്തിച്ചേര്‍ന്ന അപരാഹ്നം സ്‌നിഗ്‌ദ്ധമായ ഓരോര്‍മ്മയാണിപ്പോള്‍. 2001 മേയ് 18-നാണ് ഞങ്ങളുടെ മൂവര്‍സംഘം ഹിമാലയ യാത്രയ്‌ക്കായി ഉത്തര്‍ഖണ്ഡിലെ ഹരിദ്വാറില്‍ എത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില തീര്‍ത്ഥാടന പാതകള്‍ പിറക്കുന്നത് ഹരിദ്വാറില്‍ നിന്നാണ്. ചതുര്‍ധാമങ്ങളിലേക്കും പഞ്ചകേദാരങ്ങളിലേക്കും നദീസംഗമങ്ങളായ പ്രയാഗുകളിലേക്കും സന്യാസമഠങ്ങളിലേക്കും ഗുരുദ്വാരകളിലേക്കുമൊക്കെയുള്ള തീര്‍ത്ഥാടകര്‍ ആദ്യം എത്തുന്നത് ഹരിദ്വാറിലാണ്. തീര്‍ത്ഥാടകര്‍ക്കു പുറമെ പര്‍വതാരോഹകരുടെയും പ്രകൃതിസ്‌നേഹികളുടെയും സംഘങ്ങളും യാത്രാത്തുടക്കത്തിനെത്തുന്നത് ഇവിടെത്തന്നെ. പര്‍വതങ്ങളും തടാകങ്ങളും ദേശീയോദ്യാനങ്ങളും കൊടുമുടികളും വ്യത്യസ്‌തതരം വനങ്ങളും ബയോസ്‌ഫിയറും ജനപദങ്ങളുള്‍പ്പെടെ ഹിമാലയവശ്യതയുടെ വിപുലമായ സഞ്ചാരാനുഭവം നല്‍കുന്ന ഘടകങ്ങള്‍ ഓരോ സഞ്ചാരിക്കുമുള്ള ക്ഷണമാണ്.
പര്‍വ്വതച്ചരിവുകള്‍ താണ്ടി, സമതലത്തിലൂടെ ഗംഗ ഒഴുകിത്തുടങ്ങുന്നത് ഹരിദ്വാര്‍ മുതലാണ്. ഗംഗയുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഗംഗാ ആക്ഷന്‍ പ്ലാനിന്റെ (GAP) ഭാഗമായി നിര്‍മ്മിച്ച കനാലാണ് ഹരിദ്വാറില്‍ ഗംഗയായൊഴുകുന്നത്. [യഥാര്‍ത്ഥ ഗംഗ അവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ്.] ഇരുകരകളിലും ചങ്ങലകള്‍കൊണ്ട് സുരക്ഷിതമാക്കി സ്‌നാനഘട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗംഗാതീരത്തെ ഭജനമഠങ്ങള്‍, സന്യാസിമാര്‍, കച്ചവടക്കാര്‍... കാഴ്‌ചകളിലൂടെ ഒഴുകുമ്പോള്‍ ശ്രുതിമധുരമായ ഒരു വായ്‌പാട്ട്. ഒരു മരച്ചുവട്ടില്‍ വിവാഹത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി പാടിക്കൊണ്ടിരിക്കുന്നു. നന്നേ ചെറിയൊരു സംഘമാണ് ആ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഞങ്ങള്‍ ഗംഗയുടെ തണുപ്പില്‍ മുങ്ങിനിവര്‍ന്നു. ഹിമവല്‍സാനുക്കളുടെ വിരല്‍സ്‌പര്‍ശം! സന്ധ്യയായപ്പോള്‍ ഗംഗ കൂടുതല്‍ സജീവമായി. ഭിന്നമായൊരു ദൃശ്യപ്പൊലിമയിലേക്ക് അതു വളര്‍ന്നു. ഇലക്കുമ്പിളുകളില്‍ പൂവും ദീപവും നാണയവും വച്ച് ഒഴുക്കിവിടുന്ന ഭക്തര്‍. ദീപനാളങ്ങള്‍ നദി നിറഞ്ഞൊഴുകി. വെളിച്ചത്തില്‍ കുളിച്ച പട്ടണം നദിയില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.
സാംക്രിയിലേക്ക്
ഉത്തരഖണ്ഡിന്റെ വടക്കു-പടിഞ്ഞാറ് ദിക്കിലുള്ള ഹര്‍കിദൂണ്‍, പര്‍വത സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഹരിദ്വാറില്‍ നിന്ന് ഹൃഷീകേശ്-ദറാദൂണ്‍-നവ്‌ഗോണ്‍-പുരോലാ വഴിക്കുള്ള ആദ്യ ബസ് പുലര്‍ച്ചെ അഞ്ചരമണിക്കാണ്. ആ യാത്ര ഹിമാലയ ഭൂമിശാസ്‌ത്രത്തിന്റെ നഖചിത്രം നല്‍കുന്നതായിരുന്നു. യമുനാപ്പാലം പിന്നിട്ടശേഷമാണ് ഹിമാലയ മലനിരകളുടെ സ്വഭാവം വ്യക്തമായിത്തുടങ്ങുന്നത്. ഉന്നതിയിലേക്ക് നീണ്ടുപോകുന്ന നിരത്ത്. കൂറ്റന്‍ പര്‍വതങ്ങള്‍. ആറ്റുപാറകള്‍പോലെ ഉരുണ്ടു മിഴിവാര്‍ന്ന പാറക്കൂമ്പാരങ്ങള്‍ ചേര്‍ന്നുള്ള കൂറ്റന്‍ മലകളും വന്‍ശിലാപര്‍വതങ്ങളുമൊക്കെ അവയില്‍പ്പെടും.
ഉന്നതിയിലേക്കു പോകുന്തോറും അന്തരീക്ഷസ്ഥിതി മാറിക്കൊണ്ടിരുന്നു. ഉയരങ്ങളില്‍ മാത്രം കാണാറുള്ള വിശേഷപ്പെട്ട മരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആകര്‍ഷകമായ കൃഷിനിലങ്ങള്‍. ധൂളിപോലെ പെയ്യുന്ന മഴ. സ്ലേറ്റുകല്ലുകള്‍ പാകിയ മേല്‍ക്കൂരയുള്ള വീടുകള്‍. ആ മേല്‍പ്പുരകളില്‍ ഈര്‍പ്പം മുറ്റിനില്‍ക്കുന്നു. പുരോലയില്‍ ബസ്സിറങ്ങി, അടുത്ത ബസ്സില്‍ സാംക്രിയിലേക്ക് യാത്രതിരിച്ചു. ഹര്‍കിദൂണ്‍ യാത്രികര്‍ക്ക് ബസ്സില്‍ എത്തിച്ചേരാവുന്ന അവസാനത്തെ സ്ഥലമാണ് സാംക്രി. കടല്‍നിരപ്പില്‍ നിന്ന് 1450 മീറ്റര്‍ ഉയരത്തിലുള്ള സാംക്രിയില്‍ ഏതാനും കടകളും യാത്രികര്‍ക്കു തങ്ങാനുള്ള സംവിധാനവുമുണ്ട്. പര്‍വതാരോഹണത്തിനുള്ള സന്നാഹങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു ഫലകം സാംക്രിയിലുണ്ട്. അവിടെനിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള താലൂക്കായില്‍ എത്തുമ്പോള്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു. വനംവകുപ്പിന്റെ ഗസ്റ്റ്‌ഹൗസില്‍ രാത്രി തങ്ങിയിട്ട് രാവിലെ ട്രെക്കിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചു.
പ്രഭാതക്കാഴ്‌ചയില്‍ താലൂക്കാ എന്ന ഗഡ്‌വാളിഗ്രാമം അതിമനോഹരമായിരുന്നു. ദാരുനിര്‍മ്മിതമായ വീടുകള്‍. ഒരട്ടി മരവും അടുത്ത അട്ടി മണ്ണും എന്ന ക്രമത്തിലാണ് വീടുകളുടെ നിര്‍മ്മാണരീതി. ദേവതാരു മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള വീടുകള്‍ക്കുള്ളിലെ താപനില സ്വയം ക്രമീകൃതമാണ്. ഗ്രാമത്തിന്റെ നടുക്കായി വൃത്താകാരത്തിലുള്ള ഒരു കുളം. ഞങ്ങള്‍ പോയ സമയത്ത് ആ കുളത്തില്‍ വെള്ളമില്ലാതെ, കുട്ടികളുടെ കളിസ്ഥലമായി അത് പരിണമിച്ചിരുന്നു. ചില വീടുകളില്‍ സഞ്ചാരികള്‍ക്ക് രാപ്പാര്‍ക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. അത്തരത്തില്‍ ഒരിടത്തുനിന്ന് പ്രഭാതഭക്ഷണം കഴിച്ച്, ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത് ഞങ്ങളുടെ മലയാത്ര ആരംഭിച്ചു. യമുനയുടെ കൈവഴിയായ സുപിന്റെ തീരത്തുകൂടിയായിരുന്നു സഞ്ചാരം. വനത്തിനുള്ളിലൂടെയുള്ള ആ നടത്തയ്‌ക്കിടയില്‍ ഒട്ടേറെ പക്ഷികളെ കാണാമായിരുന്നു. മലയോളം ഉയരമുള്ള കൂറ്റന്‍ മരങ്ങള്‍. ഒരു ചെങ്കുത്തായ കയറ്റത്തിനിടയ്‌ക്ക് പൂവിട്ടുനില്‍ക്കുന്ന റോഡോഡെന്‍ഡ്രന്‍ മരങ്ങളുടെ ഒരു നിര.
ഹിമാലയന്‍ ഗ്രാമീണ ജീവിതത്തിന്റെ താളം യാത്രാത്തുടക്കം മുതല്‍ അനുഭവവേദ്യമായിരുന്നു. ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ട് പോകുന്ന ഇടയന്മാര്‍ക്കൊപ്പമാണ് താലൂക്കയില്‍ നിന്ന് പുറപ്പെട്ടത്. ഞങ്ങള്‍ എത്തിച്ചേര്‍ന്ന അടുത്ത ഗ്രാമം ഗംഗാഡ് ആയിരുന്നു. ഗ്രാമകവാടത്തിന് അരുകിലായി ഒരു തടിമില്ലുണ്ട്. പൂര്‍ണ്ണമായും ആള്‍ശേഷിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേര്‍ വീതമുള്ള സംഘം വാള്‍കൊണ്ട് വലിയ മരങ്ങളെ ചെറിയ കഷ്‌ണങ്ങളാക്കി മാറ്റുന്നു. മരത്തടിയില്‍ കയറുകെട്ടി, അതിനെ നെറ്റിയില്‍ ബന്ധിച്ച് ചുമന്നുമാറ്റുന്നതാണ് ഗഡ്‌വാളികളുടെ രീതി. കൃഷിയിടങ്ങള്‍ താണ്ടുമ്പോള്‍ പാടത്തിനക്കരെ ഒരു കെട്ടിടമുണ്ട്. അതില്‍ ധാന്യം പൊടിക്കുന്ന ഒരു ജലമില്ല് പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുനാല് സ്‌ത്രീകള്‍ അവിടെ പണിയിലേര്‍പ്പെട്ടിരിക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍നിന്ന് ഒരു ചാലിലൂടെ വെള്ളം കൊണ്ടുവന്ന് ചക്രം തിരിച്ചാണ് മില്ല് പ്രവര്‍ത്തിപ്പിക്കുന്നത്.

മൂന്നുമണിയോടെ ഞങ്ങള്‍ സിമായിലെത്തി. സഞ്ചാരികളുടെ ഒരു ഇടത്താവളമായ സിമയിലേക്ക് താലൂക്കായിൽ നിന്ന് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ഗഡ്‌വാള്‍ ടൂറിസത്തിന്റെയും വനംവകുപ്പിന്റെയും സത്രങ്ങള്‍ കൂടാതെ ഒന്നുരണ്ട് സ്വകാര്യ താമസസ്ഥലങ്ങളുമുണ്ട്. യാത്രികരിലേറെയും പിറ്റേന്ന് മലകയറേണ്ടവരാണ്. മലയിറങ്ങി വന്ന ഒരു സംഘത്തെ ഞങ്ങള്‍ പരിചയപ്പെട്ടു. ദില്ലിയില്‍ നിന്നുള്ള പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ നാലുപേര്‍. ഹര്‍ കി ദൂണിലേക്കുള്ള കാലാവസ്ഥ വളരെ അനുകൂലമാണെന്ന് അവര്‍ പറഞ്ഞു.
സുപിനു കുറുകെ മറുകരയിലേക്ക് ഒരു തൂക്കുപാലമുണ്ട്. മുന്‍പുണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിന്റെ അവശിഷ്‌ടങ്ങളും കാണാം. പാലം കടന്ന് വലതുഭാഗത്തുള്ള നടപ്പാത റുയിന്‍സാര തടാകത്തിലെത്തിച്ചേരും. ഇതേവഴിയിലൂടെ മഞ്ഞുപാടങ്ങള്‍ താണ്ടി യമുനോത്രിയിലും എത്തിച്ചേരാനാകും. നേരെ മുകളിലേക്കുള്ള പാത ഹര്‍ കി ദൂണിലേക്കുള്ളതാണ്. ഈ വഴിയില്‍ കുറച്ചു മുകളിലെത്തിയശേഷം ഇടതുഭാഗത്തേക്ക് ഒരു നടപ്പാതയുണ്ട്. അത് ഓസ്‌ല ഗ്രാമത്തിലേക്കുള്ളതാണ്. ആ ദിക്കിലുള്ള അവസാനത്തെ ഗ്രാമമാണ് ഓസ്‌ല. (ഹര്‍ കി ദൂണില്‍ നിന്നുള്ള മടക്കയാത്രയിലാണ് ഞങ്ങള്‍ ആ ഗ്രാമം സന്ദര്‍ശിച്ചത്). നൂറോളം കുടുംബങ്ങളുള്ള ഓസ്‌ല ഒരു സുന്ദരഗ്രാമമാണ്. മരത്തില്‍ പണിത ഇരുനില വീടുകളും ഗ്രാമക്ഷേത്രവും ഏറെ ആകര്‍ഷകം. ആ ഗ്രാമത്തില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണ്. രോമക്കുപ്പായം തുന്നിക്കൊണ്ടിരിക്കുന്ന ഗഡ്‌വാളി സ്‌ത്രീക്കു ചുറ്റും കുട്ടികളുടെ ഒരു വലിയ സംഘം കൂടിനില്‍പ്പുണ്ടായിരുന്നു.
ഹര്‍ കി ദൂണിലേക്ക് യാത്ര പുറപ്പെടാനായി രാവിലെ തന്നെ നിരവധി സംഘങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരമുള്ള സി മായില്‍ നിന്ന് 3510 മീറ്റര്‍ ഉയരത്തിലുള്ള ഹര്‍ കി ദൂണിലേക്ക് 12 കിലോമീറ്റര്‍ ദൂരമുണ്ട്. ആദ്യം യാത്ര ആരംഭിച്ചത് ഞങ്ങളുടെ സംഘമാണ്. പ്രഭാതവെയിലിനൊപ്പം ആട്ടിന്‍പറ്റത്തെയും തെളിച്ച് മലമുകളിലേക്കു പോകുന്ന കുട്ടികളെ ആ യാത്രയ്‌ക്കിടെ കാണാം. അതില്‍ ഒരു കുട്ടിയായിരുന്നു ബിരിന്ദി. എട്ടോ ഒന്‍പതോ വയസ്സുണ്ടാവും. കയ്യില്‍ ഒരു വടി മാത്രം. കൂട്ടുകാരില്‍ നിന്ന് കുറെ ദൂരം മുന്നിലായിരുന്ന എനിക്ക് സഹയാത്രികയായത് ബിരിന്ദിയാണ്. ഗഡ്‌വാളിഭാഷയില്‍ ബിരിന്ദി സംസാരിച്ചുകൊണ്ടേയിരുന്നു. ഒന്നും മനസ്സിലാക്കാനാകാതെ ഞാന്‍ ഒപ്പം നടന്നു. ഗഡ്‌വാളിയും മലയാളിയും തമ്മില്‍ വിനിമയത്തിന്റെ വെളിച്ചമില്ലാത്ത കാട്ടിലകപ്പെട്ടതുപോലെ. പെട്ടെന്ന് ഞങ്ങള്‍ തമ്മിലുള്ള വിനിമയത്തിന്റെ വാതില്‍ തുറന്നു. ബിരിന്ദിയുടെ മുഖചലനങ്ങളും ആംഗ്യങ്ങളും ശ്രദ്ധിച്ചപ്പോള്‍ വിനിമയതടസ്സമില്ലാതെ സംഭാഷണം നടത്താന്‍ കഴിഞ്ഞു; രണ്ട് അന്യഭാഷകളില്‍-ഗഡ്‌വാളിയിലും മലയാളത്തിലും! ഒടുവില്‍ ഒരു മലവഴിയിലേക്ക് അപ്രത്യക്ഷയാകുന്നതിനുമുമ്പ് ബിരിന്ദി ഹര്‍ കി ദൂണിലേക്കുള്ള പാത വ്യക്തമാക്കിത്തന്നിരുന്നു.
നാനാവര്‍ണങ്ങളിലുള്ള കുഞ്ഞുകുഞ്ഞു പൂക്കള്‍ ഇരുപുറവും ചിതറിക്കിടക്കുന്ന ആ വഴിയിലൂടെ നടക്കുമ്പോള്‍ ബിരിന്ദിയെയും മറ്റ് ഇടയബാലകരെയും ഓര്‍ത്ത് ഒരു വിങ്ങല്‍ മനസ്സിലുണ്ടായി. കയ്യിലൊരു പാത്രമോ ഒരു കുഞ്ഞുപൊതിയോ പോലുമില്ലാതെ കാടലയുമ്പോള്‍, വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍, ഈ കുട്ടികള്‍ എന്തുചെയ്യും? ഏതിലയും മധുരിക്കുന്ന കാട്ടിലേക്കു തന്നെയാവുമോ ആട്ടിന്‍പറ്റവുമായുള്ള കുട്ടികളുടെ സഞ്ചാരം? ഒരസ്വസ്ഥതയുടെ നിഴല്‍വീണ മനസ്സുമായി കൂട്ടുകാരെത്താനായി ഞാന്‍ കാത്തുനിന്നു.
സ്വര്‍ഗ്ഗാരോഹിണിയുടെ മടിത്തട്ടിലേക്ക്
ഒരു ഉദ്യാനംപോലുള്ള ആ നിരപ്പില്‍ നിന്നാല്‍ ദൂരെ ഹിമശൈലങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നതുകാണാം. ഒട്ടേറെ അരുവികളുടെ തിളക്കം. ദൂരെ മലകളിലെ കൃഷിയിടങ്ങള്‍. മൃദുഗീതികളുതിര്‍ക്കുന്ന പക്ഷികളുടെ അദൃശ്യ സാന്നിധ്യവും കാട്ടുറോസാപ്പൂവിന്റെ പരിമളവും. അവിടെനിന്ന് ഒരു കയറ്റം കഴിഞ്ഞാല്‍പ്പിന്നെ ഒരു കൃഷിക്കളത്തിലൂടെയാണ് യാത്ര. പണിയെടുക്കുന്നവരെല്ലാം സ്‌ത്രീകളാണ്. കൈപ്പത്തിക്കുള്ളിലൊതുങ്ങുന്ന ചെറിയ മണ്‍തോണ്ടികൊണ്ട് അവര്‍ നിലമൊരുക്കുന്നു. ഒരു നര്‍ത്തകിയെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ് ഒരു സ്‌ത്രീ കള പറിച്ചുമാറ്റുന്നത്. (കാലുകളൊഴികെയുള്ള ശരീരം ഭൂമിക്കു സമാന്തരമായുള്ള അത്തരം ചലനങ്ങളുടെ വികസിതവും രൂപാധിഷ്‌ഠിതവുമായ വളര്‍ച്ചയില്‍ നിന്നായിരിക്കാം ഒരുപക്ഷേ നൃത്തരൂപങ്ങളുണ്ടായതെന്ന് അനുമാനിക്കാവുന്നതാണ്). കൃഷിയിടങ്ങള്‍ക്കു നടുവില്‍ ഒറ്റപ്പെട്ട കെട്ടിടങ്ങള്‍ കാണാം. ഒറ്റമുറിയുള്ള കെട്ടിടത്തിന് വലിപ്പമുണ്ടെങ്കിലും അതിന്റെ വാതില്‍ തീരെ ചെറുതാണ്. കൃഷിയിടത്തിലെ പെണ്‍കുട്ടികള്‍ പണിയായുധങ്ങള്‍ സൂക്ഷിക്കുന്നത് ഈ ധാന്യപ്പുരകളിലാണ്.
മലമടക്കുകള്‍ താണ്ടി വീണ്ടും ഉയരങ്ങളിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ, പിന്നാലെ വന്ന പല സംഘങ്ങളും ഞങ്ങള്‍ക്കൊപ്പമെത്തി. മുകളിലേക്കുള്ള കയറ്റം കൂടുതല്‍ കഠിനമായിത്തുടങ്ങി. ഉയര്‍ന്ന അന്തരീക്ഷനിലയിലെത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥകരമായ ലക്ഷണങ്ങള്‍ സഞ്ചാരികളില്‍ പ്രകടിതമായിത്തുടങ്ങി. ചിലര്‍ക്ക് മണ്ടയില്‍നിന്നുള്ള രക്തസ്രാവമുണ്ടായി. പലയിടത്തും വിശ്രമിച്ച് ഓരോ സംഘവും പ്രയാണം തുടര്‍ന്നു. വെണ്‍മയാര്‍ന്ന ആകാശത്തില്‍ ചുറ്റിയടിക്കുന്ന ഹിമാലയന്‍ കഴുകന്റെ നിഴല്‍ ഭൂമിയിലെ ഇലച്ചാര്‍ത്തുകളിലും അരുവിയിലും സഞ്ചരിക്കുന്നതു നോക്കി ഏറെ നേരം ഞങ്ങള്‍ ഒരിടത്ത് ഇരുന്നുപോയി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ കയറ്റം തീരുന്നിടത്ത് ദേവതാരുക്കളുടെ വിപുലമായ ഒരു നിര പ്രത്യക്ഷപ്പെട്ടു. ഒരു ഇടിമുരള്‍ച്ചയും പെട്ടെന്ന് പാറിപ്പോയ മഴയും. തുടര്‍ന്ന് ഒരു തുറസ്സിലേക്ക് എത്തിച്ചേര്‍ന്നു. ധവളിമയാര്‍ന്ന ഗിരിനെറുകകള്‍ വെയിലേറ്റു തിളങ്ങുന്നു. അതിലൊന്ന് സ്വര്‍ഗ്ഗാരോഹിണി കൊടുമുടി (6252 മീറ്റര്‍). പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനൊടുവില്‍ യുധിഷ്‌ഠിരന്‍ ഈ കൊടുമുടി കയറിയാണ് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതെന്ന് കഥയുണ്ട്. ഹര്‍ കി ദൂണിന്റെ മുഗ്‌ധതയില്‍ ലയിച്ച് ഒരു നിമിഷം നിശ്ശബ്‌ദം നിന്നുപോയി. ഗഡ്‌വാള്‍ ടൂറിസത്തിന്റെ റസ്റ്റ്‌ഹൗസും വനംവകുപ്പിന്റെ ഒരു മരക്കുടിലും അവിടെയുണ്ട്. പതിവുപോലെ വനംവകുപ്പിന്റെ താവളം ഞങ്ങള്‍ക്കു ലഭിച്ചു.
അവിടെനിന്ന് താഴേക്കിറങ്ങിയാല്‍ അതിവിശാലമായൊരു താഴ്‌വാരം കാണാം. മേഞ്ഞുനടക്കുന്ന ധാരാളം കുതിരകള്‍. ആ താഴ്‌വര ചുറ്റിയടിച്ച് തിരികെ മുകളിലെത്തി ചുറ്റും സഞ്ചരിക്കുമ്പോള്‍ സവിശേഷതയുള്ള ഒരു പാറ കണ്ടു. അതിന്റെ മേല്‍പ്പരപ്പ് ഒരു കൂടാരം പോലെ. ആട്ടിടയന്മാരുടെ ഒരു പകല്‍ത്താവളമാണവിടം. നൂറുകണക്കിന് ആടുകള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന ഇടം. അവിടെയിരുന്ന് ഞങ്ങള്‍ അസ്‌തമയം കണ്ടു. മഞ്ഞുമലയിലൂടെ സഞ്ചരിക്കുന്ന സൂര്യകിരണങ്ങള്‍ മലമുടിയില്‍ തുടുത്തു ചുവന്ന് ഒരു ഉലപോലെ തോന്നിച്ചു. പിന്നീട് മുകളില്‍ നിന്ന് ചുവപ്പഴിഞ്ഞ് വെള്ളനിറം പ്രത്യക്ഷമായിക്കൊണ്ടിരുന്നു-കനല്‍കെട്ട് ചാരമാകുന്നതിനെ അനുസ്‌മരിപ്പിച്ചുകൊണ്ട്.
പര്‍വ്വതച്ചരിവുകള്‍ താണ്ടി, സമതലത്തിലൂടെ ഗംഗ ഒഴുകിത്തുടങ്ങുന്നത് ഹരിദ്വാര്‍ മുതലാണ്. ഗംഗയുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഗംഗാ ആക്ഷന്‍ പ്ലാനിന്റെ (GAP) ഭാഗമായി നിര്‍മ്മിച്ച കനാലാണ് ഹരിദ്വാറില്‍ ഗംഗയായൊഴുകുന്നത്. [യഥാര്‍ത്ഥ ഗംഗ അവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ്.] ഇരുകരകളിലും ചങ്ങലകള്‍കൊണ്ട് സുരക്ഷിതമാക്കി സ്‌നാനഘട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗംഗാതീരത്തെ ഭജനമഠങ്ങള്‍, സന്യാസിമാര്‍, കച്ചവടക്കാര്‍... കാഴ്‌ചകളിലൂടെ ഒഴുകുമ്പോള്‍ ശ്രുതിമധുരമായ ഒരു വായ്‌പാട്ട്. ഒരു മരച്ചുവട്ടില്‍ വിവാഹത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി പാടിക്കൊണ്ടിരിക്കുന്നു. നന്നേ ചെറിയൊരു സംഘമാണ് ആ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഞങ്ങള്‍ ഗംഗയുടെ തണുപ്പില്‍ മുങ്ങിനിവര്‍ന്നു. ഹിമവല്‍സാനുക്കളുടെ വിരല്‍സ്‌പര്‍ശം! സന്ധ്യയായപ്പോള്‍ ഗംഗ കൂടുതല്‍ സജീവമായി. ഭിന്നമായൊരു ദൃശ്യപ്പൊലിമയിലേക്ക് അതു വളര്‍ന്നു. ഇലക്കുമ്പിളുകളില്‍ പൂവും ദീപവും നാണയവും വച്ച് ഒഴുക്കിവിടുന്ന ഭക്തര്‍. ദീപനാളങ്ങള്‍ നദി നിറഞ്ഞൊഴുകി. വെളിച്ചത്തില്‍ കുളിച്ച പട്ടണം നദിയില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.
സാംക്രിയിലേക്ക്
ഉത്തരഖണ്ഡിന്റെ വടക്കു-പടിഞ്ഞാറ് ദിക്കിലുള്ള ഹര്‍കിദൂണ്‍, പര്‍വത സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഹരിദ്വാറില്‍ നിന്ന് ഹൃഷീകേശ്-ദറാദൂണ്‍-നവ്‌ഗോണ്‍-പുരോലാ വഴിക്കുള്ള ആദ്യ ബസ് പുലര്‍ച്ചെ അഞ്ചരമണിക്കാണ്. ആ യാത്ര ഹിമാലയ ഭൂമിശാസ്‌ത്രത്തിന്റെ നഖചിത്രം നല്‍കുന്നതായിരുന്നു. യമുനാപ്പാലം പിന്നിട്ടശേഷമാണ് ഹിമാലയ മലനിരകളുടെ സ്വഭാവം വ്യക്തമായിത്തുടങ്ങുന്നത്. ഉന്നതിയിലേക്ക് നീണ്ടുപോകുന്ന നിരത്ത്. കൂറ്റന്‍ പര്‍വതങ്ങള്‍. ആറ്റുപാറകള്‍പോലെ ഉരുണ്ടു മിഴിവാര്‍ന്ന പാറക്കൂമ്പാരങ്ങള്‍ ചേര്‍ന്നുള്ള കൂറ്റന്‍ മലകളും വന്‍ശിലാപര്‍വതങ്ങളുമൊക്കെ അവയില്‍പ്പെടും.
ഉന്നതിയിലേക്കു പോകുന്തോറും അന്തരീക്ഷസ്ഥിതി മാറിക്കൊണ്ടിരുന്നു. ഉയരങ്ങളില്‍ മാത്രം കാണാറുള്ള വിശേഷപ്പെട്ട മരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആകര്‍ഷകമായ കൃഷിനിലങ്ങള്‍. ധൂളിപോലെ പെയ്യുന്ന മഴ. സ്ലേറ്റുകല്ലുകള്‍ പാകിയ മേല്‍ക്കൂരയുള്ള വീടുകള്‍. ആ മേല്‍പ്പുരകളില്‍ ഈര്‍പ്പം മുറ്റിനില്‍ക്കുന്നു. പുരോലയില്‍ ബസ്സിറങ്ങി, അടുത്ത ബസ്സില്‍ സാംക്രിയിലേക്ക് യാത്രതിരിച്ചു. ഹര്‍കിദൂണ്‍ യാത്രികര്‍ക്ക് ബസ്സില്‍ എത്തിച്ചേരാവുന്ന അവസാനത്തെ സ്ഥലമാണ് സാംക്രി. കടല്‍നിരപ്പില്‍ നിന്ന് 1450 മീറ്റര്‍ ഉയരത്തിലുള്ള സാംക്രിയില്‍ ഏതാനും കടകളും യാത്രികര്‍ക്കു തങ്ങാനുള്ള സംവിധാനവുമുണ്ട്. പര്‍വതാരോഹണത്തിനുള്ള സന്നാഹങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു ഫലകം സാംക്രിയിലുണ്ട്. അവിടെനിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള താലൂക്കായില്‍ എത്തുമ്പോള്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു. വനംവകുപ്പിന്റെ ഗസ്റ്റ്‌ഹൗസില്‍ രാത്രി തങ്ങിയിട്ട് രാവിലെ ട്രെക്കിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചു.
![]() |
| Pond at Taluka ട്രെക്കിംഗ് തുടങ്ങുന്നു |
ഹിമാലയന്‍ ഗ്രാമീണ ജീവിതത്തിന്റെ താളം യാത്രാത്തുടക്കം മുതല്‍ അനുഭവവേദ്യമായിരുന്നു. ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ട് പോകുന്ന ഇടയന്മാര്‍ക്കൊപ്പമാണ് താലൂക്കയില്‍ നിന്ന് പുറപ്പെട്ടത്. ഞങ്ങള്‍ എത്തിച്ചേര്‍ന്ന അടുത്ത ഗ്രാമം ഗംഗാഡ് ആയിരുന്നു. ഗ്രാമകവാടത്തിന് അരുകിലായി ഒരു തടിമില്ലുണ്ട്. പൂര്‍ണ്ണമായും ആള്‍ശേഷിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേര്‍ വീതമുള്ള സംഘം വാള്‍കൊണ്ട് വലിയ മരങ്ങളെ ചെറിയ കഷ്‌ണങ്ങളാക്കി മാറ്റുന്നു. മരത്തടിയില്‍ കയറുകെട്ടി, അതിനെ നെറ്റിയില്‍ ബന്ധിച്ച് ചുമന്നുമാറ്റുന്നതാണ് ഗഡ്‌വാളികളുടെ രീതി. കൃഷിയിടങ്ങള്‍ താണ്ടുമ്പോള്‍ പാടത്തിനക്കരെ ഒരു കെട്ടിടമുണ്ട്. അതില്‍ ധാന്യം പൊടിക്കുന്ന ഒരു ജലമില്ല് പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുനാല് സ്‌ത്രീകള്‍ അവിടെ പണിയിലേര്‍പ്പെട്ടിരിക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍നിന്ന് ഒരു ചാലിലൂടെ വെള്ളം കൊണ്ടുവന്ന് ചക്രം തിരിച്ചാണ് മില്ല് പ്രവര്‍ത്തിപ്പിക്കുന്നത്.

| Bridge at Sima |
| Osla village ബിരിന്ദി എന്ന പെണ്‍കുട്ടി |
നാനാവര്‍ണങ്ങളിലുള്ള കുഞ്ഞുകുഞ്ഞു പൂക്കള്‍ ഇരുപുറവും ചിതറിക്കിടക്കുന്ന ആ വഴിയിലൂടെ നടക്കുമ്പോള്‍ ബിരിന്ദിയെയും മറ്റ് ഇടയബാലകരെയും ഓര്‍ത്ത് ഒരു വിങ്ങല്‍ മനസ്സിലുണ്ടായി. കയ്യിലൊരു പാത്രമോ ഒരു കുഞ്ഞുപൊതിയോ പോലുമില്ലാതെ കാടലയുമ്പോള്‍, വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍, ഈ കുട്ടികള്‍ എന്തുചെയ്യും? ഏതിലയും മധുരിക്കുന്ന കാട്ടിലേക്കു തന്നെയാവുമോ ആട്ടിന്‍പറ്റവുമായുള്ള കുട്ടികളുടെ സഞ്ചാരം? ഒരസ്വസ്ഥതയുടെ നിഴല്‍വീണ മനസ്സുമായി കൂട്ടുകാരെത്താനായി ഞാന്‍ കാത്തുനിന്നു.
![]() |
| Har Ki Dun |
ഒരു ഉദ്യാനംപോലുള്ള ആ നിരപ്പില്‍ നിന്നാല്‍ ദൂരെ ഹിമശൈലങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നതുകാണാം. ഒട്ടേറെ അരുവികളുടെ തിളക്കം. ദൂരെ മലകളിലെ കൃഷിയിടങ്ങള്‍. മൃദുഗീതികളുതിര്‍ക്കുന്ന പക്ഷികളുടെ അദൃശ്യ സാന്നിധ്യവും കാട്ടുറോസാപ്പൂവിന്റെ പരിമളവും. അവിടെനിന്ന് ഒരു കയറ്റം കഴിഞ്ഞാല്‍പ്പിന്നെ ഒരു കൃഷിക്കളത്തിലൂടെയാണ് യാത്ര. പണിയെടുക്കുന്നവരെല്ലാം സ്‌ത്രീകളാണ്. കൈപ്പത്തിക്കുള്ളിലൊതുങ്ങുന്ന ചെറിയ മണ്‍തോണ്ടികൊണ്ട് അവര്‍ നിലമൊരുക്കുന്നു. ഒരു നര്‍ത്തകിയെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ് ഒരു സ്‌ത്രീ കള പറിച്ചുമാറ്റുന്നത്. (കാലുകളൊഴികെയുള്ള ശരീരം ഭൂമിക്കു സമാന്തരമായുള്ള അത്തരം ചലനങ്ങളുടെ വികസിതവും രൂപാധിഷ്‌ഠിതവുമായ വളര്‍ച്ചയില്‍ നിന്നായിരിക്കാം ഒരുപക്ഷേ നൃത്തരൂപങ്ങളുണ്ടായതെന്ന് അനുമാനിക്കാവുന്നതാണ്). കൃഷിയിടങ്ങള്‍ക്കു നടുവില്‍ ഒറ്റപ്പെട്ട കെട്ടിടങ്ങള്‍ കാണാം. ഒറ്റമുറിയുള്ള കെട്ടിടത്തിന് വലിപ്പമുണ്ടെങ്കിലും അതിന്റെ വാതില്‍ തീരെ ചെറുതാണ്. കൃഷിയിടത്തിലെ പെണ്‍കുട്ടികള്‍ പണിയായുധങ്ങള്‍ സൂക്ഷിക്കുന്നത് ഈ ധാന്യപ്പുരകളിലാണ്.
മലമടക്കുകള്‍ താണ്ടി വീണ്ടും ഉയരങ്ങളിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ, പിന്നാലെ വന്ന പല സംഘങ്ങളും ഞങ്ങള്‍ക്കൊപ്പമെത്തി. മുകളിലേക്കുള്ള കയറ്റം കൂടുതല്‍ കഠിനമായിത്തുടങ്ങി. ഉയര്‍ന്ന അന്തരീക്ഷനിലയിലെത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥകരമായ ലക്ഷണങ്ങള്‍ സഞ്ചാരികളില്‍ പ്രകടിതമായിത്തുടങ്ങി. ചിലര്‍ക്ക് മണ്ടയില്‍നിന്നുള്ള രക്തസ്രാവമുണ്ടായി. പലയിടത്തും വിശ്രമിച്ച് ഓരോ സംഘവും പ്രയാണം തുടര്‍ന്നു. വെണ്‍മയാര്‍ന്ന ആകാശത്തില്‍ ചുറ്റിയടിക്കുന്ന ഹിമാലയന്‍ കഴുകന്റെ നിഴല്‍ ഭൂമിയിലെ ഇലച്ചാര്‍ത്തുകളിലും അരുവിയിലും സഞ്ചരിക്കുന്നതു നോക്കി ഏറെ നേരം ഞങ്ങള്‍ ഒരിടത്ത് ഇരുന്നുപോയി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ കയറ്റം തീരുന്നിടത്ത് ദേവതാരുക്കളുടെ വിപുലമായ ഒരു നിര പ്രത്യക്ഷപ്പെട്ടു. ഒരു ഇടിമുരള്‍ച്ചയും പെട്ടെന്ന് പാറിപ്പോയ മഴയും. തുടര്‍ന്ന് ഒരു തുറസ്സിലേക്ക് എത്തിച്ചേര്‍ന്നു. ധവളിമയാര്‍ന്ന ഗിരിനെറുകകള്‍ വെയിലേറ്റു തിളങ്ങുന്നു. അതിലൊന്ന് സ്വര്‍ഗ്ഗാരോഹിണി കൊടുമുടി (6252 മീറ്റര്‍). പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനൊടുവില്‍ യുധിഷ്‌ഠിരന്‍ ഈ കൊടുമുടി കയറിയാണ് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതെന്ന് കഥയുണ്ട്. ഹര്‍ കി ദൂണിന്റെ മുഗ്‌ധതയില്‍ ലയിച്ച് ഒരു നിമിഷം നിശ്ശബ്‌ദം നിന്നുപോയി. ഗഡ്‌വാള്‍ ടൂറിസത്തിന്റെ റസ്റ്റ്‌ഹൗസും വനംവകുപ്പിന്റെ ഒരു മരക്കുടിലും അവിടെയുണ്ട്. പതിവുപോലെ വനംവകുപ്പിന്റെ താവളം ഞങ്ങള്‍ക്കു ലഭിച്ചു.
![]() |
| Svargarohini |
അവിടെനിന്ന് താഴേക്കിറങ്ങിയാല്‍ അതിവിശാലമായൊരു താഴ്‌വാരം കാണാം. മേഞ്ഞുനടക്കുന്ന ധാരാളം കുതിരകള്‍. ആ താഴ്‌വര ചുറ്റിയടിച്ച് തിരികെ മുകളിലെത്തി ചുറ്റും സഞ്ചരിക്കുമ്പോള്‍ സവിശേഷതയുള്ള ഒരു പാറ കണ്ടു. അതിന്റെ മേല്‍പ്പരപ്പ് ഒരു കൂടാരം പോലെ. ആട്ടിടയന്മാരുടെ ഒരു പകല്‍ത്താവളമാണവിടം. നൂറുകണക്കിന് ആടുകള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന ഇടം. അവിടെയിരുന്ന് ഞങ്ങള്‍ അസ്‌തമയം കണ്ടു. മഞ്ഞുമലയിലൂടെ സഞ്ചരിക്കുന്ന സൂര്യകിരണങ്ങള്‍ മലമുടിയില്‍ തുടുത്തു ചുവന്ന് ഒരു ഉലപോലെ തോന്നിച്ചു. പിന്നീട് മുകളില്‍ നിന്ന് ചുവപ്പഴിഞ്ഞ് വെള്ളനിറം പ്രത്യക്ഷമായിക്കൊണ്ടിരുന്നു-കനല്‍കെട്ട് ചാരമാകുന്നതിനെ അനുസ്‌മരിപ്പിച്ചുകൊണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ